അഴിമുഖം പ്രതിനിധി
സിനിമാതരാങ്ങളെ എല്ലാവരും അറിയുമെന്ന ധാരണ തെറ്റാണെന്നു നടി മഞ്ജു വാര്യര്‍. തനിക്ക് നേരിട്ടൊരു അനുഭവത്തിലൂടെയാണ് മഞ്ജു ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. കരിങ്കുന്നം സിക്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു മഞ്ജുവിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചോദ്യം ഉയര്‍ന്നത്. തന്റെ ഫേസ്ബുക്കില്‍ ഇട്ടകുറിപ്പിലാണ് മഞ്ജു വാര്യര്‍ ഈ അനുഭവം പങ്കുവയ്ക്കുന്നത്.
മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കുക
ഇപ്പോള്‍ അഭിനയിക്കുന്നത് കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തിലാണ്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ടിങ്. ചുറ്റും കാഴ്ചക്കാരുടെ തിരക്കുണ്ട്. അതിനിടയിലാണ് തനി നാട്ടിന്‍പുറത്തുകാരിയായ ഒരമ്മൂമ്മ കാണാന്‍ വന്നത്. നല്ലപ്രായമുണ്ട്. ലുങ്കിയും ബ്ലൗസും തോര്‍ത്തുമാണ് വേഷം. ഞാന്‍ വന്നിട്ടുണ്ടെന്നറിഞ്ഞ് കുറേ കഷ്ടപ്പെട്ടെത്തിയതാണെന്ന് ആരോ പറഞ്ഞു. അതോടെ അമ്മൂമ്മയോടുള്ള ഇഷ്ടം കൂടി. ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു. ഞാന്‍ വിശേഷമൊക്കെ ചോദിച്ചു. പാറുവെന്നാണ് പേര്. അമ്മൂമ്മയ്ക്ക് നല്ലപോലെ യോജിക്കുന്ന പേര്. പോകാന്‍ നേരം പാറു അമ്മൂമ്മ എന്നോട് ചോദിച്ചു..
പ്യേരെന്തെരീീീീ….!!!!
പകച്ചുപോകുകയല്ല,പകരം ചിരിച്ചുപോകുകയായിരുന്നു ഞാന്‍…
സിനിമാതാരങ്ങളെ എല്ലാവരും അറിയുമെന്ന ധാരണയെ ഒറ്റച്ചോദ്യത്തിലൂടെ തിരുത്തിക്കളഞ്ഞ പാറു അമ്മൂമ്മയ്ക്ക് സലാം..
This post was last modified on December 27, 2016 3:54 pm