X

മി. മോദി, താങ്കള്‍ ഫെയ്‌സ്ബുക്ക് സംഘി നിലവാരത്തിലേക്ക് താഴരുത്; എം ബി രാജേഷ് എം പി

എം ബി രാജേഷ് എം പി

കേരളത്തെ സൊമാലിയയോട് താരതമ്യം ചെയ്ത നടപടി തികഞ്ഞ അസംബന്ധവും വസ്തുതാവിരുദ്ധവും ഒപ്പം സൊമാലിയയിലെയും കേരളത്തിലെയും ജനങ്ങളെ ഒരുപോലെ അപമാനിക്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് സ്ഥിതിവിവര കണക്കുകള്‍ ഇതിനികം പുറത്തുവന്നിട്ടുണ്ട്. സൊമാലിയയോട് ഏതെങ്കിലും ഇന്ത്യന്‍ സംസ്ഥാനങ്ങളെ താരതമ്യം ചെയ്യാന്‍ കഴിയുമെങ്കില്‍ അതു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെയായിരിക്കും. സൊമാലിയായിലെ കൂടിയ ശിശുമരണനിരക്കിന്(134) തൊട്ടടുത്ത് നില്‍ക്കുന്നത് ബിജെപി വര്‍ഷങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്ന മധ്യപ്രദേശാണ്(110). ഇതു തന്നെയാണ് രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളുടെയും സ്ഥിതി. ഈ വസ്തുതകളും സ്ഥിതിവിവര കണക്കുകളും മനസിലാക്കാതെ അല്ലെങ്കില്‍ മറച്ചുവച്ചുകൊണ്ട് മോദി കേരളത്തെ സൊമാലിയയുമായി താരതമ്യപ്പെടുത്തുക വഴി ആ രാജ്യത്തെ ജനങ്ങളുടെ പട്ടിണിയേയും പരിഹസിക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രിയെ പോലൊരാള്‍ മറ്റൊരു രാജ്യത്തെ ജനങ്ങളുടെ പട്ടിണിയെ പരിഹസിക്കുന്നത് നിന്ദ്യമാണ്, ക്രൂരമാണ്. ഒരു ഫെയ്‌സ്ബുക്ക് സംഘിയുടെ നിലവാരം മാത്രമേ തനിക്കുമുള്ളൂ എന്ന് ഒരിക്കല്‍ കൂടി അദ്ദേഹം തെളിയിച്ചു.

പ്രാഥമികമായ വസ്തുതകള്‍ മനസിലാക്കാനും പ്രതികരണത്തില്‍ ഔചിത്യം പാലിക്കാനും സ്വന്തമായി ഡിഗ്രിയൊന്നും വേണമെന്നില്ല, വിവേകം ഉണ്ടായാല്‍ മതി. എന്നാല്‍ അതും തനിക്കില്ല എന്നാണ് അദ്ദേഹം തെളിയിച്ചിരിക്കുന്നത്.

ആദിവാസി മേഖലയിലെ ശിശുമരണത്തെ കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന വിശദീകരണവുമായി ജ പി നഡ്ഡ രംഗത്തു വരികയുണ്ടായി. അതും തെറ്റാണെന്നു തെളിഞ്ഞു. ആദിവാസി മേഖലയില്‍ യുനിസെഫിന്റെ 2014 ലെ റിപ്പോര്‍ട്ട് അതു തെളിയിക്കുന്നുണ്ട്.

ഇത്തരം പ്രസ്താവനകള്‍ പുറത്തുകൊണ്ടു വരുന്നത് ബിജെപിയുടെ ഉള്ളിലെ വംശീയത കൂടിയാണ്. കഴിഞ്ഞ ദിവസം ബിജെപിയുടെ പുതിയ സഖ്യകക്ഷിയായിട്ടുള്ള ബിഡിജെഎസ് നേതാവ് വെള്ളാപ്പള്ളി രണ്ടു സ്ഥാനാര്‍ത്ഥികളെ കുറിച്ചു നടത്തിയ പരാമര്‍ശം കൂടി ഇതിനോടു ചേര്‍ത്തു വായിക്കണം. ഒന്ന് എം എം മണിയുടെ ശരീരത്തിന്റെ നിറത്തെക്കുറിച്ച്. അതൊരിക്കലും രാഷ്ട്രീയമായിട്ടുള്ള വിമര്‍ശനം ആയിരുന്നില്ല. രണ്ടാമതായി ബിജിമോളെ കുറിച്ച്. അതാകട്ടെ സ്ത്രീവിരുദ്ധമായയതും. ഇപ്രകാരം വംശീയത, സ്ത്രീവിരുദ്ധത എന്നിവയൊക്കെയാണ് സംഘപരിവാറിന്റെ മുഖമുദ്രയെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നു.

ഇപ്പോള്‍ പ്രധാനമന്ത്രിയെ അനുകൂലിച്ച് സി കെ ജാനു വന്നിരിക്കുകയാണ്. ജാനു സ്വീകരിച്ചുപോന്ന ആദിവാസി സമൂഹത്തിനെതിരായിട്ടുള്ള വഞ്ചനാപരമായ നിലപാടുകള്‍ മറച്ചു പിടിക്കാനുള്ള ബദ്ധപ്പാടിലാണവര്‍. ജാനുവിനെ ചരിത്രം ഏറ്റവും വലിയ ഒറ്റുകാരിയും വഞ്ചകിയുമായിട്ടായിരിക്കും രേഖപ്പെടുത്തുക. ജാനു ഇപ്പോള്‍ പറയുന്നത് അട്ടപ്പാടിയില്‍ വംശഹത്യ നടക്കുകയാണെന്ന്. അട്ടപ്പാടിയില്‍ വംശഹത്യ അരങ്ങേറിക്കൊണ്ടിരിക്കുകയാണെന്ന് ആദ്യം പറഞ്ഞത് ഞാനാണ്. കേരളത്തിന്റെ സാഹചര്യംവച്ചു നോക്കുമ്പോഴാണ് അങ്ങനെ പറയേണ്ടി വന്നത്. അതൊരിക്കലും ഗുജറാത്തുമായിട്ടോ സൊമാലിയയുമായിട്ടോ ഉപമിച്ചുള്ളതല്ലായിരുന്നു. കേരളത്തിന്റെ മാനവശേഷി സൂചിക അനുസരിച്ച് നോക്കുമ്പോള്‍ അട്ടപ്പാടി പിന്നിലാണ്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടു കിടക്കുന്നവരാണ് അട്ടപ്പാടിയിലടക്കം കേരളത്തിലെ ആദിവാസികള്‍. ആ വസ്തുത അംഗീകരിക്കേണ്ടതാണ്. എന്നാല്‍ മോദിയെപ്പോലെ സൊമാലിയയോടും ഗുജറാത്തിനോടുമൊക്കെയുള്ള താരതമ്യം ശരിയായതല്ല.

വലിയ ആദിവാസി നേതാവായി ചമയുന്ന ജാനുവല്ല അട്ടപ്പാടിയിലെ പോഷകാഹാര കുറവുമൂലമുള്ള മരണത്തെ കുറിച്ച് ചൂണ്ടിക്കാണിച്ചത്. മാധ്യമങ്ങള്‍ പോലുമല്ല ആദ്യമത് റിപ്പോര്‍ട്ട് ചെയ്തത്. 2013 വിഷുദിനത്തില്‍ അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ കയറിയിറങ്ങി ഞാന്‍ കണ്ടെത്തിയ കണക്കാണ്. അന്നു 31 മരണങ്ങളുടെ കണക്ക് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഞാനായിരുന്നു. പിറ്റേന്ന് പത്രസമ്മേളനം നടത്തിയാണ് ഈ വിവരം ഞാന്‍ എല്ലാവരെയും അറിയിക്കുന്നത്. ഇതിനുശേഷമാണ് മാധ്യമങ്ങള്‍ പോലും അട്ടപ്പാടിയിലേക്കു പോകുന്നത്.

വി എസ് അട്ടപ്പാടിയെ സൊമാലിയായോട് ഉപമിച്ചിട്ടില്ലേ എന്നാണ് സംഘികള്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന മറുവാദം. വി എസ് അത്തരമൊരു താരതമ്യം നടത്തിയിട്ടില്ല. ഇങ്ങനെ പോയാല്‍ സര്‍ക്കാര്‍ അട്ടപ്പാടിയെ സൊമാലിയ ആക്കും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അട്ടപ്പാടിയുടെ സ്ഥിതി സൊമാലിയായ്ക്ക് സമാനമാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. സൊമാലിയ നമ്മുടെ മുന്നില്‍ ദാരിദ്ര്യത്തിന്റെ ഒരു തുരുത്തായി നില്‍ക്കുകയാണ്. ആ സ്ഥിതിയിലേക്ക് അട്ടപ്പാടിയെ എത്തിക്കരുതെന്നാണ് സഖാവ് ഓര്‍മ്മിപ്പിച്ചത്. സൊമാലിയയില്‍ തന്നെ ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാകണം എന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. ലോകത്തെല്ലായിടത്തും പട്ടിണിക്കിടക്കുന്നതും ചൂഷണം അനുഭവിക്കുന്നതുമായ ജനങ്ങളോട് സഹാനുഭൂതിയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നവരാണ് ഇടതുപക്ഷം.

സുരേഷ് ഗോപി പാലക്കാട് മണ്ഡലം ദത്തെടുക്കാന്‍ ഒരുങ്ങുന്നു എന്നു കേള്‍ക്കുന്നു. മൂന്നു കൊല്ലം മുമ്പ് അട്ടപ്പാടി ദത്തെടുത്തു എന്നു പ്രഖ്യാപിച്ചയാളാണ് അദ്ദേഹം. എന്നെ ഫോണ്‍ ചെയ്ത്, അട്ടപ്പാടിയെ ദത്തെടുത്തെന്നും എല്ലാവിധ സഹായവും അഭ്യര്‍ത്ഥിക്കുകയാണെന്നും അറിയിക്കുകയുണ്ടായി. എന്നെക്കൊണ്ട് കഴിയുന്ന എല്ലാ സഹായവും ഞാന്‍ വാഗ്ദാനവും ചെയ്തു. അട്ടപ്പാടി ദത്തെടുത്തെന്ന് പത്രത്തിലൊരു പ്രസ്താവനയും പടവും കൊടുത്ത് പോയതല്ലാതെ പിന്നീട് ഈ വഴിക്കു തിരിഞ്ഞുനോക്കിയിട്ടില്ല. കൈയടിക്കുവേണ്ടിയുള്ള പ്രസ്താവനകളാണ് സുരേഷ് ഗോപി നടത്തിക്കൊണ്ടിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പ്രകാരം അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തിനെ ഞാന്‍ ദത്തെടുത്തിട്ടുണ്ട്. പക്ഷേ ഇന്നേവരെ സുരേഷ് ഗോപിയുടെ പാര്‍ട്ടി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ആ പദ്ധതിക്കുവേണ്ടി അഞ്ചു പൈസപോലും ചെലവാക്കിയിട്ടില്ല. ഇതേക്കുറിച്ച് നാം എത്രതവണ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. മോദി ദത്തെടുത്ത ജയ്പൂര്‍ ഗ്രാമത്തിന്റെ അവസ്ഥയെന്താണെന്ന് നാം കേട്ടതാണല്ലോ. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ അവിടെ ബിജെപി തകര്‍ന്നടിഞ്ഞു. അതുകൊണ്ട് സനിമ ഡയലോഗുപോലെ ഓരോ പ്രസ്താവനകള്‍ നടത്തുന്ന സുരേഷ് ഗോപി ആദ്യം നടത്തിയ ദത്തെടുക്കലില്‍ എന്തൊക്കെ ചെയ്തൂ എന്നുകൂടി ഇപ്പോള്‍ പറയുന്നത് നല്ലതായിരിക്കും. ഒരേ ഗ്രാമത്തെ തന്നെ എത്രതവണ അദ്ദേഹം ദത്തെടുക്കും?

(എം ബി രാജേഷ് എം പിയുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on May 13, 2016 9:53 am