X

ഫോണ്‍ കെണി: മംഗളം സിഇഒ അജിത് കുമാറിനും റിപ്പോര്‍ട്ടര്‍ ജയചന്ദ്രനും ജാമ്യമില്ല

മോഷണം പോയെന്ന് പറയുന്ന ലാപ്‌ടോപ്പും ഓഡിയോ ട്രാക്കും ഹാജരാക്കാതെ രക്ഷയില്ല

മുന്‍മന്ത്രി എകെ ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയ കേസില്‍ ചാനല്‍ സിഇഒ അജിത് കുമാര്‍, സീനിയര്‍ റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ അസല്‍ പകര്‍പ്പ് ലഭിക്കാതെ ജാമ്യം അനുവദിക്കാനാകില്ലെന്നാണ് കോടതി അറിയിച്ചത്.

അതേസമയം വാര്‍ത്താ അവതാരകര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. സംഭാഷണം എഡിറ്റ് ചെയ്ത് മന്ത്രിയുടെ ഭാഗം മാത്രം സംപ്രേഷണം ചെയ്തത് ദുരുദ്ദേശപരമാണെന്ന് കോടതി നിരീക്ഷിച്ചു. ലാപ്‌ടോപ്പും പെന്‍ഡ്രൈവും മോഷണം പോയെന്ന് പറയുന്ന പ്രതികളുടെ വാദം അവിശ്വസനീയമാണെന്നും കോടതി വിലയിരുത്തി. മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മോഷണം പോയെന്ന് അജിത് കുമാര്‍ പരാതി നല്‍കിയിരുന്നെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു കണ്ടെത്തല്‍.

ശശീന്ദ്രനെ ഫോണില്‍ വിളിച്ച് കുടുക്കിയെന്ന് സംശയിക്കുന്ന ലേഖിക കോടതിയിലും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ശശീന്ദ്രന്‍ ലൈംഗിക ദുരുദ്ദേശത്തോടെ നിരന്തരം ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയെന്നും അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. പരാതിയുമായെത്തിയ യുവതിയോട് മന്ത്രി അശ്ലീലസംഭാഷണം നടത്തിയെന്നാണ് ശബ്ദരേഖ പുറത്തുവിട്ടപ്പോള്‍ ചാനല്‍ അവകാശപ്പെട്ടത്. അന്ന് തന്നെ മന്ത്രി രാജിവയ്ക്കുകയും ചെയ്തു.

This post was last modified on April 12, 2017 4:13 pm