X

എം എം മണിയെ അനുകൂലിച്ച കുഴൽനാടന്റെ ഫേസ്ബുക്കിൽ കോൺഗ്രസ്സുകാരുടെ പൊങ്കാല

അഴിമുഖം പ്രതിനിധി 

“നിറം കൊണ്ടോ ഭാഷ കൊണ്ടോ ശൈലി കൊണ്ടോ മാത്രം ഒരാൾ നിങ്ങൾക്ക്‌ അനഭിമതൻ ആകുന്നുവെങ്കിൽ അത്‌ അയാളുടെ മാത്രം കുറ്റമല്ല, വ്യക്തമായും നിങ്ങളുടെ കൂടി പ്രശ്നമാണ്‌. അലക്കിത്തേച്ച ഭാഷയും നിറം മുക്കിയ ചിരിയും എടുത്തണിഞ്ഞ മേൽകുപ്പായവും ആവരുത്‌ ഒരാളുടെയും അളവുകോൽ” എം എം മണിയെ അപമാനിക്കുന്ന വംശവെറിയുടെ പോസ്റ്റുകളുമായി സിനിമ സംവിധായകൻ മുതൽ കെ എസ് യുക്കാരൻ വരെ നിരന്നപ്പോൾ കോൺഗ്രസ് നേതാവ് ഡോ.മാത്യു കുഴൽനാടൻ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് ആണിത്. രാഷ്ട്രീയമായ എല്ലാ വിയോജിപ്പുകളും നിലനിർത്തി തന്നെയാണ്‌ എം.എം മണിയുടെ മന്ത്രിസഭാ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നത്‌ എന്ന് ആമുഖത്തോടെ ആണ് എഴുതി തുടങ്ങിയത്. പലരുടെയും പ്രതികരണം അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും പ്രാകൃതവും ആണെന്ന് എഴുതിയ പോസ്റ്റിനു താഴെയായി കമന്റു പൊങ്കാല സ്വന്തം പാർട്ടിക്കാർ തന്നെ ഇട്ടു തുടങ്ങി. 

അഞ്ചേരി ബേബിയെപോലുള്ള നേതാവിനെ മറക്കരുത് എന്ന് ഓർമിപ്പിച്ച കമന്റിന് താഴെ സോഷ്യൽ മീഡിയയിലെ പ്രവർത്തകർ കളം നിറഞ്ഞു. “സ്വന്തം നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസുകള്‍ വന്നാല്‍ കോടതി വിചാരണ പോലും കഴിയുന്നതിന് മുന്നേ മുന്‍വിധിയോടെ അവരെ ക്രൂശിക്കാന്‍ നില്‍ക്കും …. നാല് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ വെട്ടിയും വെടിവെച്ചും കുത്തിയുമൊക്കെ കൊന്നിട്ടുണ്ട് എന്ന് പ്രസംഗിച്ചു നടന്ന ഒരുത്തന്‍ മന്ത്രിയായപ്പോള്‍ അങ്ങേരെ പുകഴ്ത്താന്‍ ഇതേ നേതാക്കള്‍ തന്നെ മുന്നില്‍… അണികളുടെ വികാരം തിരിച്ചറിയാത്ത നേതാക്കള്‍ കോണ്‍ഗ്രസ്സിന്റെ ശാപം” എന്ന കമന്റിന് മാത്രം നിരവധി ലൈക്കുകള്‍ കിട്ടിക്കഴിഞ്ഞു. ബേബി അഞ്ചേരി കൊലക്കേസിലെ വിചാരണയ്ക്ക് എം എം മാണി ഹാജരാകാതിരുന്നതിനെ തുടന്ന് കോടതി താക്കീത് നൽകിയ വാർത്തയുടെ  പേപ്പർ കട്ടിങ് ചേർത്ത് “കോണ്‍ഗ്രസ്സുകാരനായ ബേബി അഞ്ചേരി ഓട്ടോ ഇടിച്ചല്ല മരിച്ചത്” എന്ന് കൂടി മാത്യു കുഴൽ നാടനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

കൊടും ക്രിമിനൽ ആയ എം എം മണിയെ ട്രോളിയപ്പോൾ കോൺഗ്രസ് നേതാവിന് എന്താ പൊള്ളിയത് എന്നും കമന്റിൽ ചോദിക്കുന്നു. കോൺഗ്രസ്‌ പ്രവർത്തകരുടെ ശവശരീരത്തിലേക്ക്‌ കാർക്കിച്ച്‌ തുപ്പുന്നതിനു തുല്ല്യമാ നേതാവേ ഈ മണി വാഴ്ത്തുകൾ…കുറേ ഊള മണി ഫാൻസുകൾ….എന്ന് ആക്ഷേപിച്ചാണ് കമന്റ് അവസാനിക്കുന്നത്. ചാനലിൽ വന്നിരുന്നു ചർച്ച ചെയ്യുമ്പോൾ  കൈയ്യടിക്കു വേണ്ടിയാണ് ഇത്തരം പോസ്റ്റ് എന്ന് മറ്റൊരു കമന്റ് . 

ഏതു വിഷയത്തിലും കൂടെ നിൽക്കുന്ന കെ സുധാകരൻ ആണ് യഥാർത്ഥ നേതാവ് എന്ന് ഒരു സുധാകര ഭക്തൻ കമന്റ് ചെയ്യുന്നു. ഒരു സാധാരണ പ്രവർത്തകൻ ആത്മരോഷം തീർക്കുന്നത് കുഴൽനാടന് താക്കീത് നൽകി കൊണ്ടാണ്.  “നിങ്ങൾ നേതാക്കന്മാർക്ക്‌ എന്തും ചെയ്യാം, നിങ്ങൾ സഹകരിച്ച്‌ പോവണം. മന്ത്രി സ്ഥാനത്തെ സ്വാഗതം ചെയ്യാം.നാളെ ഇവർക്കെതിരെ സമരവും ചെയ്യാം.അതൊക്കെ നിങ്ങളുടെ ഇഷ്ടം.എന്നാൽ മണിയുടെ മുൻകാല പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മണിയെ എതിർക്കുന്നവരെ കുറ്റപ്പെടുത്തുവാൻ നിങ്ങൾക്ക്‌ എന്ത്‌ അവകാശമാണുള്ളത്‌. നിറവും വർണ്ണവും നോക്കിയല്ല മണിയെ എതിർക്കുന്നത്‌. കോൺഗ്രസ്സ്‌ പ്രവർത്തകരെ പച്ചക്ക്‌ വെട്ടി കൊന്നത്‌ തങ്ങളാണെന്ന് വിളിച്ച പറഞ്ഞ ഒരാൾ കേരള മന്ത്രിസഭയിലേക്ക്‌ വരുമ്പോൾ അതിനെ എതിർക്കും ഞങ്ങൾ. ആ അണികളെ മോശക്കാരാക്കി സ്റ്റാറ്റസ്‌ ഇട്ടാൽ സഹിച്ചെന്ന് വരില്ല. അത്‌ ഏത്‌ കൊമ്പത്തെ നേതാവായാൽ പോലും” എന്ന കമന്റിന് ശേഷം പറയുന്നത് സിപിഎം കാരുടെ പ്രേതം കുഴൽനാടനെ പിടികൂടിയിട്ടുണ്ടെന്നും മാധ്യമ ശ്രദ്ധ നേടാനുമെന്നൊക്കെയാണ്. ജയരാജൻ രാജി വയ്ക്കേണ്ടായിരുന്നു എന്നുപോലും ഒരു കമന്റിൽ പറഞ്ഞു കളഞ്ഞു. കുഴൽനാടനെ ഇരുത്തേണ്ടടുത്തു ഇരുത്തിക്കളയുമെന്നു ഒരാൾ ഭീഷണിപ്പെടുത്തുന്നു.

കെ ബാബുവിന്റെ വസതിയിൽ വിജിലൻസ് റെയിഡ് നടത്തിയപ്പോൾ ബാബുവിനെ പിന്തുണക്കാതിരുന്നതിലാണ് കുഴൽനാടനിൽ ചിലർ കുറ്റം കണ്ടെത്തുന്നത്‌. പോസ്റ്റിനെ ന്യായീകരിക്കുകയും പിന്താങ്ങുകയും ചെയ്യുന്ന നിരവധി കമന്റുകളും എത്തുന്നുണ്ട് എന്നതാണ് ഒരാശ്വാസം. “ലോ കോളേജിൽ ഉണ്ടായിരുന്നപ്പോൾ സീനിയറായി ഉണ്ടായിരുന്ന ആളാണ് ഞാൻ. അവിടെ എല്ലാ മർദ്ദനങ്ങളും സ്വന്തം പ്രസ്ഥാനത്തിന് വേണ്ടി ഇന്ന് മാത്യുവിനേക്കാൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉയരങ്ങളിൽ ഉള്ളവർ ഒളിച്ചോടിയപ്പോൾ തന്‍റേടത്തോടെ നേരിട്ടുള്ള ആളാണ്…”  കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ കെ എസ്  യു നേതാവിനെ പരോക്ഷമായി പരാമർശിച്ചാണ് മാത്യു അനുകൂലി കമന്റ് എഴുതിയത്. പെട്ടി ചുമപ്പുകാരുടെ വിധേയത്വം എന്ന് പറഞ്ഞു വിമർശകരുടെ വായടപ്പിക്കാനാണ് കെ എസ് യു നേതാവായ അനൂപ് മോഹൻ ശ്രമിക്കുന്നത്. 

രാഷ്ട്രീയപരമായി എതിർത്തുകൊണ്ട് തന്നെ വ്യക്തിപരമായി യോജിക്കാനുള്ള അഹ്വാനത്തെ തള്ളിക്കളയുന്ന ശ്രമമാണ്  ഭൂരിപക്ഷം കമന്റുകളിലും കാണുന്നത്.

This post was last modified on November 22, 2016 1:34 pm