X

വിദ്യ ബാലനിലൂടെ കമലിനെ വേട്ടയാടാന്‍ സംഘപരിവാര്‍; ‘മാധവിക്കുട്ടി’ പ്രതിസന്ധിയില്‍

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ ആമി’ പുതിയ പ്രതിസന്ധിയില്‍. ചിത്രത്തില്‍ മാധവിക്കുട്ടിയുടെ വേഷം ചെയ്യാന്‍ തീരുമാനിച്ചിരുന്ന വിദ്യ ബാലന്‍ സിനിമയില്‍ നിന്നും പിന്മാറിയതായാണ് വാര്‍ത്തകള്‍ വരുന്നത്. സംഘപരിവാര്‍/മോദി വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പേരില്‍ കമലിനോടു വിയോജിപ്പ് രേഖപ്പെടുത്തിയാണ് വിദ്യ ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വാര്‍ത്തയെഴുതിയിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിട്ടുണ്ടെന്നോ, അതിനുള്ള കാരണം സംവിധായകന്റെ മോദി വിരുദ്ധ നിലപാടുകള്‍ ആണെന്നോ വിദ്യ ബാലനോ അവരുമായി ബന്ധപ്പെട്ട ആരെങ്കിലുമോ എവിടെയും പ്രതികരിച്ചു കണ്ടിട്ടുമില്ല. വിദ്യയുടെ പിന്മാറ്റവുമായി ബന്ധപ്പെട്ട് കമലും യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല.

അതേസമയം വിദ്യ ബാലന്‍ ആമിയില്‍ നിന്നും പിന്മാറിയിട്ടില്ലെന്നാണ് അവരുടെ പബ്ലിക് റിലേഷന്‍സ് കൈകാര്യം ചെയ്യുന്നവര്‍ തന്നെ വ്യക്തമാക്കുന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്. കേരളത്തിലെ സിനിമ സമരം മൂലമാണ് ഷൂട്ടിംഗ് തുടങ്ങാന്‍ വൈകുന്നതെന്നും ഇവര്‍ പറയുന്നതായി വാര്‍ത്തകള്‍ വരുന്നു.

എന്നാല്‍ കമല്‍ ചിത്രത്തില്‍ നിന്നും വിദ്യ ബാലന്‍ പിന്മാറിയതായുള്ള വാര്‍ത്തകള്‍ ബിജെപി/സംഘപരിവാറുകാര്‍ ആഘോഷമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിയെ അപമാനിച്ച കമലിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താന്‍ ഇല്ലെന്ന നിലപാടാണ് വിദ്യാബാലന്‍ സ്വീകരിച്ചതെന്നു പ്രചരിപ്പിച്ചാണു മോദി അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷം നടത്തുന്നത്.

മോദിക്കെതിരായും ദേശീയഗാന വിവാദത്തിലും എം ടി വിഷയത്തിലും അഭിപ്രായം പറഞ്ഞു സംഘപരിവാറിന്റെയും ബിജെപിയുടെയും കണ്ണിലെ കരടായി മാറി കഴിഞ്ഞ കമലിനെതിരേ കിട്ടിയ പുതിയ ആയുധമാണ് ഇപ്പോള്‍ വിദ്യ ബാലന്‍.

ഈ പ്രചരണങ്ങള്‍ക്കെല്ലാം ഇടയിലും വിദ്യ ബാലന്‍ കമല്‍ ചിത്രത്തില്‍ അഭിനയിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. വിദ്യ ബാലന്‍ മാധവിക്കുട്ടിയാകുമോ എന്നതിനപ്പുറം മാധവിക്കുട്ടിയെന്ന കമല സുരയ്യയുടെ ജീവിതം സിനിമയാകുമോ എന്ന ചോദ്യമായിരിക്കും വരുംദിവസങ്ങളില്‍ ഉയരാന്‍ സാധ്യത. എന്തായാലും അതിനു പിന്നില്‍ ഒരു രാഷ്ട്രീയം ഉണ്ടായിരിക്കുമെന്നതില്‍ സംശയം ഇല്ല.