X

അധികാരവും പ്രത്യയശാസ്ത്രങ്ങളും സാഹിത്യത്തെ ഭയപ്പെടുന്നു; എം ടി വാസുദേവന്‍ നായര്‍

അഴിമുഖം പ്രതിനിധി

സാഹിത്യം ജീവിത തത്ത്വ ശാസ്ത്രത്തിന്റെ ഭാഗമാണെന്നും സാഹിത്യം ഒരു സാമൂഹ്യ സ്ഥാപനമാണെന്നും എം.ടി വാസുദേവന്‍ നായര്‍ . കോഴിക്കോട് ഇന്നലെ തിരിതെളിഞ്ഞ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അധികാരവും പ്രത്യശാസ്ത്രങ്ങളും സാഹിത്യത്തെ ഭയപ്പെടുന്നുണ്ടെന്നും കലാപകാരണങ്ങളില്‍നിന്ന് ഉയര്‍ന്നുനില്ക്കുന്ന സാഹിത്യത്തിന്റെ ഔന്നത്യത്തെ ആഘോഷിക്കുകയാണ് സാഹിത്യോത്സവം ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലയാളത്തിന്റെ പാരമ്പര്യം നിലനിര്‍ത്താനും ഭാഷ സമ്പുഷ്ടമാക്കാനും സാഹിത്യോത്സവം സഹായകമാവുമെന്ന് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ്. അഭിപ്രായപ്പെട്ടു. സാഹിത്യങ്ങളെ വേട്ടയാടുന്ന അസഹിഷ്ണുതയും എഴുത്തുകാരന്റെ മേലുള്ള നിയന്ത്രണങ്ങളും ആവിഷ്‌കാര സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റവും വര്‍ധിക്കുന്ന കാലത്ത് സാഹിത്യോത്സവത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ സച്ചിദാന്ദന്‍ അധ്യക്ഷനായി. എം.ടി വാസുദേവന്‍ നായര്‍, പ്രതിഭാ റായ്, ഗീതാ ഹരിഹരന്‍, പ്രമോദ് മങ്ങാട്ട്, ആദികേശന്‍, വിനോദ് നമ്പ്യാര്‍, കോശി തോമസ് സംസാരിച്ചു. ഡി.സി രവി സ്വാഗതവും എ.കെ അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു.

സാംസ്‌കാരികമാനവികതക്കായി വാതായനങ്ങള്‍ തുറന്നിടേണ്ട കാലമാണിതെന്ന് പ്രശസ്ത സാഹിത്യകാരി പ്രതിഭാ റായ്. സാഹിത്യം സാര്‍വ്വലൗകികമാകാനുള്ള കരുത്ത് നേടുന്നത് സ്വന്തം മണ്ണില്‍ കാലുറപ്പിച്ച് നില്ക്കുമ്പോഴാണ് എന്ന് അവര്‍ അഭിപ്രായപ്പെട്ടു. അര്‍ത്ഥരഹിതമായ വാക്കുകളെക്കാള്‍ നല്ലത് അര്‍ത്ഥപൂര്‍ണ്ണമായ മൗനമാണെന്ന് പ്രതിഭ റായ് പറഞ്ഞു.

സ്വതന്തമായ സാംസ്‌കാരിക ഇടങ്ങള്‍ കമ്പോളവത്കരിക്കപ്പെടുകയാണെന്ന് ഗീതാഹരിഹരന്‍ അഭിപ്രായപ്പെട്ടു. നാവുകള്‍ നിയന്ത്രിക്കപ്പെടുന്ന കാലത്ത് ഭൂരിപക്ഷത്തിന്റെ അധികാരവും ആശയങ്ങളും എല്ലാറ്റിലും ഇടപെടുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വിപണിവത്കൃതമായ സങ്കല്പങ്ങള്‍ ഉപേക്ഷിക്കുയും സാംസ്‌കാരികവൈവിദ്ധ്യത്തെ ഉള്‍ക്കൊള്ളുകയുമാണ് നാം ചെയ്യേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഇന്ന് ഇന്ത്യയിലെ ചെറിയ നഗരങ്ങളില്‍പോലും സാഹിത്യോത്സവങ്ങളുണ്ട്്. സാഹിത്യത്തിന്റെ സംസ്‌കാരം വ്യാപിക്കുന്നതിന്റെ തെളിവുകളാണ് സാഹിത്യോത്സവങ്ങള്‍. കേരളത്തില്‍ മുമ്പ് നടന്ന സാഹിത്യോത്സവങ്ങള്‍ വിജയിക്കാതെ പോയത് സാമ്പത്തികപ്രശ്‌നം കാരണമല്ല, നമ്മുടെ എഴുത്തുകാര്‍ക്ക് പരിമിതമായ പങ്കാളിത്തമേ അവയില്‍ ഉണ്ടായിരുന്നുള്ളൂ എന്നതിനാലാണെന്നും കവി സച്ചിതാനന്ദന്‍ പറഞ്ഞു. സാഹിത്യവും ഇതരകലകളും തമ്മിലുള്ള സംവാദം കേരള സാഹിത്യോത്സവത്തിലെന്നതുപോലെ വേറെ എവിടെയുമില്ല. മലയാളസാഹിത്യത്തിന്റെ ഔന്നത്യം ആഘോഷിക്കുന്നതോടൊപ്പം വിമര്‍ശനാത്മകമായ പരിശോധനകള്‍ക്കും സാഹിത്യോത്സവം അവസരമൊരുക്കും. കേരളത്തിലെ വായനക്കാര്‍ നെരൂദയേയും മാര്‍ക്കേസിനെയും സ്വന്തം എഴുത്തുകാരുടെ കൂട്ടത്തില്‍ കണക്കാക്കുന്നവരാണ്.നവീനചിന്തയിലൂടെ എല്ലാറ്റിനെയും പുതുക്കി നിര്‍മ്മിക്കുവാന്‍ അറുപതുകളിലെ മലയാളസാഹിത്യം കാണിച്ച താല്പര്യം ഇന്നും പ്രസക്തമാണ്. എഴുത്തും വായനയും ഒത്തുചേരുന്ന ഉത്സവങ്ങളായി സാഹിത്യോത്സവങ്ങള്‍ മാറുന്നു; സച്ചിതാനനന്ദന്‍ അഭിപ്രായപ്പെട്ടു. 

സാഹിത്യോത്സവത്തിന്റെ ഭാഗമായി ദുഷ്‌കാലങ്ങളിലെ സാഹിത്യം എന്ന വിഷയത്തിലും, ആത്മീയതയും സംസ്‌കാരവും വിഷയത്തിലും സംവാദം നടന്നു. എം.ടി വാസുദേവന്‍ നായര്‍, പ്രതിഭാ റായ്, കെ സച്ചിദാനന്ദന്‍, ഗീതാഹരിഹരന്‍, ഷൗക്കത്ത്, പി.എന്‍ ദാസ്, റോസി തമ്പി, ടി.കെ ഉമ്മര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

This post was last modified on February 5, 2016 8:24 am