X

ഈ നാട്ടില്‍ ജനിച്ചതില്‍ ഇത്രയേറെ ലജ്ജയും വേദനയും തോന്നിയ മറ്റൊരു ദിനമില്ല: മൈത്രേയന്‍

പോലീസുകാര്‍ കേരളത്തിലാദ്യമായിട്ടാണ് ഇങ്ങനെ നോക്കിനില്‍ക്കുന്നത്

ഈ നാട്ടില്‍ ജനിച്ചതില്‍ ഇത്രയേറെ ലജ്ജയും വേദനയും തോന്നിയ മറ്റൊരു ദിനമില്ലെന്ന് സാമൂഹിക നിരീക്ഷകന്‍ മൈത്രേയന്‍. മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ എഴുതിയ തുറന്നകത്തിലാണ് മൈത്രേയന്‍ ഇക്കാര്യം പറയുന്നത്. എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ നടന്ന അതിക്രമമാണ് ഈ കത്തെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

താങ്കള്‍ മുഖ്യമന്ത്രിയായ ഒരു സംസ്ഥാനത്തെ പോലീസ് ഇത്ര നിഷ്‌ക്രീയമായി കണ്‍മുന്നില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനം കണ്ടുകൊണ്ടു നില്‍ക്കുന്നത് സ്തബ്ധമായി നോക്കിയിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. മനുഷ്യര്‍ ഇങ്ങനെ ആദ്യമായാണ് പെരുമാറുന്നതെന്ന ആക്ഷേപമൊന്നും എനിക്കില്ല. പക്ഷെ, പോലീസുകാര്‍ കേരളത്തിലാദ്യമായിട്ടാണ് ഇങ്ങനെ നോക്കിനില്‍ക്കുന്നത്.

വളരെ വര്‍ഷത്തെ വളരെയധികം ആളുകളുടെ അധ്വാനഫലമായിട്ടാണ് പരസ്പര ബഹുമാനമുള്ള പൗരസമൂഹം നാം രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അതില്ലാതാക്കാന്‍ വളരെ എളുപ്പമാണെന്നും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഒരു ചെറു ന്യൂനപക്ഷം നടത്തുന്ന ഈ അക്രമത്തെ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം പറയുന്നു. ഇത് മുളയിലേ നുള്ളണം, ഇപ്പോള്‍ തന്നെ നാം താമസിച്ചുപോയി. അഫ്ഗാനിസ്ഥാന്‍ നമുക്കെല്ലാം ഒരു പാഠമാകേണ്ട ഇടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്. പക്ഷേ, ഇങ്ങനെ നോക്കി നില്‍ക്കാന്‍ നമുക്ക് ഒരു പോലീസിന്റെ ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അത് താങ്കള്‍ക്ക് മാത്രം തീരുമാനിക്കാന്‍ കഴിയുന്ന ഒന്നാണെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു. വേണ്ട നടപടികള്‍ എടുക്കുമെന്ന പ്രതീക്ഷയോടെ ഇനിയും ബഹുമാനം നഷ്ടപ്പെട്ടിട്ടില്ലാത്ത മൈത്രേയന്‍ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

This post was last modified on March 9, 2017 3:01 pm