X

എം കെ ദാമോദരന്‍; ഭരണ-പ്രതിപക്ഷ ഒത്തുകളി എന്ന ആരോപണത്തില്‍ തെറ്റ് പറയാന്‍ പറ്റില്ലെന്ന് ടി എന്‍ പ്രതാപന്‍

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ അഡ്വ. എം കെ ദാമോദരന്‍ വിവാദപരമായ കേസുകളില്‍ സര്‍ക്കാരിനെതിരെ ഹാജരാകുന്നത് സാങ്കേതികപരമായി തെറ്റല്ലെങ്കിലും ധാര്‍മികപരമായി തെറ്റാണ് എന്ന് മുന്‍ എംഎല്‍എ ടി എന്‍ പ്രതാപന്‍.

ലോട്ടറി കുംഭകോണ കേസില്‍ പ്രതിയായ സാന്റിയാഗോ മാര്‍ട്ടിന്‍ തുടങ്ങിയവരുടെ കേസുകളില്‍ സര്‍ക്കാരിന്റെ എതിര്‍ചേരിയില്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് നില്‍ക്കുമ്പോള്‍ സാങ്കേതികതയല്ല ധാര്‍മികതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

പ്രതിഫലം വാങ്ങാതെയാണ് എംകെ ദാമോദരന്‍ നിയമോപദേശം നല്‍കുന്നതെങ്കിലും സമാനമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനവധി ആളുകള്‍ ഉണ്ട്. കൂടാതെ എംകെ ദാമോദരന്‍ കൈയ്യാളുന്നത് കേവലം ആലങ്കാരികമായ കസേരയല്ലെന്നും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്ന നിലയില്‍ ജഡ്ജിയെ വരെ സ്വാധീനിക്കാന്‍ കഴിയും എന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

ഇകെ നായനാര്‍ കാലയളവില്‍ അഡ്വക്കേറ്റ് ജനറലായി പ്രവര്‍ത്തിച്ച എംകെ ദാമോദരന് അതിനുള്ള തലക്കനവും ഉണ്ട്, പ്രതാപന്‍ കൂട്ടിചേര്‍ത്തു.

എന്നാല്‍ എംകെ ദാമോദരന്‍ ഹാജരാവുന്ന ബാര്‍ കോഴ, ഐസ്ക്രീം പാര്‍ലര്‍, ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍ കേസുകളില്‍ പ്രതിപക്ഷം പുലര്‍ത്തുന്ന മൗനം ഭരണ-പ്രതിപക്ഷത്തിനിടയിലെ കൂട്ടുക്കെട്ടായി സംശയിക്കപ്പെട്ടാല്‍ തെറ്റ് പറയാന്‍ കഴിയില്ല എന്നും പ്രതാപന്‍ പറഞ്ഞു.

നിയമസഭയില്‍ ഭരണപക്ഷത്തെ ഒറ്റക്കെട്ടായി നിന്ന് ആക്രമിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണപക്ഷത്തിന്‍റെ തെറ്റായ നിലപാടുകളെ ചോദ്യം ചെയ്യാനും അത് തിരുത്താനും കഴിയുമ്പോഴാണ് പ്രതിപക്ഷം പ്രസക്തമാകുന്നത്. ഇവിടെ അതിന് സാധിച്ചില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ ഈ പോരായ്മ പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കഴിവുള്ള നേതാവാണെന്നും അദ്ദേഹം വ്യക്തമാക്കി.  

This post was last modified on December 27, 2016 4:21 pm

Related Post
Leave a Comment