X

ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് യുവമോർച്ചയിൽ നിന്നും മാറ്റി; ഇനിയും പോസ്റ്റിടുമെന്ന് ലസിത പാലക്കൽ

തനിക്ക് പോരായ്മ ഉണ്ടായിരുന്നെങ്കിൽ അത് മുഖത്തു നോക്കി പറയാൻ നേതൃത്വത്തിന് സാധിക്കണമായിരുന്നെന്ന് ലസിത.

യുവമോർച്ചയുടെ ജില്ലാ സെക്രട്ടറി ആയിരുന്ന തന്നെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തതിനു പിന്നിൽ ഫേസ്ബുക്കിൽ പോസ്റ്റിടുന്നതാണെന്ന് ലസിത പാലക്കൽ. ഇതാണ് കാരണമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിലും പരസ്യപ്രതികരണം നടത്തുന്നത് ഇപ്പോഴാണെന്നും ലസിത പറഞ്ഞു.

താനിടുന്ന പോസ്റ്റുകൾ ‘സംഘർഷഭരിത’മാണെന്ന് കൂടെ പ്രവർത്തിക്കുന്ന ചിലർ നേതൃത്വത്തിന് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് തന്നെ മാറ്റിയതെന്ന് മനസ്സിലായെന്ന് ലസിത പറഞ്ഞു. ശരിയെന്ന് തോന്നുന്നത് പറയുന്നയാളാണ് താൻ. അത് ഇനിയും തുടരും. നിലവിൽ ഒരു സംഘടനയിലും ഭാരവാഹിത്വം ഇല്ലാത്തതിനാൽ ഫേസ്ബുക്കില്‍ പോസ്റ്റിടുന്നതിന് വിലക്കില്ലെന്നും ലസിത അറിയിച്ചു.

ഓർമ വെച്ച കാലം മുതൽ ഭഗവ ധ്വജത്തോട് (ആർഎസ്എസ്സിന്റെ കൊടി. മറാത്ത ദേശക്കാർ ഉപയോഗിച്ചു വന്നിരുന്ന കാവി നിറമുള്ള കൊടിയാണിത്) തനിക്ക് ആദരവുണ്ട്. അത് ജീവിതകാലം മുഴുവൻ തുടരുമെന്നും ലസിത വ്യക്തമാക്കി.

തനിക്ക് പോരായ്മ ഉണ്ടായിരുന്നെങ്കിൽ അത് മുഖത്തു നോക്കി പറയാൻ നേതൃത്വത്തിന് സാധിക്കണമായിരുന്നെന്ന് ലസിത പോസ്റ്റിനു താഴെയുള്ള കമന്റുകളിൽ വ്യക്തമാക്കി.

സംഘപരിവാറിന്റെ സോഷ്യൽ മീഡിയ മുഖങ്ങളിലൊന്നാണ് ലസിത പാലക്കൽ. ഇവരുടെ പല പോസ്റ്റുകളും വിവാദമായിരുന്നു.

പോസ്റ്റിന്റെ പൂർണരൂപം

യുവമോർച്ചയുടെ ജില്ലാസെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന ഒരു വ്യക്തി ആണ് ഞാൻ. ഒരു ദിവസം യാതൊരു അറിയിപ്പും ഇല്ലാതെ എന്നെ യുവമോർച്ച ഭരവാഹിത്വത്തിൽ നിന്നും മാറ്റി എന്ന് ആരൊക്കെയോ പറഞ്ഞതായി ഞാൻ കേട്ടു. എന്നെ പോലെ തന്നെ പലർക്കും അറിയില്ലായിരുന്നു എന്താണ് കാരണം എന്ന്. ഏതായാലും അല്പം വൈകി എങ്കിലും കാരണം ഞാൻ അറിഞ്ഞിരിക്കുന്നു. ഇന്ന് വരെ ഒരു പരസ്യ പ്രതികരണത്തിന് ഞാൻ ശ്രമിച്ചിട്ടില്ല. എന്നാൽ ഇതാദ്യമായി ഞാൻ എല്ലാവരെയും അറിയിക്കുന്നു….

ഞാൻ ഇടുന്ന പോസ്റ്റുകൾ സംഘർഷഭരിതം ആണെന്ന് എന്റെ കൂടെ പ്രവർത്തിച്ചിരുന്ന ചിലർ നേതൃത്വത്തിന് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ആണത്രേ എന്നെ മാറ്റിയത്. അതായത് യുവമോർച്ചയുടെ പരിപാടിയിൽ പങ്കെടുക്കാത്തതിനോ മറ്റു സംഘടനാ ചുമതല ഉത്തരവാദിത്യത്തോട് കൂടി നിർവഹിക്കാത്തതിനോ അല്ല മറിച്ച് സോഷ്യൽ മീഡിയയയിൽ പോസ്റ്റ് ഇടുന്നത് കൊണ്ടാണ് മാറ്റി നിർത്തിയത് എന്നാണ് ഔദ്യോഗിക വിശദീകരണം…

ഇന്ന് എനിക്ക് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിന് വിലക്കില്ല.കാരണം ഞാൻ ഇന്ന് ഒരു സംഘടനയിലും ഭാരവാഹിത്വം വഹിക്കുന്ന ആളല്ല. എനിക്കു ശരി എന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നു പറയുന്ന ശീലം ആണ് പണ്ടേ. അത് ഇനിയും ഉണ്ടാകും.

ഓർമ വച്ച കാലം മുതൽ ആവേശം കാവിയോടാണ് ആദരം ഭഗവ ധ്വജത്തോടാണ്. അത് ജീവിതകാലം മുഴുവനും തുടരുകയും ചെയ്യും.

എന്തായാലും എന്നെ ഇത്രയും കാലം ആത്മാർത്ഥമായി പിന്തുണച്ച യുവമോർച്ചയുടെ നേതാക്കളോടും പാർട്ടിയിലെ നേതാക്കളോടും നന്ദി അറിയിക്കുന്നു എന്ന് ലസിതാ പാലക്കൽ

This post was last modified on June 4, 2018 8:22 am