X

ചരിത്രത്തില്‍ ഇന്ന്: ഡാവിഞ്ചിയുടെ കയ്യെഴുത്ത് പുസ്തകം വിറ്റു പോകുന്നു, ഉത്തര കൊറിയ ഉപഗ്രഹവിക്ഷേപണം നടത്തുന്നു

1980 ഡിസംബര്‍ 12
ലിയനാര്‍ഡോ ഡാവിഞ്ചിയുടെ കയ്യെഴുത്ത് പുസ്തകം വിറ്റു പോകുന്നു

വിഖ്യാത ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചി ഉപയോഗിച്ചിരുന്ന കയ്യെഴുത്ത് പുസ്തകം 1980 ഡിസംബര്‍ 12 ന്  അര്‍മാന്‍ ഹമ്മര്‍ എന്ന എണ്ണവ്യവസായ ഭീമന്‍ സ്വന്തമാക്കി. 51,26000 ഡോളറാണ് ഹമ്മര്‍ ഇതിനായി ചെലവഴിച്ചത്.1500 കളില്‍ ഡാവിഞ്ചി ഉപയോഗിച്ചിരുന്നതാണ് ഈ കയ്യെഴുത്ത് പുസ്തകം. തവിട്ട് നിറത്തിലുള്ള മഷികൊണ്ട് വലത്തു നിന്ന് ഇടത്തേക്ക് ആയിട്ടാണ് ഡാവിഞ്ചി ഇതില്‍ എഴുതിയിരിക്കുന്നത്.

ഓക്‌സിഡന്റല്‍ പെട്രോളിയം കോര്‍പ്പറേഷന്റെ പ്രസിഡന്റായിരുന്നു അര്‍മാന്‍ ഹമ്മര്‍. 1990 ല്‍ അദ്ദേഹം അന്തരിച്ചു. ഹമ്മറിന്റെ മരണശേഷം ഈ കയ്യെഴുത്ത് പുസ്തകം ലോസ് ഏഞ്ചല്‍സിലുള്ള കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയുടെ അര്‍മാന്‍ ഹമ്മര്‍ മ്യൂസിയം ഓഫ് ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിലേക്ക് മാറ്റി.

2012 ഡിസംബര്‍ 12
ഉത്തര കൊറിയയുടെ ആദ്യത്തെ ഉപഗ്രഹ വിക്ഷേപണം

ഉത്തരകൊറിയയുടെ ആദ്യത്തെ ഉപഗ്രഹ വിക്ഷേപണം നടക്കുന്നത് 2012 ഡിസംബര്‍ 12 നായിരുന്നു. ക്വാങ്‌മ്യോങ്‌സോങ്-3 എന്നായിരുന്നു അവര്‍ ഈ ഉപഗ്രഹത്തിന് നല്‍കിയ പേര്. ബ്രൈറ്റ് സ്റ്റാര്‍-3 എന്നായിരുന്നു ഇംഗ്ലീഷിലുള്ള പേര്. അതേ വര്‍ഷം തന്നെ മറ്റൊരു വിക്ഷേപണ ശ്രമം ഉത്തരകൊറിയ നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. തുടര്‍ന്നായിരുന്നു ബ്രൈറ്റ് സ്റ്റാറിന്റെ വിക്ഷേപണം. എന്നാല്‍ കൊറിയയുടെ ഉപഗ്രഹ വിക്ഷേപണത്തെ യു എന്‍ സുരക്ഷാ കൗണ്‍സില്‍ വിമര്‍ശിക്കുകയുണ്ടായി. നിരോധനങ്ങളെ മറികടന്ന് ബാലസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് ഉത്തരകൊറിയ തയ്യാറായായിരുന്നു. ബാലസ്റ്റിക് മിസൈലിന്റെയും ഉപഗ്രഹ വിക്ഷേപണത്തിനുള്ള റോക്കറ്റിന്റെയും സാങ്കേതിക വിദ്യകള്‍ ഒന്നു തന്നെയായിരുന്നു.

സ്വന്തമായി ഉപഗ്രഹവിക്ഷേപണം നടത്തുന്ന ലോകത്തിലെ പത്താമത്തെ രാജ്യമായി മാറുകയായിരുന്നു ഈ വിക്ഷേപണത്തോടെ ഉത്തരകൊറിയ. ഈ വിക്ഷേപണത്തിനു പിന്നാലെ തങ്ങള്‍ രണ്ടു തവണകൂടി വിജയകരമായി ഉപഗ്രഹവിക്ഷേപണം നടത്തിയെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടെങ്കിലും ഇന്റര്‍നാഷണല്‍ സ്‌പേസ് ബോഡി ഈ അവകാശവാദം തള്ളി.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

This post was last modified on December 12, 2014 9:30 am