അഴിമുഖം പ്രതിനിധി
രണ്ടു ദിവസം മദ്രസയില്‍ വരാതിരുന്നതിനു വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ വക ക്രൂരമര്‍ദ്ദനം. കാല്‍വണ്ണയില്‍ ചൂരല്‍ കൊണ്ടുള്ള അടിയുടെ വേദന സഹിക്കാന്‍ കഴിയാതെ കൈകൊണ്ട് തടയാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ വലുതു കൈയുടെ തള്ളവിരലിന്റെ എല്ലിന് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വളാഞ്ചേരി ആതവനാട് ചോറ്റൂര്‍ വടക്കേതില്‍ കുഞ്ഞീതുഹാജിയുടെ മകന്‍ പന്ത്രണ്ടു വയസുകാരനായ മുഹമ്മദ് അനസിനാണ് മദ്രസ അധ്യാപകനായ ഷൗക്കത്തിലിയില്‍ നിന്നുള്ള മര്‍ദ്ധനത്തില്‍ അനസിന്റെ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ ചൂരല്‍കൊണ്ട് അടിയേറ്റ പാടുകളുമുണ്ട്. ചോറ്റൂര്‍ മൊഹിമാത്തുദ്ദീന്‍ ഇസ്ലാം മദ്രസയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനസ്. ബുധനാവ്ച രാവിലെ മദ്രസയിലെത്തിയ കുട്ടിയെ സദര്‍ പദവിയിലുള്ള മദ്രസ അധ്യാപകനായ ഷൗക്കത്തലി. ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. വയറുവേദന കാരണമാണ് വരാതിരുന്നതെന്ന് പറഞ്ഞിട്ടും ഉസ്ദാത് തന്നെ അടിക്കുകയായിരുന്നെന്നും അനസ് പറയുന്നു. അനസിന്റെ സഹോദരിക്കും അധ്യാപകന്റെ തല്ല് കിട്ടിയിട്ടുണ്ട്.
സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കുട്ടി കരച്ചിലോടെ വീട്ടിലെത്തുമ്പോഴാണ് തങ്ങള്‍ വിവരം അറിയുന്നതെന്ന് അനസിന്റെ പിതാവ് കുഞ്ഞീതു ഹാജി പറയുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടുത്തെ പരിശോധനയിലാണ് എല്ലിന് പൊട്ടലേറ്റിട്ടുണ്ടെന്നു കണ്ടെത്തിയത്. കുട്ടിയോട് ക്രൂരമായി പെരുമാറിയതിന് മദ്രസ അധ്യാപകനെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഇയാള്‍ കുട്ടികളെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും കുഞ്ഞീതു ഹാജിയും അനസും പറയുന്നു. മുമ്പൊരിക്കല്‍ മദ്രസില്‍ എത്താന്‍ അല്‍പ്പം വൈകിയതിന് തന്റെ മുഖത്ത് ഉസ്താദ് അടിച്ചിട്ടുണ്ടെന്നും അനസ് പറയുന്നു. മറ്റു കുട്ടികളെയും ഇത്തരത്തില്‍ ഉപദ്രവിക്കാറുണ്ട്. പല കുട്ടികളും പേടികൊണ്ട് വീട്ടില്‍ വന്ന് പറയാത്തതാണെന്നു കുഞ്ഞീതു ഹാജി പറയുന്നു. ഷൗക്കത്തലിക്കെതിരെ മദ്രസ അധികൃതര്‍ക്കും പരാതി നല്‍കുമെന്ന് കുഞ്ഞീതു ഹാജി പറഞ്ഞു.
വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടിട്ടുണ്ട്. രക്ഷിതാവിന്റെ പരാതിയില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
This post was last modified on December 27, 2016 4:03 pm
Leave a Comment