X

അമ്പലവയല്‍ സദാചാര ആക്രമണം: മുഖ്യപ്രതി സജീവാനന്ദന്‍ പിടിയില്‍

മധൂറിലെ കൃഷിയിടത്തില്‍ ജോലിക്കാരനായിട്ട് സജീവാനന്ദന്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടികൂടിയത്.

വയനാട് അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി സജീവാനന്ദന്‍ പിടിയിലായി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഓട്ടോഡ്രൈവറുമായ സജീവാനന്ദന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ നിന്നായിരുന്നു യുവാവിനും യുവതിയിക്കും സദാചാര ആക്രമണം നേരിടേണ്ടി വന്നത്.

കര്‍ണാടക, മധൂറിലെ കൃഷിയിടത്തില്‍ ജോലിക്കാരനായിട്ട് സജീവാനന്ദന്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടികൂടിയത്. കോളിയടിക്കാരന്‍ ബിനോയ്, ജോസ് എന്നിവരുടെ കൃഷിയിടത്തിലെ ഷെഡില്‍ നിന്നും മാനന്തവാടി എഎസ്പിയുടെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത്. അമ്പലവയല്‍ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം നേമത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. വിജയകുമാര്‍ അമ്പലവയലില്‍ കെട്ടിടം വാടകയ്ക്ക് എടുത്ത് നടത്തിയിരുന്ന ലോഡ്ജില്‍ വച്ചാണ് യുവതിയ്ക്കും യുവാവിനും ആദ്യം സദാചാര ഗുണ്ടായിസം നേരിടേണ്ടി വന്നത്.

ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും അമ്പലവയലില്‍ എത്തി ഒരു ലോഡ്ജില്‍ താമസിക്കുമ്പോള്‍ സജീവാനന്ദന്‍ ഇവരുടെ മുറിയിലേക്ക് അതിക്രമിച്ചുകടക്കുകയും ഇവരോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇത് എതിര്‍ത്തതോടെ ബഹളമായി. ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദന്‍ രണ്ട് പേരെയും ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്‌നമായപ്പോള്‍ ഒതുക്കാന്‍ ഇരുവരെയും ലോഡ്ജ് ജീവനക്കാര്‍ പുറത്താക്കി. തുടര്‍ന്ന് സജീവാനന്ദന്‍ ഇവരെ പിന്തുടര്‍ന്ന് അമ്പലവയല്‍ ടൗണില്‍ വച്ച് ആക്രമിക്കുകയായിരുന്നെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയത്.