അഴിമുഖം പ്രതിനിധി
ചെറുപ്രായത്തിലെ സുഹൃത്തുക്കളായവരാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനും സെര്‍ജി റോള്‍ഡുഗിനും. ഇരുവരും തമ്മിലുള്ളത് സഹോദരതുല്യമായ ബന്ധമാണ്. ലെനിന്‍ ഗ്രാഡിലെ തെരുവുകളിലൂടെ പാട്ടുപാടിയും സൗഹൃദ മല്‍പ്പിടിത്തവും നടത്തി അവര്‍ നടന്നു.
പുടിന്‍ റഷ്യയുടെ പരമാധികാരിയായി ഉയര്‍ന്നപ്പോള്‍ റോള്‍ഡുഗിന്‍ സംഗീതജ്ഞനായി വളര്‍ന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ റോള്‍ഡുഗിന്‍ അതിഥികള്‍ക്ക് മുന്നില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ സൗഹൃദത്തിന് ഒരു മറുവശമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് പനാമ ഫയലുകളിലൂടെ പുറത്തു വന്നിരിക്കുന്നത്.
പുടിന്‍ നിയന്ത്രിക്കുന്ന ഒരു ഗൂഢ ശൃംഖലയിലെ പ്രധാന പങ്കാളിയാണ് റോള്‍ഡുഗിന്‍. ബാങ്കുകളിലൂടേയും വിദേശ കമ്പനികളിലൂടേയും കുറഞ്ഞത് രണ്ട് ബില്ല്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് ഈ ശൃംഖല നടത്തിയിട്ടുള്ളതെന്ന് അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മ പുറത്തു വിട്ട രേഖകള്‍ പറയുന്നു.
നിരവധി വിദേശ കമ്പനികളുടെ ഉടമയാണ് റോള്‍ഡുഗിന്‍ എന്ന് രേഖകള്‍ തെളിയിക്കുന്നു. ഈ കമ്പനികളിലേക്ക് മറ്റു കമ്പനികളില്‍ നിന്ന് കോടിക്കണക്കിന് ഡോളറുകളാണ് വന്നിട്ടുള്ളത്. റോള്‍ഡുഗിനിന്റെ ഒരു കമ്പനിക്ക് റഷ്യയിലെ ഏറ്റവും വലിയ ട്രക്ക് നിര്‍മ്മാതാക്കളുടെ മേല്‍ രഹസ്യ സ്വാധീനമുണ്ട്. റഷ്യയുടെ ടിവി പരസ്യ രംഗത്തെ വലിയൊരു വിഹിതം കൈയാളുന്നത് അദ്ദേഹത്തിന്റെ മറ്റൊരു കമ്പനിയും.
താനൊരു ബിസിനസ്സുകാരനാണെന്ന് പരസ്യമായി പറഞ്ഞിട്ടില്ലാത്ത റോള്‍ഡുഗിനിയല്ല ഈ സമ്പത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താവ് എന്നത് വ്യക്തമാണ്. പുറത്തുവന്ന രേഖകളിലെ തെളിവുകള്‍ അനുസരിച്ച് പുടിന്റെ വിശ്വസ്തരുടെ ശൃംഖലയുടെ മുന്നില്‍ നില്‍ക്കുന്നത് റോള്‍ഡുഗിനാണ്.
ഈ ശൃംഖല നടത്തിയ നൂറോളം പണമിടപാടുകളെ കുറിച്ച് രേഖകളിലുണ്ട്. അവ വളരെ സങ്കീര്‍ണമാണ്. വിവിധ പ്രച്ഛന്ന വഴികളിലൂടെയാണ് പണമിടപാടുകള്‍ നടന്നിരിക്കുന്നത്. ഈ ശൃംഖലയിലെ കമ്പനികളുടെ ഓഹരികള്‍ ഒരു ദിവസം തന്നെ വാങ്ങുകയും വില്‍ക്കുകയും ചെയ്തതായി രേഖകള്‍ പറയുന്നു. സംശയകരമായ പിഴയീടാക്കലുകളുമുണ്ട്. ദശലക്ഷകണക്കിന് കോടി ഡോളറിന്റെ വായ്പകളുടെ അവകാശം വിദേശ കമ്പനികള്‍ തമ്മില്‍ കൈമാറിയിരിക്കുന്നത് കേവലം ഒരു ഡോളറിനാണ്.
എല്ലാ ഇടപാടുകളിലും പണവും അധികാരവും നീങ്ങുന്നത് ഒരു ഭാഗത്തേക്ക് മാത്രം. പുടിനുമായി ബന്ധമുള്ള കമ്പനികളിലേക്കും ആളുകളിലേക്കും മാത്രം. റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു ബാങ്കില്‍ നിന്നും വന്‍തുകകള്‍ വായ്പയായി ഈ കമ്പനികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളിലും മറ്റു വിദേശത്തെ കള്ളപ്പണ സ്വര്‍ഗ്ഗങ്ങളിലും റോള്‍ഡുഗിനിന്റെ കമ്പനികളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന പനാമയിലെ നിയമസ്ഥാപനമായ മൊസ്സാക് ഫോന്‍സെകയില്‍ നിന്നാണ് രേഖകള്‍ ചോര്‍ന്നത്.
പുടിന്റെ രഹസ്യ സ്വത്തിനെ കുറിച്ച് അനവധി വര്‍ഷങ്ങളായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടായിരുന്നു. ചില വിദേശ കമ്പനികള്‍, ഒരു കൊട്ടാരം, ആഢംബര നൗക എന്നിവയൊക്കെ അദ്ദേഹത്തിന്റേതായുണ്ട് എന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. കൂടാതെ പുടിന് ചുറ്റിലുമുള്ള ആളുകള്‍ സമ്പന്നരായത് എങ്ങനെയെന്ന വാര്‍ത്തകളും ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ കിംവദന്തികളായി മാത്രം പ്രചരിച്ചിരുന്നവയെ കുറിച്ചുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ രഹസ്യ സ്വത്തിനെ ഒളിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും എങ്ങനെയാണ് ആശ്രിതന്‍മാരേയും പകരക്കാരെയും സൃഷ്ടിച്ചിരുന്നതെന്ന് ഈ തെളിവുകള്‍ സംസാരിക്കുന്നുണ്ട്. ഇമെയില്‍ സന്ദേശങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഓഹരി കൈമാറ്റങ്ങള്‍ തുടങ്ങിയ രേഖകളാണ് നിയമസ്ഥാപനത്തില്‍ നിന്നും ചോര്‍ന്നത്.
വിശ്വസ്തതയും ദീര്‍ഘകാലമായുള്ള ബന്ധവുമാണ് ഈ ശൃംഖലയെ കെട്ടുറപ്പിച്ചു നിര്‍ത്തുന്നത്. പുടിന്റെ വിശ്വസ്തരുടെ സഹോദര സാമ്രാജ്യമാണിത്. ഈ സാമ്രാജ്യത്തിലെ പലരും പുടിന്റെ സുഹൃത്തുക്കളാണ്. അവര്‍ തമ്മിലെ ബന്ധത്തിന്റെ ചരിത്രം സോവിയേറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും മുമ്പ് വരെ നീളുന്നു.
പുടിന്റെ മകളുടെ തലതൊട്ടപ്പനായിരുന്നു റോള്‍ഡുഗിന്‍. പുടിന്‍ ഒരു മുനിസിപ്പല്‍ ഉദ്യോഗസ്ഥനായിരുന്ന സമയത്ത് ബന്ധം തുടങ്ങിയ ആളാണ് യൂറി കോവല്‍ചുക്ക്, ആര്‍കഡി റോട്ടെന്‍ബെര്‍ഗാകട്ടെ പുട്ടിന്റെ കുട്ടിക്കാല സുഹൃത്തും. സര്‍ക്കാരിന്റെ നിര്‍മ്മാണ പദ്ധതികള്‍, എണ്ണ പൈപ്പ് ലൈനുകള്‍ മറ്റു പദ്ധതികള്‍ തുടങ്ങിയവയിലൂടെയാണ് അര്‍കഡി കോടീശ്വരനായത്.
ഈ ശൃംഖലയിലെ പുടിന്‍ അടക്കമുള്ളവര്‍ തമ്മില്‍ മറ്റൊന്നു കൂടി പൊതുവായുണ്ട്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ റോസിയ ബാങ്ക്. ഇവരെല്ലാം ഈ ബാങ്കുമായി ബന്ധപ്പെട്ടിരിക്കുന്നു. യുഎസ് സര്‍ക്കാര്‍ പറയുന്നത് ഈ ബാങ്ക് പുടിന്റെ സ്വകാര്യ പണപ്പെട്ടിയെന്നാണ്.
ഈ ശൃംഖലയെ കെട്ടിപ്പെടുത്തത് റോസിയ ബാങ്കാണ്. ഇവിടത്തെ ഓരോ ജീവനക്കാരും ഈ ശൃംഖലയെ പരിപാലിക്കുന്നു. പുതിയ വിദേശ കമ്പനികള്‍ സ്ഥാപിക്കുന്നതിനും റോള്‍ഡുഗിനും മറ്റും ഉടസ്ഥാവകാശം നല്‍കുന്നതിനും അവര്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ റഷ്യ, സൈപ്രസ്, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളിലെ ബാങ്കുകളിലൂടെയുള്ള പണമിടപാടുകളെ നോക്കി നടത്തുന്നതും ഈ ബാങ്കിലെ ജീവനക്കാരാണ്.
പുടിന്റെ സംഘത്തിലെ അംഗങ്ങള്‍ ഈ ശൃംഖലയില്‍ നിന്നുള്ള ലാഭം പങ്കുവയ്ക്കുന്നതിലെ ധാരണയും 1990-കളില്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ തീരുമാനിച്ചതാണ്. പുടിനും റോസിയ ബാങ്ക് ഉടമകളും ചേര്‍ന്ന് ഒരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. ഈ കൂട്ടായ്മയ്ക്ക് പൊതുവായി ഒരു ബാങ്ക് അക്കൗണ്ടുമുണ്ട്. ഈ അക്കൗണ്ടിലേക്കാണ് എല്ലാവരും പണം നിക്ഷേപിക്കുന്നത്. ഇതില്‍ നിന്നും ആര്‍ക്കും പണം എടുക്കുകയും ചെയ്യാം.
ഈ സംഘത്തിലെ ആരും പുടിന്റെ പേര് അവരുടെ ചര്‍ച്ചകളില്‍ പറയാറില്ല. വ്യാജപേരുകളോ ആംഗ്യങ്ങളോ ആകും പുടിനെ കുറിച്ച് പറയേണ്ടി വരുമ്പോള്‍ അവരുപയോഗിക്കുന്നത്. ഈ ശൃംഖല നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും പുടിന്റെ അറിവില്ലാതെയും പിന്തുണയില്ലാതെയുമാണ് എന്ന് കരുതാനാകില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നിങ്ങള്‍ പ്രസിഡന്റായിരിക്കുമ്പോള്‍ നിങ്ങളാണ് നിയമം.
ഇപ്പോള്‍ പനാമ ഫയലുകളിലൂടെ പുറത്ത വന്നിട്ടുള്ളവയെ റഷ്യന്‍ സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് നിഷേധിച്ചിട്ടുണ്ട്.
യൂട്യൂബിലൊരു വീഡിയോയുണ്ട്. ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ നില്‍ക്കുന്ന അര്‍കാഡിയുടെ തലയില്‍ തടവിയശേഷം നടന്നു പോകുന്ന പുടിന്റെ വീഡിയോ. അര്‍ക്കാഡിക്കും സഹോദരന്‍ ബോറിസ് റോട്ടന്‍ബര്‍ഗിനും പുടിനെ 1960-കള്‍ മുതല്‍ അറിയാം. കുട്ടികളായിരിക്കേ ഇവര്‍ മൂവരും മാര്‍ഷ്യല്‍ ആര്‍ട്‌സ് ക്ലബ്ബില്‍ ഒരുമിച്ചുണ്ടായിരുന്നു. ബിസിനസ് വളര്‍ന്നതുപോലെ സൗഹൃദവും വളര്‍ന്നു.
2014-ല്‍ റഷ്യ ഉക്രയ്‌നില്‍ സായുധ കൈയേറ്റം നടത്തിയപ്പോള്‍ യുഎസ് സര്‍ക്കാര്‍ അര്‍ക്കാഡിക്കും സഹോദരനും എതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പുടിന്റെ ഭരണത്തിന്‍ കീഴില്‍ അവര്‍ വന്‍തോതില്‍ പണം സമ്പാദിച്ചുവെന്ന് യുഎസ് ട്രഷറി രേഖകളില്‍ പറയുന്നുണ്ട്. സോച്ചി ഒളിപിംക്‌സിലെ കരാറുകളില്‍ നിന്ന് മാത്രം ഏഴ് ബില്ല്യണ്‍ ഡോളറാണ് അവര്‍ക്ക് ലഭിച്ചത്. റഷ്യന്‍ ഫെഡറേഷനിലെ ഒരു മുതിര്‍ന്ന ഭരണാധികാരിക്കുവേണ്ടിയാണിതെന്നും രേഖകളില്‍ അമേരിക്ക സൂചിപ്പിക്കുന്നുണ്ട്.
ഉപരോധം ഏര്‍പ്പെടുത്തുന്നതിന് ഒരു വര്‍ഷം മുമ്പ് 2013-ല്‍ അക്കാഡിയുടെ കമ്പനിക്ക് റഷ്യയ്ക്കും യൂറോപ്പിനും ഇടയിലെ പകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള 40 ബില്ല്യണ്‍ ഡോളറിന്റെ കരാര്‍ ലഭിച്ചു. അതേ കാലത്തു തന്നെ പുടിന്റെ ശൃംഖലയിലേക്ക് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത മൂന്ന് കമ്പനികള്‍ വന്‍തുകകള്‍ നിക്ഷേപിച്ചുവെന്ന് രേഖകള്‍ പറയുന്നു. അവയെ നിയന്ത്രിക്കുന്നത് അര്‍ക്കാഡിയാണെന്ന് മൊസ്സാക് ഫോന്‍സെക ഫയലുകള്‍ പറയുന്നു.
റോസിയ ബാങ്കിലെ ഒരു മാനേജര്‍ സ്ഥാപിച്ച സണ്‍ബാണ്‍ ലിമിറ്റഡിന് റോട്ടന്‍ബര്‍ഗ് കമ്പനികള്‍ 231 മില്ല്യണ്‍ ഡോളര്‍ വായ്പ നല്‍കിയിരുന്നു. എന്നാല്‍ ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപിലെ ഈ കമ്പനിക്ക് നല്‍കിയ വായ്പ തിരിച്ചടയ്‌ക്കേണ്ടതിനെ കുറിച്ച് പറയുന്നില്ല.
This post was last modified on April 4, 2016 2:28 pm
Leave a Comment