X

ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് ശിക്ഷയുണ്ടാവില്ല; മാനസിക ആരോഗ്യശുശ്രൂഷ ബില്‍ പാസാക്കി

കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ മൂലമാണ് ആളുകള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് അതിനാല്‍ ഇവരെ ഇനി ശിക്ഷിക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്നാണ് ബില്ലില്‍ പറഞ്ഞിരിക്കുന്നത്

മാനസികാരോഗ്യ ശുശ്രൂഷ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വ്യവസ്ഥ ചെയ്യുന്ന 2016-ലെ മാനസിക ആരോഗ്യശുശ്രൂഷ ബില്‍ തിങ്കളാഴ്ച ലോക്‌സഭ പാസാക്കി. ആത്മഹത്യ ശ്രമം കുറ്റകരമല്ലാതാക്കാനും മാനസിക രോഗമുള്ളവര്‍ക്ക് മാനസിക ആരോഗ്യശുശ്രൂഷയും സേവനങ്ങളും ലഭ്യമാക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ മൂലമാണ് ആളുകള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതെന്നും അതിനാല്‍ ഭരണഘടനയുടെ 309-ാം വകുപ്പ് പ്രകാരം ഇവരെ ഇനി വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ അനുവാദമുണ്ടായിരിക്കില്ലെന്നും ബില്ലില്‍ പറഞ്ഞിരിക്കുന്നു. മാനസിക രോഗമുള്ളവരുടെ സ്വത്തിലുള്ള അവകാശം സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഢ പറഞ്ഞു. പ്രതിപക്ഷം കൊണ്ടു വന്ന എല്ലാ ഭേദഗതികളും നിരാകരിക്കപ്പെട്ടു. ശബ്ദ വോട്ടോടെയാണ് സഭ ബില്ല് പാസാക്കിയത്.

‘രോഗി കേന്ദ്രീകൃത’ നടപടിയായിട്ടാണ് ബില്ലിനെ നഡ്ഢ വിശേഷിപ്പിച്ചത്. രോഗികളെ ശാക്തീകരിക്കുകയും അവര്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നു എന്ന് ഉറപ്പോക്കുകയു ചെയ്യുകയാണ് ബില്ലിന്റെ ലക്ഷ്യം. 1987 മാനസിക രോഗ ചട്ടം സ്ഥാപനവല്‍കൃതമാണെങ്കില്‍ ഇപ്പോഴത്തെ ബില്ല് സമൂഹത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും നഡഢ അവകാശപ്പെട്ടു. പുരോഗമനപരമായ നിയമനിര്‍മ്മാണം എന്നാണ് ഭരണപക്ഷം ബില്ലിനെ വിശേഷിപ്പിച്ചത്.

2016 ഓഗസ്റ്റില്‍ ബില്ല് രാജ്യസഭ പാസാക്കിയിരുന്നു. അതാത് സര്‍ക്കാരുകള്‍ നടത്തുന്ന മാനസിക ആരോഗ്യ സേവനങ്ങളില്‍ നിന്നും മാനസികാരോഗ്യ ശുശ്രൂഷയും ചികിത്സയും നേടാന്‍ എല്ലാ വ്യക്തികള്‍ക്കും അവകാശം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. ദാരിദ്രരേഖയ്ക്ക് താഴെയല്ലാത്ത പാര്‍പ്പിടമില്ലാത്തവര്‍ക്കും ദരിദ്രര്‍ക്കും സൗജന്യ ചികിത്സയ്ക്കും ബില്ലില്‍ വ്യവസ്ഥകളുണ്ട്.

കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ഒരാളെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നും അതിനാല്‍ തന്നെ അത്തരം ആളുകളെ ശിക്ഷിക്കരുതെന്നുമുള്ള വ്യവസ്ഥയാണ് ഏറ്റവും സുപ്രധാനമായി കണക്കാക്കപ്പെടുന്നത്. ഇത്തരം മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന ആളുകളുടെ ശിശ്രൂഷയും ചികിത്സയും പുനഃരധിവാസവും ഉറപ്പാക്കേണ്ടത് സര്‍ക്കാരുകളുടെ ചുമതലയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുമുണ്ട്. എങ്ങനെയാണ് താന്‍ ചികിത്സിക്കപ്പെടേണ്ടത് എന്ന് നിര്‍ദ്ദേശിക്കാനും ഒരു പ്രതിനിധിയെ ചുമതലപ്പെടുത്താനും മാനസിക രോഗമുള്ളവര്‍ക്ക് അവകാശം നല്‍കുന്ന വ്യവസ്ഥയും ബില്ലിന്റെ സവിശേഷതയാണ്.