അഴിമുഖം പ്രതിനിധി
ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎ) കഴിഞ്ഞ വ്യാഴാഴ്ച അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ ശമ്പളക്കുടിശിക ഇനത്തില്‍ കൊടുത്തുതീര്‍ക്കാനുള്ളത് 8000 കോടിയാണ്. സമീപവര്‍ഷങ്ങളിലെ ഏറ്റവും കൂടിയ കുടിശകയാണിത്.
വമ്പന്‍ കടബാദ്ധ്യത നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അലോക്കേഷനായ 38,500 കോടിയിലേക്ക് കൈമാറപ്പെടുമെന്നതിനാല്‍ ഗ്രാമീണ മേഖലയില്‍ വര്‍ഷത്തില്‍ കുറഞ്ഞത് 100 ദിവസം തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിട്ട് യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയുടെ നടത്തിപ്പ് അവതാളത്തിലാകും.
ശമ്പളക്കുടിശികയായ 8261 കോടിക്കു പുറമേ സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ 3,686 കോടി രൂപയും 2015 – 16 വര്‍ഷത്തില്‍ കൊടുത്തുതീര്‍ക്കാനുണ്ട്.
‘12000 കോടിയുടെ ബാധ്യത തീര്‍ക്കാന്‍ നടപ്പു സാമ്പത്തികവര്‍ഷം ലഭിക്കുന്ന തുകയുടെ സിംഹഭാഗവും ഉപയോഗിക്കപ്പെടും. ഈ വര്‍ഷത്തേക്ക് അവശേഷിക്കുക 26,500 കോടി മാത്രമാകും,’ മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന്‍ എന്ന എന്‍ജിഒയിലെ പ്രവര്‍ത്തകനായ നിഖില്‍ ഡേ ചൂണ്ടിക്കാട്ടുന്നു.
ശമ്പളക്കുടിശികയില്‍ പശ്ചിമബംഗാളാണ് മുന്നില്‍. 2400 കോടിയാണ് ഇവിടെ കുടിശിക. ഉത്തര്‍ പ്രദേശിന് 663 കോടിയും അസമില്‍ 487 കോടിയും മദ്ധ്യ പ്രദേശില്‍ 480 കോടിയും ബിഹാറില്‍ 454 കോടിയും കൊടുത്തുതീര്‍ക്കാനുണ്ട്.
ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ തൊഴില്‍ അന്വേഷിച്ചുള്ള കുടിയേറ്റത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ത്തന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതി തുടങ്ങിയത്. പല സംസ്ഥാനങ്ങളിലും വരള്‍ച്ച പിടിമുറുക്കുന്നത് തൊഴിലന്വേഷകരുടെ എണ്ണം കൂട്ടും. പദ്ധതി പണമില്ലാതെ വലയുകയും ചെയ്യും.
കുറഞ്ഞത് 5000 കോടിയെങ്കിലും ഈ സാമ്പത്തിക വര്‍ഷത്തില്‍ അധികമായി അനുവദിക്കണമെന്നാണ് ഡേയും മറ്റ് ഗ്രാമക്ഷേമ പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു. മുന്‍വര്‍ഷത്തെക്കാള്‍ തൊഴിലന്വേഷകരുടെ എണ്ണം വര്‍ദ്ധിക്കാനുള്ള സാധ്യതയും അവര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍ സാമ്പത്തികവര്‍ഷം അനുവദിച്ച 34,699 കോടി അപര്യാപ്തമെന്നു തെളിഞ്ഞിരുന്നു. ഡിസംബര്‍ ആയപ്പോഴേക്ക് 12 സംസ്ഥാനങ്ങളുടെ ഫണ്ട് മുഴുവന്‍ ചെലവഴിക്കപ്പെട്ടു.
ഈ വര്‍ഷം പ്രവചിക്കപ്പെട്ടിരിക്കുന്നതുപോലെ ജൂണ്‍ – സെപ്റ്റംബര്‍ കാലത്ത് സാധാരണ മണ്‍സൂണ്‍ ലഭിച്ചാല്‍ കാര്യങ്ങള്‍ മെച്ചപ്പെടും. കാര്‍ഷിക സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടാല്‍ തൊഴിലന്വേഷകരുടെ എണ്ണം കുറയും.
ആന്ധ്രാപ്രദേശിലെ ബന്ദ്‌ലാപ്പള്ളി ഗ്രാമത്തില്‍ 2006ല്‍ ആരംഭിച്ച ദേശീയ തൊഴിലുറപ്പു പദ്ധതി പിന്നീട് പേരുമാറ്റി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി എന്നാക്കുകയായിരുന്നു.
This post was last modified on April 4, 2016 1:30 pm
Leave a Comment