X

മനുഷ്യത്വത്തെക്കാള്‍ വലുതല്ല സാംസ്‌കാരിക പാരമ്പര്യം

മഡോണ തച്ചില്‍

പ്രിയപ്പെട്ട നാട്ടുകാരെ,

ഞാന്‍ ഒരു തൃശൂരുകാരിയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ; അതായത്, ആനകളോടു മനുഷ്യര്‍ കാണിക്കുന്ന ക്രൂരതകള്‍, അവ അനുഭവിക്കുന്ന ‘മൃഗാവകാശ ലംഘനങ്ങള്‍’, അതിനോടനുബന്ധിച്ചുള്ള നിയമ ലംഘനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയെ പറ്റി കുറച്ചെങ്കിലും മനസ്സിലാക്കുന്നതുവരെ, പൂരത്തിനും പെരുന്നാളിനും എഴുന്നള്ളിച്ചു കൊണ്ട് വരുന്ന ആനകളെ ഫാന്‍സ് അസോസിയേഷന്‍കാര്‍ നായകനെ എന്നപോലെ ഞാനും ഇഷ്ടപ്പെട്ടിരുന്നു. എന്റെ ഗൃഹാതുര സ്മരണകളിലെല്ലാം ആനയും വെടിക്കെട്ടും പൂരവും പെരുന്നാളുമെല്ലാം കാല്പനികതയോടെ കടന്നു വന്നിരുന്നു. ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. വെടിക്കെട്ടില്‍ അപകടമുണ്ടെങ്കിലും അനിഷ്ടമൊന്നും സംഭവിക്കാതെ എല്ലാം വേണ്ട പോലെ നടക്കും എന്ന ശുഭാപ്തി വിശ്വാസം, വെടിക്കെട്ടില്ലെങ്കില്‍ ഉണ്ടാകാവുന്ന ‘പൊലിമയില്ലായ്മ’, പൊങ്ങച്ചം, വെടിക്കെട്ട് നടക്കുന്നിടത്തെ പരിസരവാസികളെ കുറിച്ച് തികച്ചും നിരുത്തരവാദിത്വപരമായ ചിന്തയില്ലായ്മ ഇതൊക്കെകൊണ്ട്, ലജ്ജയോടെ പറയട്ടെ, വെടിക്കെട്ടോ ആനയോ ഇല്ലാത്ത പൂരങ്ങളോ പെരുന്നാളുകളോ അചിന്തനീയമായിരുന്നു.

എങ്കിലും സ്വന്തം കാല്പനികത സ്വയമോ അപരനോ ബുദ്ധിമുട്ടുണ്ടാക്കുന്നിടത്ത് അവസാനിക്കണം. അല്ലെങ്കില്‍ അവസാനിപ്പിക്കാന്‍ കഴിയണം. ഇങ്ങനെയൊക്കെയാണ് നമ്മള്‍ സംസ്‌കൃതചിത്തരാകുന്നതെന്റെ നാട്ടുകാരേ… 114 മരണങ്ങള്‍, മരിക്കാതെ മരിച്ചുകൊണ്ടിരിക്കുന്ന മുന്നൂറിലേറെ പേര്‍, കണ്ടും കേട്ടും മാനസികാഘാതങ്ങളെറ്റ ആയിരത്തില്‍പരം വരുന്ന കുട്ടികളും മുതിര്‍ന്നവരും, മുറിപ്പാടുകള്‍ ആജീവനാന്തം ഹൃദയത്തില്‍ കൊണ്ടു നടക്കേണ്ടിവരുന്ന രക്ഷപ്രവര്‍ത്തകരുള്‍പ്പെടുന്ന ജനങ്ങള്‍, സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക ആഘാതങ്ങള്‍, അകവും പുറവും വേവുന്ന പുറ്റിങ്ങല്‍. ഇവയ്‌ക്കൊന്നും തൊടാന്‍ പറ്റാത്തത്ര ഉയരത്തിലാണ് എന്റെ നാടിന്റെ സാംസ്‌കാരിക പാരമ്പര്യമെങ്കില്‍, ആ വേദനയില്‍ പങ്കുചേരാതിരിക്കലാണ് സാംസ്‌കാരിക തലസ്ഥാനത്തിന്റെ നാഗരികതയെങ്കില്‍ ഞാന്‍ തലതാഴ്ത്തുന്നു. മനുഷ്യത്വത്തെക്കാള്‍ വലിയ സാംസ്‌കാരിക പാരമ്പര്യം എന്താണുള്ളത്? എന്തുകൊണ്ടാണ് നിയമങ്ങള്‍ക്കു വിധേയമായി, ഈ പറയപ്പെടുന്ന ‘സാംസ്‌കാരിക പാരമ്പര്യ’ത്തെ മാറ്റിയെടുക്കാന്‍ കഴിയാത്തത്? എന്തിനാണ് നിയമ നിരാസമോ ഇളവോ ആവശ്യപ്പെടുന്നത്? തികഞ്ഞ ധാര്‍ഷ്ട്യമല്ലാതെ മറ്റെന്താണത്?

മദ്യത്തെ സാമൂഹിക-സാമ്പത്തിക വിപത്തെന്ന രീതിയില്‍ നോക്കുകയാണെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ അതുപോലെയോ അതിനുമേലെയോ ഉള്ള സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക വിപത്താണ്. എന്നിട്ടും എന്തുകൊണ്ടാണ് മദ്യനിരോധനം എന്ന് മുറവിളി കൂട്ടുന്നവര്‍ ഇത്തരം ആഘോഷങ്ങളെ തുണയ്ക്കുന്നത്? ഞങ്ങള്‍ ‘ഇന്നത്’ ചെയ്യുമ്പോള്‍ ‘അവര്‍’ ഞങ്ങളെ സഹായിക്കാറുണ്ട്. അതുപോലെ അവര്‍ ‘ഇങ്ങനെ’ ചെയ്യുമ്പോള്‍ ഞങ്ങളും സഹായിക്കുന്നു എന്ന simple logic വച്ചാണോ? എങ്ങനെയാണിവര്‍ കോടതികളെ ബോദ്ധ്യപ്പെടുത്തുന്നത്? ഇപ്പോള്‍ മനസ്സിലാകുന്നു ഇത്തരം ദുരന്തങ്ങളില്‍ നമ്മള്‍ കുറ്റപ്പെടുത്തേണ്ടത് രാഷ്ട്രീയക്കാരെയോ മതാധ്യക്ഷന്മാരെയോ ബ്യൂറോക്രസിയെയോ അല്ല. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ജനത്തെയാണ്. ഏതു ദുരന്തത്തിന് മുകളിലും ഞങ്ങള്‍ക്ക് രസിക്കാന്‍, ഞങ്ങളുടെ താന്‍പോരിമയ്ക്ക് മാറ്റുകൂട്ടാന്‍ ആന വേണം, കാതടപ്പിക്കുന്ന വെടിക്കെട്ട് വേണം എന്ന പൊതുബോധം പറയുമ്പോള്‍ ആ ഭൂരിപക്ഷത്തെ പ്രീണിപ്പിച്ചു കൂടെ നിര്‍ത്താന്‍ ഏതു രാഷ്ട്രീയക്കാരനും മതദ്ധ്യക്ഷനും ശ്രമിക്കും. എല്ലാം മറന്ന് വെടിക്കെട്ട് ആസ്വദിച്ചവരും അതിനായി ഇനിയും കാത്തിരിക്കുന്നവരും എല്ലാം ആ പൊതുബോധത്തിന്റെ ഭാഗമാണ്. വാദ്യകലാകാരന്മാര്‍ തൃശ്ശൂര്‍പൂരം എന്ന സാംസ്‌കാരിക ഉത്സവം ആചാരപ്രകാരം കണിശ്ശമായി നടത്തേണ്ടതിനെ പറ്റി ഘോരഘോരം പറയുമ്പോള്‍, ആര്‍പ്പുവിളിച്ചു ശരിവയ്ക്കുന്ന ജനം സംസാരിക്കുന്ന ഭാഷ മാനവീയതയുടെയോ സമഷ്ടി സ്‌നേഹത്തിന്റേതോ അല്ല. വെടിമരുന്നും മനുഷ്യമാംസവും കൂടിക്കലര്‍ന്ന രൂക്ഷഗന്ധം പത്രതാളുകളിലൂടെയും ടെലിവിഷന്‍ സ്‌ക്രീനിലൂടെയും മൂക്കിലെത്തുമ്പോള്‍ നിങ്ങള്‍ക്കെങ്ങനെയാണ് ഒരിക്കല്‍ക്കൂടി വെടിമരുന്നാസ്വദിക്കാന്‍ കഴിയുന്നത്?

വടക്കുന്നാഥക്ഷേത്രത്തിനു ചുറ്റും കുറച്ചു ഭാഗം കാവ് വെട്ടിത്തെളിച്ചു പൊതു ജനത്തിനു ഭീതി കൂടാതെ സഞ്ചരിക്കാന്‍ വഴിയൊരുക്കിയത് ശക്തന്‍ തമ്പുരാനാണെന്ന് വായിച്ചിട്ടുണ്ട്. അതിനു തടസ്സമായി വാളെടുത്തു ഉറഞ്ഞു തുള്ളിയ വെളിച്ചപ്പാടിനെ തമ്പുരാന്‍ കൊന്നുവെന്നാണ് പറയപ്പെടുന്നത്. കൊല്ലലിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കുന്നില്ല. എങ്കിലും വായിച്ചത് ശരിയാണെങ്കില്‍ അന്നുവരെയുള്ള വിശ്വാസങ്ങളെയും പാരമ്പര്യത്തെയുമാണ് ശക്തന്‍ തമ്പുരാന്‍ നിരസിച്ചത്. ഒരു പുതിയ സംസ്‌കാരമാണ് അദ്ദേഹം ജനത്തിനു നല്‍കിയത്. ആചാരത്തെക്കള്‍ പ്രാധാന്യം മനുഷ്യനുണ്ട് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. Static ആയ ഒരു സംസ്‌കാരത്തിനും നിലനില്‍പ്പില്ല. പുറമേക്ക് മനോഹരമെങ്കിലും ഉള്ളാകെ ചിതലെടുത്തു ജീര്‍ണിച്ച, ഏതു നിമിഷവും മരിച്ചു വീഴാവുന്ന ഒരു മരമാണ് അത്. എനിക്ക് തോന്നുന്നത് അതു മരിച്ചു കഴിഞ്ഞു എന്നാണ്. എങ്കിലും ഈ തോന്നല്‍ തെറ്റാണെന്ന് തെളിയിക്കാന്‍ എന്റെ നാട്ടുകാര്‍ക്ക് കഴിയട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.

എന്ന്,
ഒരു തൃശൂരുകാരി

(മുംബൈ സെന്‍ട്രല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് എഡ്യുക്കേഷനില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ആണ് മഡോണ തച്ചില്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

 

This post was last modified on April 18, 2016 7:33 pm

Related Post
Leave a Comment