X

മധ്യപ്രദേശിൽ കമൽ നാഥ്, രാജസ്ഥാൻ ഗെലോട്ടിന്; അനിശ്ചിതത്വം തീരാതെ ഛത്തീസ്ഗഡ്

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരും ചർച്ചകളിൽ പങ്കാളികളായി.

ഡൽഹിയിൽ നടന്ന മാരത്തൺ ചർച്ചകൽക്ക് ഒടുവിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍ നാഥിനെ പ്രഖ്യാപിച്ചു. കമൽ നാഥിനെയും ജോതിരാദിത്യ സിന്ധ്യയെയും പ്രകീർത്തിച്ച് കൊണ്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ ട്വീറ്റീന് പിറകെയായിരുന്നു കമല്‍ നാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വസതിയിൽ അദ്ദേഹവുമായി ഇരുവരും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം.

മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിച്ച് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും നേതാക്കൾ രാഹുൽ ഗാന്ധിയുടെ ഡൽഹിയിലെ  തുഗ്ലക് ലെയ്‌നിലെ 12–ാം നമ്പർ വസതിയിലെത്തുകയായിരുന്നു. രാജസ്ഥാനിൽനിന്നു ഗലോട്ടും സച്ചിൻ പൈലറ്റുമാണ് ചർച്ചയ്ക്കെത്തിയത്. എഐസിസി. നിരീക്ഷകരായി നിയമിച്ച എകെ ആന്റണി, കെസി. വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് പുറമെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരും ചർച്ചകളിൽ പങ്കാളികളായി.

അതിനിടെ രാജസ്ഥാനിൽ ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ സച്ചിൻ പൈലറ്റിനെ അനുകൂലിക്കുന്നവർ പ്രതിഷേധവുമായി രംഗത്തെത്തി.

അതിനിടെ ഇരുസംസ്ഥാനങ്ങളിലും കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തു.  ഡൽ‌ഹിയിൽ രാഹുലിന്റെ വീടിനു മുന്നിലും സിന്ധ്യയുടെയും പൈലറ്റിന്റെയും അണികൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. രാജസ്ഥാനിലെ കരൗലിയിൽ പൈലറ്റിന്റെ അനുയായികൾ റോ‍ഡ് ഉപരോധിക്കുകയും കോലം കത്തിക്കുകയും ചെയ്തു. ഇതോടെ ഗഹ്‌ലോതിന്റെയും കമൽനാഥിന്റെയും വീടിനുമുന്നിൽ കനത്ത സുരക്ഷയേർപ്പെടുത്തി.

തുടർന്ന്, രാത്രി വൈകി സച്ചിനെയും ഗെലോട്ടിനെയും വീണ്ടും വീട്ടിലേക്കു വിളിപ്പിച്ച് രാഹുല്‍ ചർച്ച നടത്തുകയും ചെയ്തു. ഇത് അർധരാത്രി വരെ നീണ്ട ചർച്ച ശേഷം സച്ചിൻ ഡൽഹിയിൽനിന്നു പ്രവർത്തകരോട് സമാധാനവും അച്ചടക്കവും പാലിക്കുാൻ ആഹ്വാനം ചെയ്യുകയായിരുന്നു.

പരിജയ സമ്പത്തിന് പ്രാധാന്യം നൽകി മധ്യപ്രദേശിലും രാജസ്ഥാനിലും ആശങ്കകൾ അവസാനിപ്പിച്ചെങ്കിലും ഛത്തീസ്ഗഢിൽ അനിശ്ചിതത്വം തുടരുകയാണ്. ഇവിടെ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകൾ. പാർട്ടി സംസ്ഥാനാധ്യക്ഷൻ ഭൂപേഷ് ഭാഗേൽ, പ്രതിപക്ഷനേതാവ് ടി.എസ്. സിങ്ദേവ്, ലോക്‌സഭാംഗവും എഐസിസിയുടെ ഒബിസി സെൽ അധ്യക്ഷനുമായ താമരധ്വജ് സാഹു എന്നിവരാണു മുഖ്യമന്ത്രിപദത്തിനുവേണ്ടി രംഗത്തുള്ളത്.

 

This post was last modified on December 14, 2018 10:54 am