X

ലണ്ടന്‍ ഭീകരാക്രമണം; മരണം ഏഴായി; പരിക്കേറ്റവര്‍ 48

ഇതുവരെ അറിവായ വിവരങ്ങള്‍

ലണ്ടന്‍ ഇരട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന വിവരങ്ങള്‍ ഇവയാണ്;

ലണ്ടന്‍ ഇരട്ട ഭീകാരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി.

കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച ഭീകരര്‍

ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 48. ഇവരെ അഞ്ചു ആശുപത്രികളിലായി പ്രവേശിപ്പിച്ചുണ്ട്.

ആക്രമികള്‍ ചാവേറുകളാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ ആയുധങ്ങള്‍ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നുവെന്ന് ഭീകരവിരുദ്ധ വിഭാഗം മേധാവി അറിയിക്കുന്നു.

ശനിയാഴ്ച രാത്രി 10.8 ന് ഒരു വെള്ള വാന്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. കാല്‍നടയാത്രക്കാര്‍ക്കുള്ള പാതയിലേക്ക് വാന്‍ പെട്ടെന്നു വെട്ടിച്ചു കയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍. ഈ വാന്‍ തന്നെയാണ് ബോറോ മാര്‍ക്കറ്റില്‍ എത്തിയതും ഇതിലുണ്ടായിരുന്ന മൂന്നുപേരാണ് അവിടെ അക്രമം നടത്തിയതെന്നും പൊലീസ് പറയുന്നു.

നിരവധി ബാറുകളും റസ്റ്ററൊന്റുകളും സ്ഥിതി ചെയ്യുന്ന ബോറോ മാര്‍ക്കറ്റില്‍ ശനിയാഴ്ച ദിവസം രാത്രി പതിവില്‍ കവിഞ്ഞ തിരക്ക് ഉണ്ടാകാറുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികള്‍ക്ക് ശനിയാഴ്ച ടെലിഗ്രാമിലുടെ പങ്കുവച്ച സന്ദേശത്തില്‍ റംസാന്‍ മാസത്തില്‍ ‘ക്രൂശിതരെ’ വാഹനം ഉപയോഗിച്ചും കത്തിയും തോക്കും ഉപയോഗിച്ച് ആക്രമിക്കാന്‍ ആഹ്വാനം നല്‍കുന്നതായി പൊലീസ് പറയുന്നു. മുമ്പ് റംസാന്‍ സമയത്ത് ഇതേ രീതിയിലുള്ള അക്രമണങ്ങള്‍ ബെര്‍ലിന്‍, നീസ്, ബ്രസല്‍സ്, പാരീസ് എന്നിവിടങ്ങളില്‍ നടന്നിട്ടുള്ളതുമാണ്.

പരിക്കേറ്റവരില്‍ ഫ്രഞ്ച് പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നു പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഓഫിസ് സ്ഥിരീകരിച്ചു. സ്വതന്ത്രമായ സമൂഹത്തിനുമേല്‍ നടത്തിയ ഭീരുത്വപരമായ ആക്രമണം എന്ന് ഫ്രാന്‍സ് ലണ്ടന്‍ ആക്രമണത്തെ കുറ്റപ്പെടുത്തിയത്.

ആക്രമണത്തില്‍ ഒരു ഓസ്‌ട്രേലിയന്‍ പൗരനും പരിക്കേറ്റതായി പ്രധാനമന്ത്രി മാല്‍ക്കം ടണ്‍ബുള്‍ അറിയിച്ചു.

ബോറോ മാര്‍ക്കറ്റില്‍ പൊലീസിന്റെ വെടിയേറ്റു മരിച്ച അക്രമിയുടെ ശരീരത്തില്‍ വെടിയുണ്ട സൂക്ഷിക്കുന്ന ചെറിയ പെട്ടി കെട്ടിവച്ചിരിക്കുന്നത് ചിത്രങ്ങളില്‍ വ്യക്തമാകുന്നുണ്ട്. എന്നാല്‍ ചാവേറാണെന്നു ഭയപ്പെടുത്താനുള്ള വ്യാജപദ്ധതിയുടെ ഭാഗമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വോക്‌സ്‌ഹോളില്‍ മൂന്നാമതൊരു അക്രമണം നടന്നതായി പ്രചാരണം ഉണ്ടായെങ്കിലും ലണ്ടന്‍ ബ്രിഡ്ജ് ആക്രണവുമായി അതിനു ബന്ധമില്ലെന്നു പൊലീസ് വ്യക്തമാക്കി.

അടുത്തയാഴ്ച പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന ബ്രിട്ടനില്‍ ഇന്നലെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കാമ്പയിനുകള്‍ റദ്ദാക്കി.

നടന്നത് ഭീകരാക്രമണങ്ങളാണെന്ന് പ്രധാനമന്ത്രി തെരേസ മേ പറയുന്നു. ഭയാനകം എന്നാണ് പ്രധാനമന്ത്രി അക്രമണത്തെക്കുറിച്ച് പറഞ്ഞത്.

പ്രാകൃതവും ഭയാനകവുമായത് എന്നായിരുന്നു ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പ്രതികരിച്ചത്.

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തെ തുടര്‍ന്ന് വിവിധ ഹോട്ടലുകളില്‍ നിന്നും താമസക്കാരെ പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്.

അക്രമണം നടന്ന പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞു നില്‍ക്കണമെന്നാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജൂണ്‍ 8ന് പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന ബ്രിട്ടനില്‍ 13 ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.

മേയ് 22 നു മാഞ്ചസ്റ്റര്‍ അരീനയില്‍ ഒരു സംഗീതനിശയ്ക്കിടയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 22 പേര്‍.

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിന്റെ അതേ മാതൃകയില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിലും മുസ്ലിം മതത്തിലേക്ക് മറിയ ഒരു ബ്രിട്ടീഷ് പൗരന്‍ യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി അഞ്ചുപേരെ കൊലപ്പെടുത്തിയിരുന്നു.

This post was last modified on June 4, 2017 6:15 pm