ഇന്ദു
കൊല്ലം മാവടിയിലെ ഡിവൈഎഫ്‌ഐ മേഖല സമ്മേളനം മഴമൂലം മുടങ്ങാതിരിക്കാന്‍ ക്ഷേത്രത്തില്‍ ഗണപതിഹോമവും ഭഗവതിസേവയും നടത്തിയെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് മാതൃഭൂമിയാണ്. വഴിപാട് രസീത് സഹിതമായിരുന്നു വാര്‍ത്ത. ഒട്ടുംവൈകാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഡിവൈഎഫ്‌ഐയുടെ ഗണപതിഹോമക്കഥ കാട്ടുതീപോലെ പടര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ‘ഏലസ്’ ഏഷ്യാനെറ്റ് ചാനല്‍ കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ഗണപതിഹോമ രഹസ്യവും പുറത്തുവന്നത്.
പ്രമേഹരോഗിയായ കോടിയേരിയുടെ കുപ്പായകൈയ്യുടെ മറയ്ക്കുള്ളില്‍ കണ്ടത് കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് ഡയറിയാണെന്നും തെളിഞ്ഞപ്പോഴേക്കും മോശമല്ലാത്ത ഡാമേജ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും അതിന്റെ സംസ്ഥാന നേതാവിനും സംഭവിച്ചു കഴിഞ്ഞിരുന്നു. കോടിയേരിയുടെ ഉറുക്ക് കൊണ്ട് ചിരിപടച്ചവര്‍ മാപ്പ് പറഞ്ഞെങ്കില്‍ കൂടി.
ഇപ്പോഴിതാ മാതൃഭൂമിയുടെ വഴിപാട് രസീതിനു ബദലെന്നോണം മറ്റൊരു രസീത് സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്നു. ബാവലി പള്ളി മഖാം മദ്രസയുടെ രസീതാണ് മാതൃഭൂമിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. മാതൃഭൂമിപത്രം മുസ്ലിങ്ങളെല്ലാം വായിക്കാന്‍ വേണ്ടി പട്ടും പൂമടലിനുമായി 100 രൂപ സംഭാവന നല്‍കിയിരിക്കുന്നതിന്റെയാണ് രസീത്.
മാതൃഭൂമിക്ക് പറയാം, ഇത് മറ്റാരോ മനഃപൂര്‍വം ചെയ്തതാണെന്ന്! അവരുടെ വാദം അംഗീകരിക്കുന്നു. എന്നാല്‍, ഇത്തരമൊരു രസീത് പുറത്തിറക്കിയവര്‍ക്ക് ഒരു ഉദ്ദേശ്യമേയുള്ളൂ. ആരു വിചാരിച്ചാലും ആരെയും പരിഹസിക്കാനും പരിഭ്രമിപ്പിക്കാനും കഴിയുന്ന ഒരു കാലമാണിന്നെന്ന്!
ഇതിനൊപ്പം മാധ്യമങ്ങളോട് മറ്റൊന്നു കൂടി ചോദിക്കട്ടെ; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കക്ഷത്തിനിടയിലേക്ക് കാമറ സൂം ചെയ്യുന്നതും ദേവസ്വം ഓഫിസില്‍ ചെന്ന് കമ്യൂണിസ്റ്റുകാര്‍ ആരെങ്കിലും വഴിപാട് കുറിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതാണോ മലയാളത്തിലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം?
യെല്ലോ ജേര്‍ണലിസ (മഞ്ഞപത്രപ്രവര്‍ത്തനം)ത്തെക്കാള്‍ തരംതാണതാണ് ഇപ്പോള്‍ നടക്കുന്ന ‘ഏലസ്’ ജേര്‍ണലിസം എന്നു പറയേണ്ടി വരുന്നത് ഒരു മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ സ്വയം തലതാഴ്ത്തികൊണ്ടു തന്നെയാണ്. മാധ്യമപ്രവര്‍ത്തനസംബന്ധയായി നമുക്കുള്ള ചരിത്രത്തെ നോക്കി കൊഞ്ഞനംകുത്തുന്ന തരത്തിലുള്ള കുഴലൂത്തുകളാണല്ലോ ഇന്നു മുഖ്യധാര/ഓണ്‍ലൈന്‍ മാധ്യമമേഖലയില്‍ നടക്കുന്നതെന്ന് നിസ്സംശം പറയാം. നാലാംതൂണ് എന്ന പ്രയോഗം പോലും അര്‍ഹതയില്ലാത്ത വിശേഷണമായിരിക്കുന്നു.
നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ദിവസങ്ങള്‍ക്കു മുമ്പ് ആവശ്യപ്പെട്ടത് സഭയിലെ കാര്യങ്ങള്‍ ചാനലുകളുടെ ആക്ഷേപഹാസ്യപരിപാടികള്‍ക്ക് വിഷയമാക്കരുതെന്നായിരുന്നു. ഗവര്‍ണറുടെ നയപപ്രഖ്യാപന പ്രസംഗസമയത്ത് അംഗങ്ങള്‍ സുഖനിദ്രയിലാണ്ടത് മലയാള മാധ്യമങ്ങള്‍ കൊണ്ടാടിയപ്പോള്‍ അതങ്ങ് ദേശീയ തലത്തില്‍ വരെ ശ്രദ്ധയാകര്‍ഷിച്ചതാണ് സഭാനാഥനായ സ്പീക്കറെ ചൊടിപ്പിച്ചത്. സ്പീക്കറുടെ നടപടിയെ ജനാധിപത്യമര്യാദയുടെ പേരില്‍ ചോദ്യം ചെയ്യാം. പക്ഷെ അദ്ദേഹം പറഞ്ഞത് മൊത്തത്തില്‍ പതിരെന്നു തള്ളിക്കളയാനും പറ്റില്ല.
ആക്ഷേപഹാസ്യമെന്ന നിലയില്‍ എല്ലാ ചാനലുകളും അരമണിക്കൂര്‍ സ്ലോട്ട് നല്‍കി അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ സറ്റയറുകള്‍ വിലകുറഞ്ഞ കോമഡി പ്രോഗ്രാമുകളായി തരംതാഴുന്നു എന്നത് അതിന്റെ അവതാരകര്‍ക്കോ ചാനലിന്റെ നിയന്ത്രിതാക്കള്‍ക്കോ മനസിലാകുന്നില്ലെങ്കിലും കാണാനിരിക്കുന്ന കഴുതകള്‍ക്ക് തോന്നിത്തുടങ്ങിയിട്ട് കാലം കുറച്ചായിട്ടുണ്ട്. ഇത്തരം പരിപാടികളെ ആക്ഷേപഹാസ്യമെന്നല്ല ഹാസ്യാക്ഷേപം എന്നാണ് വിളിക്കേണ്ടതെന്നു സോഷ്യല്‍ മീഡിയ പ്രതികരിച്ചും കഴിഞ്ഞു. എന്നിട്ടും തങ്ങള്‍ കുഞ്ചന്‍ നമ്പ്യാരും സഞ്ജയനുമൊക്കെയാണെന്നു സ്വയംധരിച്ചുവശരായ അവതാരകര്‍ അരങ്ങുതകര്‍ക്കുയാണ്.
ഫലിതം ഏറ്റവും മൂര്‍ച്ചയേറിയ ആയുധം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ പറയാനറിയില്ലെങ്കില്‍ അതില്‍പ്പരം ദോഷം മറ്റൊന്നിനെക്കൊണ്ടും ആകത്തുമില്ല. പറയാന്‍ അറിയില്ലെന്നതു മാത്രമല്ല, പറയുന്നതപ്പടി പതിരാണെന്നതും കൂടിയാണ് ചാനലുകളുടെ ഹാസ്യാക്ഷേപ പരിപാടികളെ കുറിച്ച് പറയാനുള്ളത്. പുട്ടിന് പീരയെന്നോണം സിനിമ കോമഡി രംഗങ്ങള്‍ കുത്തിത്തിരുകി അതിലൂടെ വിമര്‍ശനമെന്നവണ്ണം അതാതുദിവസത്തെ രാഷ്ട്രീയവിഷയങ്ങളെ/രാഷ്ട്രീയക്കാരെ കളിയാക്കുന്നതിനെ മാധ്യമ ധര്‍മമെന്ന് വിളിക്കാന്‍ കഴിയുമോ? അപരനെ പരിഹസിക്കുമ്പോള്‍ അതവനൊഴിച്ച് ബാക്കിയെല്ലാവര്‍ക്കും ആനന്ദം നല്‍കുന്നതായതുകൊണ്ട് ഇപ്പോഴും ഒമ്പതര പരിപാടികള്‍ക്ക് കാഴ്ച്ചക്കാര്‍ കണ്ടേക്കാം. അത് കോട്ടിട്ടുവരുന്ന സഞ്ജയന്മാരുടെ മിടുക്കല്ല. അവര്‍ ചെയ്യുന്നത് പണ്ടേ നമ്പ്യാര്‍ പറഞ്ഞുവച്ചതുപോലെ; രാജ്യകാര്യങ്ങളെ ക്ലേശിക്കയെന്നൊരു വ്യാജം നടിച്ചു സമസ്ത സാധുക്കളെ/ തേജോവധം ചെയ്തു വിത്തമാര്‍ജ്ജിച്ചുകൊണ്ടാജീവനാന്തം കഴിക്കുകയെന്നതാണ്. ഒരു വ്യത്യാസമുള്ളത് ഇവര്‍ക്കവിടെ ആവശ്യത്തിന് വിത്തം(ധനം) കിട്ടിന്നേയില്ലെന്നാണ്.
കോടിയേരി ബാലകൃഷ്ണന്റെ ഏലസ് വാര്‍ത്തയില്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിച്ചതുകെണ്ട് പ്രസ്തുത ഹാസ്യാക്ഷേപ പരിപാടിക്കാര്‍ തങ്ങളുടെ ദര്‍ബാര്‍ തുടര്‍ന്നുകൊണ്ടിയേരിക്കുകയാണ്. പക്ഷേ അതവതരിപ്പിക്കുന്നവര്‍ മധ്യമപഠനം കഴിഞ്ഞെത്തിയവരും ദീര്‍ഘകാലമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു തഴക്കം വന്നവരുമാണെന്നിരിക്കെ കുറച്ചൊക്കെ ബോധം പുലര്‍ത്തേണ്ടവരായിരുന്നു. ഒരു ക്ലിപ്പിങ്ങ് കിട്ടുമ്പോള്‍ അത് ഏലസാണോ അല്ലയോ എന്നൊന്നും സ്ഥിരീകരിക്കാതെ കിട്ടിയതാകട്ടെ എന്നു കരുതുന്നത് കേവലമൊരു മാപ്പ് പറയല്‍ കൊണ്ട് അവരില്‍ നിന്നും പോകാത്ത അധാര്‍മികത തന്നെയാണ്. കണ്ണില്‍ക്കണ്ട ജനങ്ങളെയെല്ലാം/ എണ്ണിക്കൊണ്ടു ദുഷിക്കണമെന്നുള്ളതാണ് ഉത്തരവാദിത്വപ്പെട്ടൊരു ചാനലില്‍ നിന്നുകൊണ്ട് ഇത്തരം അവതാരകര്‍ വിചാരിക്കുന്നതെങ്കില്‍ കഷ്ടം എന്നത്രേ പറയേണ്ടതുള്ളൂ.
രാഷ്ട്രീയക്കാരെ കോമാളികളാക്കാന്‍ യാതൊരു മടിയും കാണിക്കാത്തവര്‍ എല്ലാ മേഖലയിലുമുള്ള ദുഷിപ്പുകളെ കുറിച്ച് അതേ ആര്‍ജ്ജവത്തോടെ പ്രതികരിക്കുന്നില്ലെന്നതും തദ്ദവസരത്തില്‍ പറയേണ്ടതുണ്ട്. ഉമ്മന്‍ ചാണ്ടിയേയും പിണറായി വിജയനേയും കുമ്മനം രാജശേഖരനെയും ചാടിക്കളിക്കുന്ന കൊച്ചുരാമന്മാരാക്കുന്ന മാധ്യമകേസരികള്‍ ഒരു ജ്വല്ലറിക്കാരനെയോ തുണിക്കട മുതലാളിയേയോ ആശുപത്രി ഉടമയേയോ മുന്നില്‍ കിട്ടിയാല്‍ മുട്ടിടിച്ച് മുതുക് കുനിക്കും. വടകരയില്‍ കോളേജ് വിദ്യാര്‍ത്ഥിനി റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്തതുപോലും നിസ്സാരവത്കരിച്ചാണ് ഒരു രാഷ്ട്രീയനേതാവിന്റെ കക്ഷത്തിലെന്താണെന്നു തിരക്കിനടക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ ഉത്സാഹിച്ചത്. ഒരു മനുഷ്യന്‍ പട്ടാപ്പകല്‍ ജ്വല്ലറിയ്ക്കകത്ത് പച്ചക്കുകൊളുത്തി ജീവനൊടുക്കിയിട്ടുപോലും മുഖം തിരിച്ചുനില്‍ക്കാനെ നമ്മുടെ മാധ്യമങ്ങള്‍ തയ്യാറായുള്ളൂ. ഒന്നിനുമേലെ ഒന്നായി പരാതികളും ആരോപണങ്ങളും ഉന്നയിക്കപ്പെടുന്ന കോടിശ്വരനായ ജ്വല്ലറി ഉടമയെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യധാര മാധ്യമങ്ങള്‍ വിസമ്മതിക്കുന്നൂ എന്നു പരിതപിക്കുന്നവരോട് ആ മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്നതാണ് ലളിതമായ മറുപടി. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം നടത്തുന്നുവെന്നു പറയുന്ന ഒരു ചാനലിന്റെ പ്രൈം ടൈം ന്യൂസിന്റെ പ്രധാന സ്‌പോണ്‍സര്‍ തന്നെ ആ മുതലാളിയെന്നു കാണാം.
വീടും പറമ്പും വിറ്റ് പഠിക്കാന്‍ വരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അധികൃതരുടെ പീഢനം മൂലം ചാടിചത്താലും അതു വാര്‍ത്തയാകില്ല. കാരണം, വാര്‍ത്തയെഴുതേണ്ടത് അതിസമ്പന്നനായ ഒരാള്‍ക്കെതിരെയായിരിക്കുമെന്നത് തന്നെ. എഴുതാതെ തരമില്ലെങ്കില്‍ അത് ആശുപത്രിക്കെതിരെയാട്ടാണെങ്കിലും സ്വര്‍ണപീടികയ്‌ക്കെതിരായിട്ടാണെങ്കിലും ബുദ്ധിപൂര്‍വം പ്രയോഗിക്കാനൊരു വാക്ക് തന്നെ നമ്മുടെ മാധ്യമങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്; ‘പ്രമുഖ’. അതാകുമ്പോള്‍ ഇലയ്ക്കും മുള്ളിനും കേടില്ല. വിശന്നാല്‍ ഒരു അപ്പ കഷ്ണം മോഷ്ടിക്കുന്നവനെ ആഗോളകുറ്റവാളായിക്കി അവന്റെ നാളും പേരും ഊരും വീട്ടിലേക്കുള്ള വഴിയും സഹിതം വാര്‍ത്ത പടയ്ക്കുന്നവരാണ് രാഷ്ട്രീയക്കാരനല്ലാത്ത എല്ലാ കാശുള്ളവന്‍മാരെയും പ്രമുഖരാക്കി തടികഴച്ചിലാക്കുന്നത്.
ഡിവൈഎഫ്‌ഐക്കാരന്‍ വഴിപാട് കഴിക്കുന്നതും കോടിയേരി എലസുകെട്ടുന്നതും അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഭാര്യ പൂമൂടുന്നതും വ്യക്തിസ്വാതന്ത്ര്യമായി കാണാനുള്ള കണ്ണും ജനാധിപത്യത്തിന്റെ നാലാംതൂണുകാര്‍ക്ക് ഉണ്ടാകുന്നതില്‍ അംഭംഗിയൊന്നുമില്ല. അതിനൊന്നും മെനക്കിടാതെ ഇമ്മാതിരി ‘ഏലസ്’ ജേര്‍ണലിസം കൊണ്ടു നടക്കുന്നതുകൊണ്ടാണ്, അത്രവലിയ തെറ്റൊന്നും ചെയ്യാതിരുന്നിട്ടു കൂടി വക്കീലന്മാര്‍ കല്ലെറിഞ്ഞിട്ടും കാലുപൊക്കി തൊഴിച്ചിട്ടും കോടതിയില്‍ കയറ്റാതെ ഓടിച്ചുവിട്ടിട്ടും അവന്മാര്‍ക്കതൊക്കെ വേണ്ടതാണെന്ന് മാധ്യമപ്രവര്‍കരെ നോക്കി സാമാന്യജനം പുച്ഛിക്കുന്നതെന്ന് ഞാനുള്‍പ്പെടെയുള്ള എല്ലാ മാധ്യമപ്രവര്‍ത്തകരും മനസിലാക്കേണ്ടത് അത്യാവശ്യമായി കഴിഞ്ഞിരിക്കുന്നു.
(മാധ്യമപ്രവര്‍ത്തകയാണ് ഇന്ദു)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
This post was last modified on July 28, 2016 9:48 pm
Leave a Comment