X

ശാന്തരായി ഇരിക്കു, അല്ലെങ്കില്‍ പുറത്തുപോകൂ; പ്രതിപക്ഷത്തോട് ഗവര്‍ണര്‍

അഴിമുഖം പ്രതിനിധി

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷബഹളത്തോടെ അരംഭിച്ചു. ഗവര്‍ണറുടെ പ്രസംഗം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധവുമായി എഴുന്നേറ്റു. ഇതോടെ ബാക്കി ഇടതുപക്ഷാംഗങ്ങളും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും സഭ ശബ്ദമുഖരിതമാക്കി. ഇതോടെ പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ ഇടപെട്ടു. പ്രതിഷേധം ഉയര്‍ത്താനുള്ള ജനാധിപത്യപരമായ അവകാശം പ്രതിപക്ഷത്തിനുണ്ട്. നിങ്ങളുടെ പ്രതിഷേധം എനിക്കെതിരെയല്ലെന്നും സര്‍ക്കാരിനെതിരെയാണെന്നും മനസിലാകും. രാജ്യം മുഴുവന്‍ അതു കാണുന്നുമുണ്ട്. ഇനി എന്നെ പ്രസംഗം നടത്താന്‍ അനുവദിക്കുക. ഇത് ജനങ്ങളുടെ പുരോഗതിയ്ക്കു വേണ്ടിയാണ്. നിങ്ങള്‍ ശാന്തരായി ഇരുന്ന് കേള്‍ക്കുക, അല്ലെങ്കില്‍ പുറത്തുപോയി നിങ്ങളുടെ പ്രതിഷേധം തുടരുക. എനിക്ക് നല്ല എനര്‍ജി ഉള്ളതിനാല്‍ സമയം എടുത്താണെങ്കിലും ഞാനീ പ്രസംഗം പൂര്‍ത്തിയാക്കും; വി എസ് അച്യുതാനന്ദന്റെയും കോടിയേരി ബാലകൃഷ്ണന്റെയും പേരെടുത്ത് വിളിച്ച് ഗവര്‍ണര്‍ പി സദാശിവം ആവശ്യപ്പെട്ടു. 

ഗവര്‍ണറുടെ ആവശ്യം അംഗീകരിച്ചു കൊണ്ട് പ്രതിപക്ഷം ഉടന്‍ തന്നെ സഭ ബഹിഷ്‌കരിച്ചു പുറത്തുപോയി. ഇന്നു രാവിലെ കൂടിയ എല്‍ഡിഎഫ് യോഗത്തില്‍ തന്നെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കാന്‍ എല്‍ ഡി എഫ് തീരുമാനിച്ചിരുന്നു. കഴിഞ്ഞദിവസം സര്‍ക്കാരിനെതിരെയുണ്ടായിട്ടുള്ള കോടതിവിധികളുടെ പശ്ചാത്തലത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്താന്‍ തയ്യാറാകരുതെന്ന് രാജ്ഭവനിലെത്തി ഗവര്‍ണറോട് പ്രതിപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ടെന്നും തന്റെ ഭരണഘടനാപരമായ കര്‍ത്തവ്യം ചെയ്യാതിരിക്കാന്‍ ആവില്ലെന്നുമുള്ള നിലപാട് വ്യക്തമാക്കിയാണ് പി സദാശിവം പ്രതിപക്ഷനേതാക്കളെ യാത്രയാക്കിയത്.

This post was last modified on December 27, 2016 3:39 pm