അഴിമുഖം പ്രതിനിധി
ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി പരിക്ക് മാറി പരിശീലനത്തിനിറങ്ങി. ലാലിഗയില്‍ അത്‌ലറ്റികോ മഡ്രിഡുമായുള്ള മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മൂന്നാഴ്ച വിശ്രമത്തിലായിരുന്നു മെസി. എന്നാല്‍ മെസി ഫിറ്റ്‌നസ് തെളിയിച്ചിട്ടില്ല എന്നാണ് വിവരം.
അരക്കെട്ടിനേറ്റ പരിക്കായിരുന്നു മെസിയെ കളിക്കളത്തില്‍നിന്ന് പുറത്തിരുത്തിയത്. പരിക്ക് മാറി ബാഴ്‌സയുടെ പരിശീലന ക്യാമ്പില്‍ മെസി കഴിഞ്ഞ ദിവസം പങ്കെടുത്ത വിവരം ബാഴ്‌സ തന്നെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
മെസിയുടെ തിരിച്ചുവരവ് ഫോം മങ്ങി നില്‍ക്കുന്ന ബാഴ്‌സയ്ക്കും അര്‍ജന്റീനയ്ക്കും കരുത്ത് പകരും. ഈ സീസണില്‍ തുടക്കത്തില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നുവെങ്കിലും പിന്നീട് ഫോം മങ്ങിയ ബാഴ്‌സ സ്പാനീഷ് ലീഗില്‍ നാലാം സ്ഥാനത്താണ്.
അതുപ്പോലെ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ പരാജയപ്പെട്ട അര്‍ജന്റീനയുടെ നിലവിലെ യോഗ്യതാ സ്ഥാനം അഞ്ചാണ്. അര്‍ജന്റീനയുടെ അടുത്ത യോഗ്യത മത്സരം ചിരവൈരികളായ ബ്രസീലിനോടാണ്. അതിനാല്‍ മെസിയുടെ തിരിച്ചു വരവ് ടീമിന് ഗുണമാകുമെന്നാണ് കരുതുന്നത്.
This post was last modified on October 14, 2016 11:41 am
Leave a Comment