X

മിഷേല്‍ ഗോശ്രീപാലത്തിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; മരണത്തിന് തൊട്ടുമുമ്പുള്ളതെന്ന് സംശയം

ദൃശ്യങ്ങളില്‍ മിഷേല്‍ ഒറ്റയ്ക്കാണ് നടന്നുപോകുന്നത്

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയാണെന്ന പോലീസ് നിഗമനത്തെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കലൂര്‍ പള്ളിയില്‍ നിന്നും ഇറങ്ങിയ മിഷേല്‍ വൈകിട്ട് ഏഴ് മണിയോടെ ഗോശ്രീ പാലത്തിന് മുകളിലേക്ക് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.

ഹൈക്കോടതി ജംഗ്ഷനിലെ അശോക ഫ്‌ളാറ്റ് സമുച്ചയത്തില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളില്‍ മിഷേല്‍ ഒറ്റയ്ക്കാണ് നടന്നുപോകുന്നത്. മിഷേലിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് ഇതെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിടെ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി കെ എ ശശിധരനും സംഘവും പിറവത്തെ വീട്ടിലെത്തി മാതാവ് സൈലമ്മയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.

പാലാരിവട്ടത്ത് സിഎ വിദ്യാര്‍ത്ഥിയായ മിഷേല്‍ ഗോശ്രീ രണ്ടാം പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് കണ്ടെത്തല്‍. പരിചയക്കാരനും ബന്ധുവുമായ ക്രോണിന്‍ അലക്‌സാണ്ടറിന്റെ നിരന്തര ശല്യമാണ് മിഷേലിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും പോലീസ് കണ്ടെത്തി. അതേസമയം സിസിടിവി ദൃശ്യങ്ങളില്‍ സമയം ഏഴ് മണിയെന്നാണ് കാണിക്കുന്നതെങ്കിലും ഇതിലെ സമയം അര മണിക്കൂറോളം താമസിച്ചുള്ളതാണെന്നും യഥാര്‍ത്ഥ സമയം 7.20 ആണെന്നുമാണ് പോലീസ് പറയുന്നത്.

ആറ് മണിക്ക് കലൂര്‍ പള്ളിയില്‍ നിന്നും പുറത്തിറങ്ങുന്ന മിഷേലിന്റെ ദൃശ്യങ്ങളിലെ ചലനങ്ങളും പുതിയ വീഡിയോയിലെ ചലനങ്ങളും താരതമ്യം ചെയ്താണ് ഇത് മിഷേല്‍ തന്നെയാണെന്ന് പോലീസ് ഉറപ്പിക്കുന്നത്. അതേസമയം കലൂരില്‍ നിന്നും മിഷേല്‍ എങ്ങനെ ഗോശ്രീയില്‍ എത്തിയെന്ന് വിശദീകരിക്കാന്‍ പോലീസിന് സാധിക്കുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ വരെ നടന്നെത്തിയെന്നാണ് നിഗമനം.

സമീപ പ്രദേശങ്ങളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന് മുമ്പ് ക്രോണിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഫോണിലെ സന്ദേശങ്ങള്‍ മായ്ച്ചുകളഞ്ഞ സാഹചര്യത്തില്‍ അവ വീണ്ടെടുക്കുകയാണ് ലക്ഷ്യം.

This post was last modified on March 16, 2017 10:21 am