ദീപക് ശങ്കരനാരായണന്‍
സോഷ്യൽ മീഡിയക്കാലത്തെ മംഗലശ്ശേരി നീലകണ്ഠൻ ചാർലിയിൽ സമാസമം മിക്സ് ചെയ്തത്. ഒറ്റ ആർക്കിടൈപ്പേയുള്ളൂ രഞ്ജിത്തിന്റെ എല്ലാ നായകൻമാർക്കും, അത് മംഗലശ്ശേരി നീലകണ്ഠനാണ്. ആറടി മണ്ണുപോരേടോ വാര്യരേ എനിക്ക് നീണ്ടുനിവർന്നുകിടക്കാൻ എന്ന് ജഡ്ജിയേമാന്റെ തലതിരിഞ്ഞ അതേ മകൻ ഇവിടെയും. ദേവാസുരത്തിലെ ഇന്നസെന്റിനുപകരം വിജയരാഘവൻ. സുഭദ്രയാഭിനയിച്ച ചിത്രക്കുപകരം പല ചിത്രമാർ. വള്ളുവനാട്ടിൽനിന്ന് കോട്ടയത്തേക്ക് ലൊക്കേഷൻ മാറിയിട്ടുണ്ട്. നായർ തോമാശ്ലീഹ മാമോദീസ മുക്കിയ നമ്പൂരിപ്പരമ്പരമ്പരയിൽപ്പെട്ട കൃസ്ത്യാനിയായിട്ടുണ്ട്. ദേവാസുരത്തിൽ നായകന്റെ ഡിക്ലൈനിങ് എകണോമിയെപ്പറ്റി സൂചനകളുണ്ടെങ്കിൽ ഇതിലങ്ങനെ ഒന്നില്ല, റിസർവ് ബാങ്കിന്റെ കറൻസി ചെസ്റ്റ് വീടിന്റെ തട്ടുമ്പുറത്താണെന്ന് തോന്നും സ്പെൻഡിങ് പാറ്റേൺ കണ്ടാൽ. കണക്കിൽ വിശ്വാസമില്ല, പോസ്റ്റ്‌മോഡേണിസ്റ്റായിരിക്കണം. ബാക്കിയൊക്കെ ഒന്നുതന്നെ. നായകൻ ഷണ്ഡനാണെന്ന് ചെറിയ സൂചനകളുണ്ടെങ്കിലും അത് തീരെ പൊലിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.
പേരുകേട്ട ജഡ്ജിയുടെ പണവും പ്രശസ്തിയും മുടിപ്പിക്കാനിറങ്ങിയ താന്തോന്നിയായ മകൻ. വഴീക്കൂടെ പോകുന്നവനെ ചുമ്മാ പിടിച്ചു തല്ലുന്നില്ല എന്നുമാത്രം. ദേവാസുരത്തിന്റെപ്പോലെ ഗ്ലോബലൈസേഷൻ ശൈശവകാലമല്ലാ, ഇന്നത്തെ നിയോലിബറൽ പൂക്കാലത്ത് ക്യാപ്പിറ്റലിസം ആ പരിപാടി സമ്മതിക്കില്ല. മദ്ധ്യവർഗ്ഗത്തിന് പർച്ചേസ് പവർ ഉള്ളിടത്തൊക്കെ ക്യാപിറ്റലിസം ലോകം മുഴുവൻ ഫ്യൂഡൽ മൂല്യങ്ങളെ, അതിന്റെ അധികാരങ്ങളെ, എടുത്ത് കൊട്ടയിലിടും. മാർക്കറ്റ് എക്സ്പാൻഷന് വേറെ വഴിയില്ല. പത്ത് ഫ്യൂഡലിസ്റ്റുകൾക്ക് മാത്രം വിൽക്കാൻ പ്രോഡക്ടുണ്ടാക്കിയിരുന്ന കമ്പനികളൊക്കെ എന്ന് പൂട്ടും എന്ന അവസ്ഥയിലാണ്. മാസിനെ ടാർഗെറ്റ് ചെയ്തേ പറ്റൂ. ഒരു മെച്വർ ക്യാപിറ്റലിസ്റ്റ് സമൂഹത്തിൽ നടക്കുന്ന കാര്യമല്ല ഫ്യൂഡൽ സാഡിസം. അവരെ തൂക്കാൻ നമ്മൾ കരുതിവക്കുന്ന കയറുവരെ അവർ നമുക്ക് വിൽക്കും എന്ന് ലെനിൻ പറഞ്ഞതുപോലെ രഞ്ജിത്തിനെയും മുന്നറിയിപ്പിന്റെയും ചാർലിയുടെയും തിരക്കഥയുടെ പുറത്ത് ആർ ഉണ്ണിയെയും വലിച്ചുകീറിയിട്ട അതേ സോഷ്യൽമീഡിയയിലെ മീമുകൾ അവർ ഈ സിനിമയിൽ തലങ്ങും വിലങ്ങും എടുത്ത് വിൽക്കുന്നുമുണ്ട്.
കാലത്തിനോട് മുട്ടിനിൽക്കാൻ ശകലം ചാർലി മിക്സ് ചെയ്തിട്ടുണ്ട്. നായകൻ പതിവുപോലെ എക്സൻട്രിക്കാണ്. സത്യത്തിൽ ഇവരൊക്കെ ജീവിതത്തിൽ ഒരു എക്സെൻട്രിക്കിനെ കണ്ടിട്ടുണ്ടോ എന്ന് സംശയം തോന്നും, ഖസാക്കിലെ രവിയാണ് സംസ്കാരമലയാളത്തിലെ എല്ലാ എക്സെൻട്രിക്കുകളുടെയും ആർകിടൈപ്. ഒരു നായരെ കഷ്ടപ്പെട്ട് വില്ലനാക്കി പൊളിട്ടിക്കലി കറക്റ്റാക്കാനൊക്കെ നോക്കിയിട്ടുണ്ട്. (എന്നിട്ട് നല്ല നായർ ഇങ്ങനെ ചെയ്യില്ല എന്ന് വേറൊരു നായരെക്കൊണ്ട് പറയിപ്പിക്കുന്നുമുണ്ട്) വി കെ ശ്രീരാമന്റെ ‘വേറിട്ട് കാഴ്ചകളി’ലെ കഥാപാത്രങ്ങളെപ്പോലെ കഷ്ടപ്പെട്ട് വ്യത്യസ്തരാവാൻ സംവിധായകനും തിരക്കഥാകൃത്തും മെനക്കെടുന്നുണ്ടെങ്കിലും വെളിവാകുന്നത് മരുന്നില്ലായ്മയാണ്. ഓന്തോടിയാൽ ചന്ദ്രനിലൊന്നും എത്താൻ പോണില്ലല്ലോ, കൂടിയാൽ രഞ്ജിത്ത് പോകുന്ന വേലിവരെയൊക്കെത്തന്നെ ഈ സിനിമയും പോകുന്നുണ്ട്.
രഞ്ജിത്തിന്റെ സിനിമ അയാളുടെ പെർവെർഷന്റെ ഫിലിമിങ്ങാണെന്ന് പണ്ടെന്നോ ഇവിടെ പറഞ്ഞിരുന്നു. ഈ സിനിമയിൽ പെർവെർഷനാണ് norm. വെറുതെയാവില്ല ഉണ്ണി ആറിന്റെ കഥ കണ്ടപ്പഴേ രഞ്ജിത് ചാടി വീണത്. പെണ്ണുങ്ങളുടെ നെഞ്ചിന്റെ ആംഗിളിൽ മാത്രം കണ്ണുതുറക്കുന്ന ക്യാമറമുതൽ നടിമാരിലും വാക്കിലും നോക്കിലും നിറഞ്ഞുതുളുമ്പുന്ന പെർവെർഷൻ (‘ലോഹ’ത്തിൽ ഒരു പെൺകുട്ടിയുടെ നെഞ്ചത്ത് വെടലനോട്ടം നോക്കി “സാനിയ മിഴ്സക്ക് കോംപറ്റീഷനാവുമോ” എന്ന് മോഹൻലാലിനെക്കൊണ്ട് ചോദിപ്പിക്കുന്ന സീനിന്റെ ഓക്കാനം ഇപ്പോഴും മാറിയിട്ടില്ല). ഇനി വാദത്തിനുവേണ്ടി നായകൻ ശകലം വശപ്പെശകാണെന്ന് സമ്മതിക്കാമെങ്കിൽത്തന്നെ ഒരു ആർക്കിടെക്ചറിലെ സകല എലെമെന്റും പെർവെർഷന്റേതാകുന്നത്, നായകനോ ഏതാനും കഥാപാത്രങ്ങളോ എന്ന നിലവിട്ട് സിനിമമൊത്തം അതിൽ അഭിരമിക്കുന്നത്, അശ്ലീലമാണ്. പെർവെർഷൻ നായകന്റെ കഥാപാത്രക്കാഴ്ച എന്നതിനപ്പുറത്ത് സിനിമയുടെ നറേറ്റീവുതന്നെയാൺ ഇതിൽ. ഈറോട്ടിക്ക വേണമെങ്കിൽ ഒറ്റ സെർച്ചിൽ വയറുനിറയുന്ന കാലത്ത് ഇജ്ജാതി വെർബൽ-വിഷ്വൽ ഈറോട്ടിക്ക അസഹ്യമാണ്.
പറയുമ്പോൾ എല്ലാം പറയണമല്ലോ. രണ്ടുപേരുടെയും പതിവിൽനിന്ന് വ്യത്യസ്തമായി ആഴമുള്ള ഒരു സൂചന ഈ സിനിമയിലുണ്ട്. അത് രണ്ട് സ്പീഷിസുകൾക്കുള്ളിലെ സെക്ഷ്വൽ ജെലസിയാണ്. അധികാരവും ലൈംഗികതയും രണ്ടും ചേരുമ്പോഴുള്ള വയലൻസും ഒക്കെച്ചേർന്ന ഒന്ന്. ചക്ക വീണപ്പോൾ ചത്ത മുയലാവാനാണ് സാദ്ധ്യത. കോംപൻസേയ്റ്റ് ചെയ്യാനാവണം, ഗബ്രിയേൽ ഗാർഷ്യാ മാർകേസ് എന്നൊക്കെ വെറുതേ നായകനെക്കൊണ്ട് ആർ ഉണ്ണി പറയിപ്പിക്കുന്നുണ്ട്. എങ്ങാനും താൻ വെറുമൊരു തിരക്കഥാകൃത്തല്ലെന്നും തിരക്കഥ തനിക്ക് ശരിക്കുമുള്ള കലയെ ഉപാസിക്കാനുള്ള സാമ്പത്തികസ്ഥിരതക്കുള്ള ഒരു കോംപ്രമൈസ് മാത്രമാണെന്നും പ്രാഥമികമായി താനൊരു ബുദ്ധിജീവിയാണെന്നും ആളുകൾ മറന്നുപോയാലോ?!
പൊളിറ്റിക്കലി വിമർശിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. തുടങ്ങിയാൽ ആ കിണറിന്റെ അടിത്തട്ട് കാണില്ല, അജ്ജാതി ആഴമാണ്. മുൻഗണനാക്രമത്തിൽ ഏഷ്യാനെറ്റിലെ സീരിയലുകളാൺ ആദ്യം. സകല സീരിയലുകളുടെയും പൊളിറ്റിക്കൽ വിമർശനം കഴിഞ്ഞ് പിറ്റേന്ന് ഇതെടുക്കുന്നതായിരിക്കും!
എന്നാലും മിനിമം ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ എനിക്കുറങ്ങാൻ പറ്റില്ല സുഹൃത്തുക്കളേ. ഉണ്ണി ആർ ആറെസ്സെസ്സിന്റെ ശാഖേൽപ്പോക്ക് നിർത്തീന്നേയുള്ളൂ, തലക്കകത്ത് ശാഖ തകർത്തുപെയ്യുകയാണ്, നമസ്തേ സദാവത്സലേ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. വേശ്യാവൃത്തിയിൽനിന്ന് വിരമിച്ച സ്ത്രീകൾക്ക് സ്വീകരണം കൊടുത്തുകൊണ്ട് ചോദിക്കുന്നത് “ഇവർ, അഴിമതി നടത്തിയിട്ടില്ല, മോഷ്ടിച്ചിട്ടില്ല, മതപരിവർത്തനം നടത്തിയിട്ടില്ല” എന്നാണ്. സംഗതി അടുത്ത തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അധികാരത്തിൽ വരണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്ന് പത്രത്തിൽ കണ്ടു. അല്ലെങ്കിലും ഒരുമാതിരി മലയാളസാഹിത്യകാരന്മാർക്കൊക്കെ പത്തുകൊല്ലം കൂടുമ്പോൾ ഇടതുപക്ഷം ജയിക്കണമെന്ന ആഗ്രഹം വരും!
എഡിറ്റ്:- ഈ സിനിമയോടുള്ള വിയോജിപ്പ് അതിന്റെ ആൺപക്ഷനിലപാടിലല്ല. ഏത് പക്ഷത്തുനിന്ന് സിനിമയെ കാണണമെന്നത് സൃഷ്ടാക്കളുടെ സ്വാന്തന്ത്ര്യമാണ്, അതിൽ മറ്റാർക്കും കാര്യമില്ല. വ്യക്തിപരമായി ഇതെഴുതുന്നവനും ആണിന്റെ എന്നുമാത്രം പറയാവുന്ന വ്യക്തിജീവിതം ജീവിക്കുന്നവനാണ്. ഒരു പെൺകാഴ്ച അസാദ്ധ്യമാവും വിധം മിക്കവാറും അടഞ്ഞതാണ് അതിലേക്കും പുറത്തേക്കുമുള്ള വാതിലുകൾ. ആരെങ്കിലും നിങ്ങൾ ഒരു പുരുഷജീവിതം നയിക്കുന്നവനാണ് എന്ന് പറയുന്ന പക്ഷം അതൊരു ആരോപണമാണെന്ന് കരുതാൻ നിർവ്വാഹമില്ല, തികച്ചും ഒരു വസ്തുതയാണത്.
പ്രശ്നം സിനിമ മുന്നോട്ടുവക്കുന്നത് ആൺകാഴ്ചയാണെന്നതല്ല, ആ ആൺകാഴ്ച കപടമാണെന്നതാണ്. പുരുഷന്റെ ആനന്ദങ്ങൾ സ്ത്രീയും മദ്യവുമാണെന്ന പെർവെർഷനാണ് രഞ്ജിത്തിന്റെ ഓരോ സിനിമയുടെയും അടിസ്ഥാനം. പോയി പണിനോക്കാൻ പറയുകയേ നിവർത്തിയുള്ളൂ.
(ദീപക് ശങ്കരനാരായണന്‍ ഫേസ്ബുക്കില്‍ എഴുതിയത്)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
This post was last modified on April 23, 2016 11:26 am
Leave a Comment