X

ഗുജറാത്ത് ഉള്‍പ്പെടുന്ന കിഴക്കന്‍ ഇന്ത്യക്ക് തലച്ചോറില്ലെന്ന് ബി.ജെ.പി എം.പി

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്ത് ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ഇന്ത്യക്ക് വികസനമേയുള്ളൂ, തലച്ചോറില്ലെന്ന് ബി.ജെ.പി എം.പി ഭോലാ സിംഗ്. ബിഹാറിലെ ബേഗുസരായില്‍ നിന്നുള്ള എം.പിയായ ഭോലാ സിംഗ് ബുധനാഴ്ച ലോക്‌സഭയില്‍ മോദിയെ സാക്ഷിയാക്കിക്കൊണ്ടായിരുന്നു ഈ പദപ്രയോഗം നടത്തിയത്.

 

മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന സ്മാര്‍ട് സിറ്റി പദ്ധതി കൊണ്ട് നിലവില്‍ വികസിച്ചു കഴിഞ്ഞ നഗരങ്ങള്‍ക്കു മാത്രമേ ഗുണം ലഭിക്കൂ എന്നും ഇത് പ്രാദേശികമായി അസമത്വമുണ്ടാക്കുമെന്നും ചോദ്യോത്തര വേളയില്‍ ഭോലാ സിംഗ് പറഞ്ഞു. തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. “കിഴക്കന്‍ ഇന്ത്യയില്‍ വികസനമില്ല, എന്നാല്‍ അവര്‍ക്ക് തലച്ചോറുണ്ട്. അതേ സമയം പടിഞ്ഞാറന്‍ ഇന്ത്യക്ക് വികസനമുണ്ട്, പക്ഷേ തലച്ചോറില്ല” എന്നായിരുന്നു പരാമര്‍ശം. കിഴക്കന്‍ ഇന്ത്യക്ക് തലച്ചോറുണ്ടെങ്കിലും വികസനമെത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നും ഭോലാ സിംഗ് കൂട്ടിച്ചേര്‍ത്തു.

 

എന്നാല്‍ ചോദ്യത്തിന് മറുപടി പറഞ്ഞ നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, മേദി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. രാജ്യത്തെ എല്ലാ ഭാഗത്തും- കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്- എല്ലാ ഭാഗത്തും ബുദ്ധിയുള്ള ജനങ്ങളാണുള്ളതെന്നും വെങ്കയ്യ പറഞ്ഞു. ഭോലാ സിംഗിന്റെ വിമര്‍ശനം ഭരണപക്ഷത്തെ അമ്പരപ്പിച്ചപ്പോള്‍ പ്രതിപക്ഷം ഇതേറ്റു പിടിക്കുകയും ചെയ്തു. ഏതു രീതിയിലാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി ബീഹാര്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളെ ബാധിക്കുക എന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

കിഴക്കന്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാള്‍ ഇത്തരത്തില്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്നും ഇത് പ്രാദേശിക അസുന്തലനത്തിന് കാരണമാകുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുധീപ് ബന്ദോപാധ്യായ ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ഉത്തര്‍ പ്രദേശിലെ ഒരു നഗരം പോലും പദ്ധതിയില്‍ ഉള്‍പ്പെടാത്തത് എന്നായിരുന്നു ബി.ജെ.പിയുടെ ഗോരഖ്പൂര്‍ എം.പി യോഗി ആദിത്യനാഥിന്റെ സംശയം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സംസ്ഥാനത്തോടും വിവേചനം കാണിക്കുന്നില്ലെന്നും സ്മാര്‍ട്ട് സിറ്റികള്‍ തെരഞ്ഞെടുത്തപ്പോള്‍ യാതൊരു വിധത്തിലും ഒരു വിവേചനവും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. തന്റെ സ്വന്തം നഗരമായ നെല്ലൂര്‍ പോലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നും വെങ്കയ്യ കൂട്ടിച്ചേര്‍ത്തു.

 

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ കനത്ത പരാജയത്തിന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചയാളാണ് ഭോലാ സിംഗ്.

 

This post was last modified on December 27, 2016 4:09 pm