X

ഹിന്ദു പെണ്‍കുട്ടി ഒളിച്ചോടിയതിന്റെ പേരില്‍ യുപിയില്‍ മധ്യവയസ്‌കനെ തല്ലിക്കൊന്നു

സംഭവത്തിന് പിന്നില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച സംഘടന

ഹിന്ദു പെണ്‍കുട്ടി മുസ്ലിം യുവാവിനൊപ്പം ഒളിച്ചോടിപ്പോയ സംഭവത്തില്‍ യുവാവിന്റെ ബന്ധുവായ മധ്യവയസ്‌കനെ തല്ലിക്കൊന്നു. യുപിയിലെ ബുലന്ദ്ഷറിലാണ് സംഭവം. 45കാരനായ ഗുലാം മുഹമ്മദ് ആണ് പത്തംഗ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2002ല്‍ സ്ഥാപിച്ച ഹിന്ദു യുവവാഹിനിയുടെ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് ബുലന്ദ്ഷര്‍ എസ് പി മാന്‍സിംഗ് ചൗഹാന്‍ അറിയിച്ചു. ഏപ്രില്‍ 27ന് പത്തൊമ്പതുകാരനായ യൂസഫ് ആണ് പതിനെട്ടുകാരിയായ ഹിന്ദുപെണ്‍കുട്ടിയുമായി ഒളിച്ചൊടിയത്. യൂസഫിന്റെ അകന്ന ബന്ധുവാണ് കൊല്ലപ്പെട്ട ഗുലാം. പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ബന്ധുക്കള്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇരുവരും എവിടെയുണ്ടെന്ന് ഗുലാമിന് അറിയാമെന്ന് ആരോപിച്ചാണ് സംഘം ഇദ്ദേഹത്തെ ആക്രമിച്ചത്.

കാവിക്കൊടികള്‍ കൊണ്ട് മുഖം മറച്ചാണ് അക്രമികള്‍ എത്തിയത്. നാല് മുസ്ലിം കുടുംബങ്ങള്‍ മാത്രമാണ് ഈ പ്രദേശത്തുള്ളത്. ഈ സംഭവത്തോടെ ഭയന്നുപോയ ഇവര്‍ നാടുവിട്ട് പോകാന്‍ ഒരുങ്ങുകയാണ്. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഗുണമുണ്ടായില്ലെന്നാണ് ഗുലാമിന്റെ മൂത്തമകന്‍ യാസിന്‍ അഹമ്മദ് പറഞ്ഞത്. അതേസമയം ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഹിന്ദു യുവവാഹിനിയുടെ ആക്രമണങ്ങള്‍ കൂടിയെന്നും സംഘടനയില്‍ അംഗമാകണമെന്ന് ആവശ്യപ്പെട്ട് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ഗുലാമിന്റെ ഇളയമകന്‍ വാകില്‍ പറഞ്ഞു. സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.

This post was last modified on May 4, 2017 4:12 pm