X

അംബേദ്കര്‍ പാരമ്പര്യത്തിനു തിരക്കു കൂട്ടുന്നവരോട്; അസഹനീയമായ ജാതി വിവേചനം തുടരുകയാണ്‌

അഴിമുഖം പ്രതിനിധി

അസമത്വത്തിനും അനീതിക്കുമെതിരായ പോരാട്ടത്തില്‍ നിരവധി പ്രതിസന്ധികളില്‍ ബാബ സാഹേബ് അംബേദ്കര്‍ ഒറ്റക്കായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ 125-ആം ജന്‍മവാര്‍ഷികത്തില്‍ അംബേദ്കറുടെ പാരമ്പര്യത്തെ അവകാശപ്പെടാന്‍ തിക്കും തിരക്കുമാണ്.

ദളിതര്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ആശയങ്ങളുടെ എതിര്‍ധ്രുവങ്ങളില്‍ നില്‍ക്കുന്ന വലതു, ഇടതു, മധ്യ രാഷ്ട്രീയക്കാരൊക്കെ ഇപ്പോള്‍ അംബേദ്കറെ സ്വന്തമാക്കാനും അവകാശപ്പെടാനും ഉപയോഗിക്കാനും തമ്മില്‍ മത്സരിക്കുകയാണ്. അദ്ദേഹത്തിന്റെ ആശയങ്ങളെയും രാഷ്ട്രീയത്തെയും സജീവമാക്കുന്നിടത്തോളം ഈ മത്സരം സ്വാഗതാര്‍ഹമാണ്.

ഈയടുത്ത് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ രോഹിത് വെമൂലയുടെ ആത്മഹത്യ ഇനിയും പരിഹരിക്കപ്പെടാത്ത ദളിത് പ്രശ്നങ്ങളേയും ആശങ്കകളെയും കുറിച്ചുള്ള ദേശീയ ചര്‍ച്ചയെ വീണ്ടും മുന്‍നിരയിലെത്തിച്ചു.

ഈ ചര്‍ച്ചയുടെ കേന്ദ്രം ഒരു ചോദ്യമായിരുന്നു: അംബേദ്കറുടെ ഭരണഘടന അംഗീകരിച്ചതിന് 6 പതിറ്റാണ്ടുകള്‍ക്ക് ശേഷവും ദളിതര്‍ നേരിടുന്ന ഈ അടിച്ചമര്‍ത്തലിന് ഇന്ത്യന്‍ സമൂഹവും ഭരണകൂടവും ഉത്തരവാദികളാണോ? അധികാര ഘടനകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒട്ടും സഹിക്കാനാകാത്ത തരത്തിലുള്ള വിവേചനം നിലനില്‍ക്കുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്.

സ്ഥാപനവത്കൃതമായ പരിഹാരങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുകയോ ലംഘിക്കപ്പെടുകയോ ചെയ്യുന്നു. അംബേദ്കറെ സംബന്ധിച്ച് ജനാധിപത്യ സമ്പ്രദായം ഒരാള്‍ക്ക് ഒരു വോട്ട് എന്നതില്‍ ഒതുങ്ങിയിരുന്നില്ല- അത് ഒരേ മൂല്യം എന്നതുകൂടിയായിരുന്നു. അംബേദ്കറുടെ ജനാധിപത്യ സങ്കല്‍പ്പത്തിന് നേരെ ജാതിവ്യവസ്ഥയുടെ ഘടനയില്‍ കുരുങ്ങിപ്പോയ ഒരു ദേശീയ ബോധം ഇപ്പോഴും കണ്ണടയ്ക്കുകയാണ്.

ദളിതരുടെ സാമൂഹ്യ ഉന്നമനത്തിന് നടപടികള്‍ വേണമെന്ന കാര്യത്തില്‍ ദേശീയതലത്തില്‍ അഭിപ്രായ സമന്വയമുണ്ട്. പക്ഷേ അത്തരം നടപടികളിപ്പോഴും സംവരണ കോട്ടകളില്‍ മാത്രമായി ചുറ്റിത്തിരിയുകയാണ്. ജാതിയെ മറികടക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതിന് പകരം രാഷ്ട്രീയകക്ഷികള്‍ അധികാരത്തിലെത്താനായി ജാതി സ്വത്വങ്ങളെ വീണ്ടും അരക്കിട്ടുറപ്പിക്കുകയാണ്.

അംബേദ്കര്‍ വിഭാവനം ചെയ്ത ‘പ്രബുദ്ധ ഭാരതത്തില്‍’ ജാതി ഒരു വിശിഷ്ട മൂല്യമല്ല, മറിച്ച്  ഭരണകൂട ഇടപെടലുകളിലൂടെ ഇല്ലാതാക്കേണ്ട വിവേചനത്തിന്റെ അടയാളമാണ്.

ഏറെക്കാലത്തോളം, ഭരണഘടന നിര്‍മ്മാണ സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് അംബേദ്കറെ ക്ഷണിച്ചതിന്റെയും പ്രധാനമന്ത്രി നെഹ്റുവിന്റെ മന്ത്രിസഭയില്‍ നിയമമന്ത്രിയാക്കിയതിന്റെയും പേരില്‍ അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നും പിന്തുണ അവകാശപ്പെടുകയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ അംബേദ്കറുടെ തന്നെ രാഷ്ട്രീയ നേട്ടങ്ങളില്‍ ഒന്നായി കണക്കാക്കാവുന്ന ദളിതരുടെ രാഷ്ട്രീയവത്കരണം, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ഈ ജനവിഭാഗത്തെ അഭിമുഖീകരിക്കാനും അവരോടു സംസാരിക്കാനും ഇടപെടാനും മറ്റു രാഷ്ട്രീയകാക്ഷികളെയും നിര്‍ബന്ധിതരാക്കിയിരിക്കുന്നു. അംബേദ്കറെ അംഗീകരിക്കുക എന്നത് ജാതി അസമത്വത്തിന്റെ ചരിത്രപരമായ അനീതിയെ തിരിച്ചറിയുകയും അതിനു പരിഹാരങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അംബേദ്കറുടെ പാരമ്പര്യം അവകാശപ്പെടാനുള്ള ഈ മത്സരം ആ ദിശയിലേക്ക് നയിക്കും എന്ന് പ്രതീക്ഷിക്കാം.

 

This post was last modified on April 15, 2016 3:16 pm

Related Post
Leave a Comment