X

ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍; സിറിയയിലും ഇറാഖിലും തകര്‍ന്നടിഞ്ഞിട്ടും ഐ എസിനോടുള്ള ഭ്രമം കുറയുന്നില്ല

മലപ്പുറം സ്വദേശികളാണ് അഫ്ഗാനിസ്താനിലേക്ക് കടന്നത്.

സിറിയയിലും ഇറാഖിലും കനത്ത തിരിച്ചടി നേരിടുകയും നിരവധി പ്രധാന നേതാക്കള്‍ കൊല്ലപ്പെടുകയും ചെയ്തുവെങ്കിലും ഭീകര സംഘടനയായ ഐഎസിനോട് ചിലര്‍ക്കുള്ള താല്‍പര്യം കുറയുന്നില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ജനുവരിയില്‍ ഒരു മലയാളി കുടുംബം അഫ്ഗാനിസ്ഥാനിലെ ഐഎസില്‍ ചേര്‍ന്നതായി തെളിഞ്ഞത്. ദുബായില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന ദമ്പതികളാണ് പുതുതായി ഐഎസില്‍ ചേര്‍ന്നത്.

മലപ്പുറം വാളാഞ്ചേരിയില്‍നിന്നുള്ള സുനൈയില്‍ ഫേ, ഭാര്യ സമീമ എന്നിവര്‍ അഫ്ഗാനിസ്ഥാനിലെത്തിയതായാണ് റിപ്പോര്‍ട്ട്. മൂന്ന് മക്കളെയും കൂട്ടിയാണ് ഇവര്‍ ഐഎസില്‍ ചേര്‍ന്നത്. എഞ്ചിനീയറിംങ് ബിരുദധാരികളാണ് ഇരുവരും. ഇറാനിലെ തെഹ്‌റാനില്‍ നിന്നും അഫ്ഗാനിസ്താനിലെ നഗ്രഹാര്‍ പ്രവിശ്യയിലാണ് ഇവര്‍ എത്തിയതെന്നാണ് സൂചനയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമീമ കുറ്റ്യാടി സ്വദേശിയാണ്. വിവാഹത്തിന് മുമ്പ് ഇവര്‍ മതകാര്യങ്ങളില്‍ അത്ര താല്‍പര്യം കാണിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എങ്ങനെയാണ് തീവ്രവാദ സ്വഭാവമുള്ള ചിന്തകളിലേക്ക് ഇവര്‍ എങ്ങനെ എത്തിപ്പെട്ടുവെന്ന് വ്യക്തമല്ല. ഇതിന് പുറമെ രണ്ട് കുടുംബങ്ങളും മറ്റൊരു യുവാവും ഇതേ സമയത്ത് ഐഎസില്‍ ചേര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം അഫ്ഗാനിസ്താനിലെത്തിയ അന്‍വര്‍ അധികം വൈകാതെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇയാളോടൊപ്പം പോയ സാജിദ്, ഭാര്യ രണ്ട് കുട്ടികള്‍ നിസാമുദ്ദീന്‍ എന്നിവരെ കുറിച്ച് വിവരങ്ങളൊന്നുമില്ല.

മൂന്ന് നാല് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് നൂറോളം പേര്‍ ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നതായാണ് കഴിഞ്ഞ ഡിസംബറില്‍ കേരള പോലീസ് പറഞ്ഞത്. ദുബായിലൂടെയാണ് പലരും സിറിയയിലും അഫ്ഗാനിസ്ഥാനിലും എത്തിപ്പെടുന്നതെന്നാണ് പൊലീസ് പറഞ്ഞത്. പുതിയ സംഭവങ്ങളും തെളിയിക്കുന്നത് ഇതുതന്നെയാണ്.

2016 ലാണ് കേരളത്തില്‍നിന്ന് ഐഎസിലേക്ക് ആളുകള്‍ ചേര്‍ന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. കാസര്‍കോട് പാലക്കാട് ജില്ലകളില്‍നിന്നുളളവരാണ് കുടുംബമായി സിറിയയിലേക്കും അഫ്ഗാനിസ്താനിലേക്കും കടന്നതായി വ്യക്തമായത്. ഇതില്‍ ചിലരുടെ കുടുംബങ്ങള്‍ മുഖ്യമന്ത്രിയെ പിണറായി വിജയനെ കാണുകയും പരാതി നല്‍കുകയുമായിരുന്നു. ഇസ്ലാമിലേക്ക് പുതുതായി പരിവര്‍ത്തനം ചെയ്തവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

തലശ്ശേരിക്ക് സമീപം കനകമലയില്‍നിന്ന് ഐഎസ് ബന്ധം ഉണ്ടെന്ന് ആരോപിച്ച് അഞ്ചുപേരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത് ഇതിന് ശേഷമാണ്. പിന്നീട് ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയെന്ന് കരുതുന്ന കാഞ്ഞങ്ങാട് സ്വദേശി മോയ്‌നുദ്ദീന്‍ പാറക്കടവത്തിനെ എന്‍ ഐ എ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സിറിയയിലും ഇറാഖിലും ഐഎസിന് തിരിച്ചടി നേരിട്ടതിന് ശേഷവും ഐഎസിനോടുള്ള മലയാളികളില്‍ ചിലരുടെ ആഭിമുഖ്യത്തിന് ഉലച്ചില്‍ തട്ടിയിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also Read: സിറിയയില്‍ പട്ടിണിയാണ്, എനിക്ക് തിരിച്ചുവരണം; വീട്ടുകാരോട് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി

കഴിഞ്ഞ മാര്‍ച്ചിലാണ് സിറിയന്‍ സേന ഐഎസിന്റെ കേന്ദ്രങ്ങള്‍ മുഴുവന്‍ തകര്‍ത്തതായി അവകാശപ്പെട്ടത്. അഞ്ച് വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് ഐഎസ് കേന്ദ്രങ്ങള്‍ വിമോചിക്കപ്പെട്ടത്.

2014 ലാണ് അബു ബക്കര്‍ അല്‍ ബാഗ്ദാദി ഇറാഖിലെ മൊസൂളിലെ അല്‍ നൂറി പള്ളിയില്‍വെച്ച് ഖിലാഫത്ത് സ്ഥാപിക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. ഇതിന് ശേഷം അഞ്ച് വര്‍ഷത്തോളം നീണ്ടുനിന്ന പോരാട്ടമാണ് ഐഎസിനു നേരെ നടന്നത്. സിറിയയിലും ഇറാഖിലെയും കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടെങ്കിലും അഫ്ഗാനിസ്താനില്‍ ഇപ്പോഴും ചില കേന്ദ്രങ്ങള്‍ ഐഎസിന്റെ നിയന്ത്രണത്തിലുണ്ട്. അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം ഇവര്‍ക്ക് സഹായകമായെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

Read More: വെനസ്വേലയില്‍ നിന്നും കൂട്ടപലായനം; എണ്ണം 4 ദശലക്ഷം കടന്നതായി യു എന്‍

This post was last modified on June 8, 2019 2:19 pm