X

ആദ്യം തട്ടിക്കൊണ്ടു പോയി, പിന്നെ അടിമയാക്കി, ഐഎസ് തടവില്‍നിന്ന് രക്ഷപ്പെട്ട യദീസികളുടെ അനുഭവമെഴുതിയ ബാദീയ ഹസ്സന്‍ അഹമ്മദിന്റെ ജീവിതം

തട്ടികൊണ്ടുപോയതിന് ശേഷം അമേരിക്കക്കാരന്റെ തടവിലായിരുന്നു ബാദീയ

ഇറാഖിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഒറ്റപെട്ട ഗ്രാമത്തിലായിരുന്നു ബാദീയ ഹസ്സന്‍ അഹമ്മദ് വളര്‍ന്നത്. ഐഎസ്‌ഐഎസ് സിറിയയും ഇറാഖിന്റെ ചില മേഖലകളും കൈയടക്കി മുന്നേറികൊണ്ടിരുന്നപ്പോള്‍ മറ്റ് പല യസീദി വിഭാഗക്കാരെയും പോലെ ബാദീയയും പ്രതീക്ഷിച്ചത് രക്ഷകരായി അമേരിക്ക എത്തുമെന്നായിരുന്നു.  എന്നാല്‍ രക്ഷകരാകുമെന്ന് കരുതിയ നാട്ടിലെ ഒരാളുടെ അടിമയാക്കപ്പെടാനായിരുന്നു അവരുടെ വിധി. പിന്നീട് അവര്‍ കടന്നുപോയ ജീവിതം, അതിജീവനത്തിനായി പൊരുതുന്നവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നതായി. യസീദി ജീവിതം ലോകത്തിന് മുന്നില്‍ അനാവരണം ചെയ്ത ഏറ്റവും പ്രമുഖ എഴുത്തുകാരിയായി മാറിയിരിക്കുന്നു ഇന്ന് ബാദീയ ഹസ്സന്‍ അഹമ്മദ്. ‘എ കേവ് ഇന്‍ ദി ക്ലൗഡ്‌സ്: എ യങ് വുമണ്‍സ് എസ്‌കേപ് ഫ്രം ഐഎസ്‌ഐഎസ്’, ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്ന പ്രമുഖ പുസ്തകങ്ങളിലൊന്നാണ്.

ഇറാഖിലെ കോച്ചൊ എന്ന ഗ്രാമത്തിലായിരുന്നു ബാദീയ ജനിച്ചതും ആദ്യകാലങ്ങളില്‍ ജീവിച്ചതും. യസീദികള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശം. ഐഎസ് അധിനിവേശ വാര്‍ത്തകളില്‍ അസ്വസ്ഥമാക്കിയ ജീവിതമായിരുന്നു അവരുടെ കൗമാരം. യസീദീകളെ തട്ടിക്കൊണ്ടുപോകലായിരുന്നു ഐഎസിന്റെ ഭീകര പ്രവര്‍ത്തനത്തിന്റെ പല പരിപാടികളില്‍ ഒന്ന്. ഐഎസിനെതിരെ അമേരിക്ക പ്രതിരോധം സൃഷ്ടിക്കുമെന്നതായിരുന്നു അവരുടെ പ്രതീക്ഷ. അതൊന്നും നടന്നില്ല. 2014 ഓഗസ്റ്റ് മാസത്തില്‍ അവര്‍ വന്നു. ബാദീയയേയും മറ്റ് ആറ് സ്ത്രീകളെയും നാല് കുട്ടികളോടൊപ്പം അവര്‍ തട്ടിക്കൊണ്ടുപോയി. ഐഎസ് ‘മോചിപ്പിച്ച’ സിറിയന്‍ നഗരമായ അലീപ്പോയിലേക്കായിരുന്നു അവരെ കൊണ്ടുപോയത്.

18 വയസ്സായിരുന്നു ബാദീയക്ക് അന്ന്. സിറിയയില്‍ എത്തിയപ്പോഴായിരുന്നു അവര്‍ താന്‍ അടിമയാക്കപ്പെട്ടുവെന്ന കാര്യം തിരിച്ചറിഞ്ഞത്. ഐഎസുകാരനായ അമേരിക്കക്കാരനായിരുന്നു അവരെ അടിമയാക്കിയത്. രണ്ട് വയസ്സുകാരനായ തന്റെ കസിനെ മകനാണെന്നാണ് ബാദിയ തന്നെ അടിമയാക്കിയ അമേരിക്കക്കാരനോട് പറഞ്ഞത്. “മക്കളുണ്ടെന്ന് പറയുന്നത് അടിമ വിപണിയില്‍ ഡിമാന്റ് കുറയ്ക്കുമെന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്”, ബാദീയ പറയുന്നു. എന്നാല്‍ കുറച്ചുദിവസത്തിന് ശേഷം കസിന്‍ ഐവാനെ ബാദീയയില്‍നിന്ന് മാറ്റാന്‍ അമേരിക്കക്കാരനായ ‘ഉടമ’ തീരുമാനിച്ചു. തനിക്ക് ഇനിയൊന്നും നഷ്ടമാകാനില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ബാദീയ തന്നെ ബന്ദിയാക്കിയ അമേരിക്കക്കാരന്റെ മുഖത്ത് നോക്കി പറഞ്ഞു. “നിങ്ങള്‍ ചെയ്യുന്നതൊന്നിനും ഇസ്ലാമുമായി ബന്ധമില്ല”, ഇതുകേട്ട് അയാള്‍ ചൂളിപ്പോകുന്നത് താന്‍ കണ്ടുവെന്നാണ് അതേക്കുറിച്ച് ബാദീയ പിന്നീട് പ്രതികരിച്ചത്. അതിന് ഗുണമുണ്ടായി. ഐവാനെ ബാദീയയ്ക്ക് തന്നെ തിരിച്ചുകിട്ടി. കുറച്ചു ദിവസങ്ങള്‍ക്കകം അവര്‍ മറ്റൊരു സ്ത്രീയൊടൊപ്പം തടവില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. അവിടെനിന്ന് ഇറാഖിലെത്തിയ ബാദീയയ്ക്ക് അമേരിക്ക അഭയം നല്‍കാമെന്ന് പറഞ്ഞെങ്കിലും അവര്‍ ജര്‍മ്മനിയുടെ വാഗ്ദാനമാണ് സ്വീകരിച്ചത്. നിരവധി യസീദി സ്ത്രീകള്‍ക്ക് ജര്‍മ്മനി അഭയം നല്‍കിയതാണ് ആ രാജ്യം തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ബാദീയ പറയുന്നു.

അവരുടെ അഞ്ച് സഹോദരികളും ഇന്ന് ജര്‍മ്മനിയിലെ ബാദന്‍ വര്‍ട്ടംബര്‍ഗ് നഗരത്തില്‍ വിവിധ ഇടങ്ങളിലായി കഴിയുന്നു. അമേരിക്കയില്‍ പോയപ്പോള്‍ യസീദികള്‍ക്കെതിരെ നടത്തുന്ന വംശഹത്യയ്‌ക്കെതിരെ സംസാരിച്ചതാണ് തന്റെയും ബന്ധുക്കളുടെയും അനുഭവങ്ങള്‍ എഴുതണമെന്ന തോന്നലിലേക്ക് അവരെ നയിച്ചത്. ആ തോന്നലിന്റെ ഫലമാണ് ‘എ കേവ് ഇന്‍ ദി ക്ലൗഡ്‌സ്’ എന്ന പുസ്തകം. “എനിക്ക് അമേരിക്കക്കാരെ ഒരു കാര്യം ബോധ്യപ്പെടുത്തണമായിരുന്നു. അക്രമികളുടെ കൂട്ടത്തില്‍ നിങ്ങളില്‍പ്പെട്ടവരും ഉണ്ടെന്ന്”, ബാദിയ തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞു.

ഇറാഖില്‍ തന്റെ കൂട്ടുകാരനായിരുന്ന അഹമ്മദിനൊടൊപ്പമാണ് ഇപ്പോള്‍ ബാദീയയുടെ ജീവിതം. അഹമ്മദും അഭയം തേടി ജര്‍മ്മനിയിലെത്തുകയായിരുന്നു. തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്ന മകള്‍ക്ക് മിലേവ എന്ന പേരിടാനാണ് ഈ ദമ്പതികള്‍ തീരുമാനിച്ചിരിക്കുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ഭാര്യയുടെ പേരാണ് മിലേവ. താന്‍ ജനിച്ചുവിണതിനെക്കാള്‍ സുരക്ഷിതമായ പ്രദേശത്തായിരിക്കും തന്റെ കുട്ടി പിറന്നുവീഴുക എന്ന സന്തോഷത്തിലാണ് ഇന്ന് ലോകം മുഴുവന്‍ വായിക്കപ്പെടുന്ന ഈ എഴുത്തുകാരി.

ഇത്രയധികം പീഡനങ്ങള്‍ തനിക്ക് അതിജീവിക്കാന്‍ കഴിഞ്ഞത് തന്റെ യസീദീ മതബോധം കൊണ്ടാണെന്ന് ബാദീയ പറയുന്നു. ജര്‍മ്മനിയില്‍ നഴ്‌സിങ് പഠനത്തിന് തയാറെടുക്കുകയാണ് ഇപ്പോള്‍ ബദീയ. “ഇറാഖിലെ വൈദ്യശാസ്ത്രം പഠിക്കാന്‍ അനുവദിച്ചിരുന്നില്ല” അവര്‍ പറയുന്നു. അതിക്രമങ്ങള്‍ക്ക് വിധേയയാകുന്ന സ്ത്രീകള്‍ പീഡാനുഭവങ്ങള്‍ തുറന്നു പറയുകയെന്നത് അതിജീവനത്തിന്റെ ആദ്യ പടിയാണെന്ന് പറയുന്നു ബാദിയ.

(ദി ഹിന്ദു മാഗസിനിലെ ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയത്)

Read Azhimukham: ‘തേനുമെടുക്കേണ്ട, വിറകും വെട്ടണ്ട’, കക്കയത്ത് കാട്ടില്‍ കയറുന്നതിന് ആദിവാസികള്‍ക്ക് ഉദ്യോഗസ്ഥരുടെ വിലക്ക്, വനാവകാശ നിയമം അട്ടിമറിക്കുന്നു എന്നാരോപണം

This post was last modified on July 14, 2019 11:10 am