X

അതിര്‍ത്തി കടന്ന് വന്നവരല്ല, കശ്മീരില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും ഇന്ത്യക്കാരായ ഭീകരര്‍

കശ്മീരില്‍ ക്രമസമാധാന പാലനത്തിന് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ ആറ് മാസത്തിനുള്ളില്‍ കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരില്‍ ബഹുഭൂരിപക്ഷവും ഇന്ത്യക്കാരെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ടവരില്‍ 82 ശതമാനവും ഇന്ത്യക്കാരാണെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഈ വര്‍ഷം ഇതുവരെ 121 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 100 പേരും ഇന്ത്യക്കാരായിരുന്നു. 21 പേര്‍ മാത്രമാണ് പാകിസ്താനില്‍ നിന്നെത്തി കശ്മീരില്‍ കൊല്ലപ്പെട്ടത്. തെക്കന്‍ കശ്മീരിലാണ് തീവ്രവാദ പ്രവര്‍ത്തനം ഏറ്റവും സജീവമെന്നും സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പുല്‍വാമയില്‍ മാത്രം കൊല്ലപ്പെട്ടത് 36 പേരാണ്. ഷോപ്പിയാനില്‍ 34 പേരും അനന്ത്നാഗില്‍ 16 പേരും കൊല്ലപ്പെട്ടു.

ഈവര്‍ഷം സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം കശ്മീരില്‍നിന്നുതന്നെയുള്ള 79 പേര്‍ ഭീകര സംഘടനയില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 39 പേര്‍ ഹിസ്ബുല്‍ മുജാഹിദിനിലും 21 പേര്‍ ജെയ് ഷെ മുഹമ്മദിലും  പ്രവര്‍ത്തിക്കുന്നതെന്നുമാണ് സര്‍ക്കാരിന്റെ പക്കലുള്ള റിപ്പോര്‍ട്ട്. തെക്കന്‍ കശ്മീരില്‍നിന്നുതന്നെയാണ് കൂടുതല്‍ ആളുകള്‍ തീവ്രവാദ സംഘടനകളില്‍ ചേരുന്നത്. 20 പേര്‍ പുല്‍വാമയില്‍നിന്നും 15 പേര്‍ ഷോപ്പിയാനില്‍നിന്നും 13 പേര്‍ അനന്തനാഗില്‍നിന്നും തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നുവെന്നാണ് കണക്കാക്കുന്നത്.

ഈ വര്‍ഷത്തെ ആദ്യ ആറുമാസത്തില്‍ 71 സുരക്ഷ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഫെബ്രുവരിയില്‍ പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിലാണ് കൂടുതല്‍ സൈനികര്‍ക്ക് ജിവന്‍ നഷ്ടമായത്. 40 പേരാണ് അന്ന് കൊല്ലപ്പെട്ടത്. പുല്‍വാമ ഭീകരാക്രമണത്തിനെതിരെ ആണ് ഇന്ത്യ ബാലാക്കോട്ടില്‍ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയത്.

കശ്മീരില്‍ ക്രമസമാധാന പാലനത്തിനും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 10,000 സൈനികരെ കൂടുതലായി വിന്യസിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് ദിവസം മുമ്പ് തീരുമാനിച്ചിരുന്നു. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് ബിജെപിയുടെ കോര്‍ സമിതി യോഗം ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് നടത്തുന്നതടക്കമുള്ള സാധ്യതകള്‍ യോഗം പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

This post was last modified on July 30, 2019 9:11 am