X

‘കാഠ്മണ്ഠുവിലെ കുംഗ്ഫു ഭിക്ഷുണികള്‍’ ഭൂകമ്പത്തെ നേരിടുന്ന വിധം

രാമ ലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കാഠ്മണ്ഠുവിലെ പശ്ചിമ താഴ്‌വരയിലെ ബുദ്ധിസ്റ്റ് കന്യാമഠത്തിലെ ഭിക്ഷുണികള്‍ ഭൂകമ്പത്തില്‍ രക്ഷപ്പെട്ടത് ജനാലച്ചില്ലുകളിലൂടെ ചാടിയും ഇളകിയാടുന്ന വാതിലുകള്‍ തല്ലിപ്പൊളിച്ചും തകര്‍ന്ന് വീഴുന്ന കോണിപ്പടികള്‍ ചാടിക്കടന്നുമാണ്.

ഒന്നുമില്ലെങ്കിലും അവരറിയപ്പെടുന്നത് ‘കാഠ്മണ്ഠുവിലെ കുംഗ്ഫു ഭിക്ഷുണികള്‍’ എന്നാണല്ലോ. നാല് വര്‍ഷത്തോളമായി അവര്‍ ഈ മെയ് വഴക്കത്തിലും വേഗതയിലും പ്രതിരോധത്തിനായി പരിശീലിക്കുന്നു.

‘ഞങ്ങളാരും ഭയം കൊണ്ട് വിറച്ചിരിക്കുകയോ നിലവിളിച്ച് ഇരിക്കുകയോ ചെയ്തില്ല. തകരാന്‍ തുടങ്ങിയ ചുമര്‍ കഷ്ണങ്ങളിക്കിടയിലൂടെ ഞങ്ങള്‍ പെട്ടെന്ന് തന്നെ രക്ഷപ്പെടാന്‍ ശ്രമിച്ചു,’ ജിഗ്‌മെ കൊഞ്ചൊക് എന്ന 21കാരി ഭൂകമ്പത്തില്‍ തകര്‍ന്ന ഡ്രക് അമിതാഭ മൗണ്ടന്‍ കന്യാമഠത്തിലെ തങ്ങളുടെ കുംഗ്ഫു പരിശീലന കേന്ദ്രം കാണിച്ച് കൊണ്ട് പറഞ്ഞു. 

ഈ ഭിക്ഷുണികള്‍ ബുദ്ധിസ്റ്റ് മൊണാസ്ട്രികളിലെ ലിംഗപരമായ കീഴ്‌വഴക്കങ്ങളെ എതിര്‍ക്കാനായാണ് ഒരു വിയറ്റ്‌നമീസ് ഗുരുവിന്റെ പക്കല്‍ നിന്ന് കുംഗ്ഫു പഠിക്കാനാരംഭിച്ചത്. പിന്നീടവര്‍ ചൈനീസ് ആയോധന കല ധ്യാനത്തിനും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും സ്ത്രീ ശാക്തീകരണത്തിനുമൊക്കെ ഉപയോഗിക്കാന്‍ തുടങ്ങി.

ഇപ്പോഴവര്‍ ഈ കഴിവുകള്‍ 6800ലധികം പേരെ കൊന്ന ഭൂകമ്പത്തിലെ ഇരകള്‍ക്കാശ്വാസം പകരാനായി ഉപയോഗിക്കുകയാണ്. തങ്ങളുടെ ആശ്രമത്തിന്റെ തകര്‍ച്ചയില്‍ നിന്ന് മോചിതരായ ശേഷം പുറം ലോകത്തെ കടുത്ത നാശങ്ങളിലേക്കും മരണങ്ങളിലേക്കും അവര്‍ ശ്രദ്ധ തിരിക്കുകയായിരുന്നു.

‘സാമൂഹ്യ സേവനവും ഒരു തരത്തിലുള്ള ആത്മീയ പ്രവര്‍ത്തനമാണ്. ഞങ്ങളുടെ കരുത്തുറ്റ അവയവങ്ങള്‍ ഇപ്പോള്‍ മണിക്കൂറുകളോളമുള്ള കഠിനാദ്ധ്വാനത്തിനായി പരിശീലിക്കപ്പെട്ടിരിക്കുന്നു,’ കൊഞ്ചൊക് പറയുന്നു. അവര്‍ക്കാണ് കന്യാമഠത്തിലെ ഇന്റര്‍നെറ്റിന്റെയും ശബ്ദ സംവിധാനത്തിന്റെയും ചുമതല.

എല്ലാ ദിവസവും, മെറൂണ്‍ വസ്ത്രങ്ങളണിഞ്ഞ് ഇവര്‍ അടുത്തുള്ള ഗ്രാമങ്ങളിലേക്ക് പോകുകയും തകര്‍ന്ന വീടുകളില്‍ നിന്ന് അവശിഷ്ടങ്ങള്‍ മാറ്റുകയും വഴി നന്നാക്കുകയും ചെയ്യുന്നു. അരിയും ധാന്യങ്ങളും വിതരണം ചെയ്യുകയും രാത്രി കിടക്കാനുള്ള താവളമൊരുക്കുകയും ചെയ്യുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

നേപ്പാള്‍ ഇനിയൊരു കാല്പനിക സ്വപ്നമല്ല; ശാക്തികചേരികളുടെ കളിസ്ഥലം
ദുരന്തങ്ങളുടെ മുതലെടുപ്പുകാര്‍; മതം മുതല്‍ പലിശക്കാര്‍ വരെ
നേപ്പാളിലെ രാഷ്ട്രീയം, ചിതറിയ ആ രാജ്യത്തെ ഒരിക്കലും കോര്‍ത്തിണക്കില്ല
ദുരന്തത്തിന്റെ തുടര്‍ച്ചകളെ ഭയന്ന് നേപ്പാള്‍
നേപ്പാള്‍; ഈ ഇടനാഴിയില്‍ ആര് ആധിപത്യമുറപ്പിക്കും? ഇന്ത്യയോ ചൈനയോ

നേപ്പാള്‍: സ്വതവേ ദുര്‍ബല; അതിനുമേല്‍ ഭൂകമ്പത്തിന്റെ പ്രഹരവും

26 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ കന്യാമഠം പുരുഷന്മാര്‍ അധികാരമേറുകയും സ്ത്രീകള്‍ മറ്റ് ജോലികളെടുക്കുകയും ചെയ്യുന്ന ആശ്രമജീവിതത്തിന്റെ ലിംഗ അസമത്വങ്ങള്‍ക്ക് ഒരു വിപരീത ഉദാഹരണമാണ്. പകരം ഇവിടെ പ്രാര്‍ഥനയ്‌ക്കൊപ്പം തന്നെ ഇവര്‍ പുരുഷന്മാരുടെതെന്ന് പറയപ്പെടുന്ന ജോലികള്‍ പഠിക്കുന്നു, പ്ലംബിംഗ്, ഇലക്ട്രിക്കല്‍ ഫിട്ടിംഗ്, കമ്പ്യൂട്ടര്‍, സൈക്കിള്‍, ഇംഗ്ലീഷ് ഭാഷ തുടങ്ങിയവ.

‘പല ആശ്രമങ്ങളിലും സ്ത്രീകള്‍ക്ക് അധികാരത്തില്‍ ഒരു പങ്കും ഉണ്ടാകാറില്ല. ഞങ്ങളുടെ തന്നെ പല കുടുംബങ്ങളിലുമെന്ന പോലെ ഭിക്ഷുക്കള്‍ തീരുമാനങ്ങളെടുക്കുകയും ഭിക്ഷുണികള്‍ പാചകം, വൃത്തിയാക്കല്‍, വിളമ്പല്‍ തുടങ്ങിയ ജോലികളിലൊതുങ്ങി പോവുകയും ചെയ്യുന്നു,’ ജിഗ്‌മെ യെഷി ലാമോ എന്ന 26കാരിയായ ഭിക്ഷുണി പറയുന്നു. ഒരു ആശ്രമാധികാരി കൂടിയായ ഇവര്‍ ഒരു ദശാബ്ദം മുന്‍പ് ആശ്രമത്തില്‍ ചേരാനായി വീട് വിട്ട് ഇന്ത്യയില്‍ നിന്ന് വന്നതാണിവിടെ.

ശനിയാഴ്ച, ഇവര്‍ ഒരിക്കല്‍ നിര്‍മായ തമംഗിന്റെ വീടായിരുന്ന ഒരു കൂട്ടം അവശിഷ്ടങ്ങള്‍ക്കിടയിലിറങ്ങിച്ചെന്നു. പന്നിപ്പനിക്കെതിരെ മുഖം മൂടിയണിഞ്ഞ് തങ്ങളുടെ വെറും കൈകള്‍ കൊണ്ട്, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇവര്‍ പാചകം ചെയ്യുന്ന പാത്രങ്ങളും എണ്ണകളും വീണ്ടെടുത്തു.

‘എനിക്കെന്റെ മകളെയും ഭര്‍ത്താവിനെയും നഷ്ടമായി. എന്റെ വീട് തകര്‍ന്നു. എനിക്കൊന്നും അവശേഷിക്കുന്നില,’ ഒരു പിയര്‍ മരത്തിനു കീഴെ നിന്ന് തമംഗ് പറഞ്ഞു. ‘ഈ കുംഗ്ഫു ഭിക്ഷുണികള്‍ എന്റെ കുടുംബത്തില്‍ മുതിര്‍ന്നവരാരും ഇല്ലാത്തത് കൊണ്ട് എന്നെ സഹായിക്കാമെന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചിട്ടല്ല, അവരിങ്ങോട്ട് സ്വയം വന്നതാണ്.’

ഭിക്ഷുണികളെ സംബന്ധിച്ചിടത്തോളം സാമൂഹ്യ പ്രവര്‍ത്തനം അവരുടെ കുംഗ്ഫു പരിശീലനത്തിന്റെ ഒരു ഭാഗമാണ്.

‘കുംഗ്ഫു ആളുകളുമായി തല്ലുണ്ടാക്കാനോ അവരെ അക്രമിക്കാനോ അല്ല. മറിച്ച് പ്രശ്‌നങ്ങളെ നേരിടാന്‍ നിങ്ങളെ തയ്യാറാക്കുകയാണ്, ഈ ഭൂകമ്പം പോലെ,’ ലാമോ പറഞ്ഞു. ‘ഇതൊരു തരം ധ്യാനം കൂടെയാണ്. ഇത് നമ്മളെ കൂടുതല്‍ ശ്രദ്ധാലുക്കളും മനസ്സുറച്ചവരും വേഗതയേറിയ ശരീരമുള്ളവരും ആക്കുന്നു.’

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൂകമ്പത്തിനു ശേഷം ഇവര്‍ ആശ്രമത്തിലെ തകര്‍ന്ന സോളാര്‍ പാനലുകള്‍ നന്നാക്കുകയും മുന്‍വശത്തെ ടൈലുകള്‍ മാറ്റിയിടുകയും തകര്‍ന്ന ചുറ്റുമതില്‍ വീണ്ടും നിര്‍മിക്കാന്‍ തുടങ്ങുകയും ചെയ്തു. പകല്‍ സമയങ്ങളില്‍ മുതിര്‍ന്നവര്‍ ഭൂകമ്പത്തില്‍ മരണമടഞ്ഞ ഗ്രാമവാസികളുടെ ആത്മാക്കള്‍ക്കായി പ്രാര്‍ഥിക്കുന്നു. രാത്രിയായാല്‍ ചെറുപ്പകാരായാ ഭിക്ഷുണികള്‍ ടെന്റുകളില്‍ ഉറങ്ങുമ്പോള്‍ പോലും അവര്‍ തെരുവുകളില്‍ പെട്രോളിംഗ് നടത്തുന്നു.

‘ഒന്നും അനശ്വരമല്ലെന്നാണ് ഞങ്ങള്‍ പഠിച്ചിരിക്കുന്നത്,’ തകര്‍ന്ന കുംഗ്ഫു ഹാള്‍ നോക്കി നില്‍ക്കേ ലാമോ പറഞ്ഞു. ‘ഞങ്ങളുടെ സങ്കടം ഞങ്ങള്‍ക്ക് വളരെ പ്രിയങ്കരമായിരുന്ന ഈ ഹാള്‍ നശിച്ചതിലാണ്. എന്നാലും ഞങ്ങള്‍ക്ക് തലയ്ക്ക് മീതെ ഒരു കൂരയും കഴിക്കാന്‍ ഭക്ഷണവുമുണ്ട്. മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുന്നുമുണ്ട്. അത് വളരെ പ്രധാനമാണ്.’

 

This post was last modified on May 5, 2015 9:31 am