X

‘മത്സ്യത്തൊഴിലാളികൾ നൽകിയത് ജാതിമതാതീതമായ നവോത്ഥാനത്തിന്റെ സന്ദേശം:’ മനോരമ ന്യൂസ് മേക്കർ പുരസ്കാരം പ്രഖ്യാപിച്ചു

പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികൾക്ക് മനോരമ ന്യൂസ്മോക്കർ പുരസ്കാരം. ഒരു സ്വകാര്യ ബിസിനസ് സ്ഥാപനവുമായി സഹകരിച്ച് മനോരമ ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് മത്സ്യത്തൊഴിലാളികളെ വാർത്താ താരങ്ങളായി തെരഞ്ഞെടുത്തത്.

സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. മനുഷ്യന്റെ മനസ്സ് എങ്ങനെയായിരിക്കണം എന്നാണ് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാതിമതാതീതമായ നവോത്ഥാനത്തിന്റെ സന്ദേശമാണ് മത്സ്യത്തൊഴിലാളികൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുരീപ്പുഴ ശ്രീകുമാര്‍, ഐ.എം.ജി. അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. അനീഷ്യ ജയദേവ് എന്നിവര്‍ ന്യൂസ്മേക്കർ തെരഞ്ഞെടുപ്പിനെ വിലയിരുത്തി.

പ്രളയകാലത്ത് സൈന്യത്തിനു പോലും എത്തിപ്പെടാൻ പറ്റാതിരുന്ന മേഖലകളിൽ സ്തുത്യർഹമായ സേവനമാണ് മത്സ്യത്തൊഴിലാളികൾ കാഴ്ച വെച്ചത്. ആയിരക്കണക്കിനാളുകളെ രക്ഷിക്കാൻ ഇവരുടെ പ്രവർത്തനങ്ങൾക്കായി. ലോകമെങ്ങും പ്രശംസിക്കപ്പെടുകയുണ്ടായി മത്സ്യത്തൊഴിലാളികളുടെ ധീരമായ സേവനം. ന്യൂമേക്കർ പുരസ്കാരത്തിന് ഇതാദ്യമായാണ് ഒരു സമൂഹം അർഹത നേടുന്നതെന്ന് മനോരമ പറഞ്ഞു.