X

പുസ്തകങ്ങള്‍ മോഷ്ടിക്കില്ലെന്ന വിശ്വാസം; ദുബായിലെ ഈ പുസ്തകക്കട വ്യത്യസ്തമാകുന്നതിങ്ങനെയാണ്

ബുക്ക് ഹീറോ എന്നാണ് ഈ പുസ്തകക്കടയുടെ പേര്

ദുബായിലെ പുസ്തകപ്രേമികളെ അകമഴിഞ്ഞ് വിശ്വസിക്കുകയാണ് ഒരു പുസ്തകക്കട. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ പുസ്തകക്കടയുടെ പ്രത്യേകത അവിടെ ഒരൊറ്റ ജോലിക്കാരും ഇല്ലെന്നതാണ്. ഉപഭോക്താക്കള്‍ക്ക് പുസ്തകമെടുത്ത്, വില നിക്ഷേപിച്ച് പോകാം.

ബുക്ക് ഹീറോ’ എന്ന് പേരിട്ടിരിക്കുന്ന ഈ കടയില്‍ 20,000 ലധികം നോവലുകളുണ്ട്. പ്രദേശത്തെ ആദ്യ തൊഴിലാളികളില്ലാ പുസ്തകക്കട എന്ന ഖ്യാതി സ്വന്തമാക്കിയ ബുക്ക് ഹീറോയില്‍ t’rust box’ എന്ന പെട്ടിയിലാണ് പണം ഇടേണ്ടത്.

കടയുടെ ഉടമസ്തന്‍ മോണ്ടിസെറാട്ട് മാര്‍ട്ടിന്‍ ഉപഭോക്താക്കളുടെ സത്യസന്ധതയിലാണ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. തനിക്ക് കസറ്റമേഴ്‌സിലുള്ള വിശ്വാസം മൂലമാണ് ജോലിക്കാരെ നിയമിക്കാത്തതെന്ന് മാര്‍ട്ടിന്‍ പറയുന്നു. എല്ലാ ദിവസം ഒരു വട്ടം കടയിലെത്തുന്ന മാര്‍ട്ടിന്‍ പണം എടുത്ത്, സ്‌റ്റോക്ക് ശരിയാക്കി പോകുകയാണ് പതിവ്.

ആരെങ്കിലും പുസ്തകം എടുത്ത് പണം വെക്കാതെ പോയാലോ എന്ന സംശയത്തിനും മാര്‍ട്ടിന്റെ കയ്യില്‍ മറുപടിയുണ്ട്. ”ആരും സാധാരണ പുസ്തകം മോഷ്ടിക്കാനൊരുങ്ങില്ല. അങ്ങനെ ചെയ്താല്‍ തന്നെ അതെനിക്ക് 300 ദിര്‍ഹത്തിന്റെ നഷ്ടമൊക്കെയാണ് ഉണ്ടാക്കുക. വിസയും ഇന്‍ഷുറന്‍സും ഒക്കെ എടുത്ത് ഒരാളെ ജോലിക്ക് നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ചിലവിനെ അപേക്ഷിച്ച് അതൊന്നുമല്ല താനും. ”

10 മുതല്‍ 20 ദിര്‍ഹം വരെയുള്ള പുസ്തകങ്ങളില്‍ വിലയെ സൂചിപ്പിക്കാന്‍ മഞ്ഞയും പച്ചയും നിറത്തിലുള്ള ടാഗുകളുണ്ട്. ഇതനുസരിച്ച് പുസ്തകം തിരഞ്ഞെടുക്കാനും എളുപ്പമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഭൂരിഭാഗം പുസ്തകങ്ങളും ഇംഗ്‌ളീഷിലും അറബിയിലുമാണ്. ഇതിന് പുറമേ ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്, ചൈനീസ് പുസ്തകങ്ങളും ഉണ്ട്‌