X

മോദിക്കൊപ്പം പഠിച്ചവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍; വിദ്യാഭ്യാസ യോഗ്യതാ വിവാദം വീണ്ടും

ആം ആദ്മി പാര്‍ട്ടിയുടെ അവകാശവാദം അനുസരിച്ച് നരേന്ദ്ര ദാമോദര്‍ ദാസ് മോദി എന്ന മറ്റൊരാളാണ് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം പാസായത് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല അതെന്നുമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദം വീണ്ടും ചൂടുപിടിക്കുന്നു. മോദി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎ പാസായ 1978-ല്‍ അതേ വര്‍ഷം പാസായ മറ്റ് വിദ്യാര്‍ഥികളുടേയും പേരും വിശദാംശങ്ങളും നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സര്‍വകലാശാലയോട് നിര്‍ദേശിച്ചു. വിവരങ്ങള്‍ കൈമാറാതിരുന്നതിനു സര്‍വകലാശാലയ്ക്ക് 25,000 രൂപ പിഴയും ഇട്ടിട്ടുണ്ട്. മോദി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎയും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന്‍ എംഎയും പാസായിട്ടുണ്ടെന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളാണ് ആദ്യം ആരോപണമുന്നയിച്ചത്. എന്നാല്‍ ബി.ജെ.പി ഇത് നിഷേധിക്കുകയും മോദിയുടെ സര്‍ട്ടിഫിക്കറ്റ് പുറത്തു വിടുകയും ചെയ്തിരുന്നു. ഡല്‍ഹി സര്‍വകലാശാലയും ഇക്കാര്യം ശരിവച്ചിരുന്നു. എന്നാല്‍ പുറത്തുവിട്ട സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ അക്കാലത്ത് പരീക്ഷ പാസായ ആളുകളുടേതില്‍ നിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടുകളും മുമ്പ് പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിവരാവകാശ കമ്മീഷന്റെ പുതിയ ഉത്തരവ് ശ്രദ്ധേയമാകുന്നത്.

മോദി ബി.എ പാസായി എന്നു പറയുന്ന വര്‍ഷം പഠിച്ച മറ്റുള്ള വിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍, മാര്‍ക്ക് തുടങ്ങിയവ ആവശ്യപ്പെട്ട് നീരജ് ശര്‍മ എന്നയാള്‍ കഴിഞ്ഞ വര്‍ഷം അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും വിദ്യാര്‍ഥികളുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അത് പൊതുവായ ഏതെങ്കിലും താത്പര്യത്തിന് ഉള്ളതല്ലെന്നും വ്യക്തമാക്കി സര്‍വകലാശാല ഇത് നിഷേധിച്ചിരുന്നു. എന്നാല്‍ ഒരു വിദ്യാര്‍ഥിയുടെ വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങള്‍ പൊതുതാത്പര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അതിനാല്‍ വിവരങ്ങള്‍ നല്‍കണമെന്നുമാണ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 31-നകം മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന കമ്മീഷന്റെ ഉത്തരവ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നാല്‍ തനിക്ക് ഇതുവരെ ആവശ്യപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് നീരജ് ശര്‍മ വ്യക്തമാക്കി. താന്‍ വിവരങ്ങള്‍ക്കായി നേരിട്ട് സര്‍വകലാശാലയെ സമീപിക്കാന്‍ ആലോചിക്കന്നതായും അദ്ദേഹം പറഞ്ഞു. അതേ സമയം, ഇത്തരമൊരു ഉത്തരവിനെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നാണ് സര്‍വകലാശാലയുടെ നിലപാട്.

മോദി 1978-ല്‍ വിദൂര വിദ്യാഭ്യാസം വഴി ബിഎ പൊളിറ്റിക്കല്‍ സയന്‍സ് പാസായി എന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാല്‍ മോദിയുടെ വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചിരിക്കുന്ന ബിരുദങ്ങള്‍ വ്യാജമാണെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണത്തെ നേരിടാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എന്നിവരെ തന്നെ ബിജെപി രംഗത്തിറക്കിയിരുന്നു. പത്രസമ്മേളനത്തില്‍ വച്ച് ഇരുവരും മോദി ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് എംഎ പാസായതിന്റെ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ പ്രദര്‍ശിപ്പിച്ച സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. Entire political science എന്നായിരുന്നു സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്.

പക്ഷേ, ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ അവകാശവാദങ്ങള്‍ തെറ്റാണെന്നും മോദി ബിഎ പാസായ വിവരം ശരിയണെന്നും ഡല്‍ഹി സര്‍വകലാശാല രജിസ്ട്രാര്‍ പിന്നീട് വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ രേഖകള്‍ പരിശോധിക്കണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം സര്‍വകലാശാല അനുവദിച്ചിരുന്നില്ല. ഇതിനിടെ, മോദി എംഎ പാസായതായി പറയുന്ന വിഷയങ്ങള്‍ ആ സമയത്ത് സിലബസില്‍ ഉണ്ടായിരുന്നില്ലെന്ന വാദവുമായി ഈ സമയത്ത് അവിടെ അധ്യാപകനായിരുന്ന ജയന്തി പട്ടേലും രംഗത്തു വന്നിരുന്നു. മോദി എം.എ പാര്‍ട്ട്-2 ആയി പാസായ വിഷയങ്ങള്‍ ആ സമയത്ത് സിലബസില്‍ ഇല്ലായിരുന്നുവെന്നുവെന്നാണ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ 1969 മുതല്‍ 1993 അധ്യാപകനായിരുന്ന പട്ടേല്‍ വ്യക്തമാക്കിയത്.

ആം ആദ്മി പാര്‍ട്ടിയുടെ അവകാശവാദം അനുസരിച്ച് നരേന്ദ്ര ദാമോദര്‍ ദാസ് മോദി എന്ന മറ്റൊരാളാണ് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം പാസായത് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല അതെന്നുമാണ്. മോദി ബിഎ പാസായിട്ടുണ്ടോ എന്നതല്ല തങ്ങളുടെ പ്രശ്‌നമെന്നും അതൊരു കുറവായി കാണുന്നില്ലെന്നും മറിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി ഉണ്ടാക്കി എന്നതാണ് പ്രശ്‌നമെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആ സമയത്ത് പഠിച്ചവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നത്. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പുതിയ ഉത്തരവോടെ മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദങ്ങള്‍ വീണ്ടും ഉയരുകയാണ്.

This post was last modified on January 9, 2017 12:48 pm

Leave a Comment