X

‘ഞാന്‍ എല്ലാവര്‍ക്കും നാണക്കേടും ദു:ഖവും വരുത്തി വെച്ചു, ഇനി ആത്മഹത്യ കൂടി ചെയ്ത് ആരെയും വിഷമിപ്പിക്കില്ല’ എന്നു പറഞ്ഞ എന്റെ മോൻ…

മൊബൈൽ റേഞ്ച് പോലുമില്ലാത്ത അവിടെ നാലു മണിക്കൂറിനുള്ളിലാണ് വീഡിയോ എത്തിയത്; വിറങ്ങലിച്ച് അഗളി ഗ്രാമം

‘എന്റെ അനീഷ് പോയി.ഇനി എനിക്ക് ആരുമില്ല. അവന്‍ എന്റെ എല്ലാമായിരുന്നു. മരിക്കുന്നതിന് തൊട്ട് മുന്‍പുള്ള രാത്രിയില്‍ അവന്‍ എന്നെ കെട്ടി പിടിച്ച് ഉറങ്ങണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നില്ല അവന്‍ ഞങ്ങളെ വിട്ടു പോകാൻ ഒരുങ്ങുകയാണെന്ന്’ ഇനി  ഒരമ്മയ്ക്കും ഈ ഗതി വരാതിരിക്കട്ടെ എന്നുപറഞ്ഞ് മാറത്തടിച്ച് കരയുന്ന ഈ അമ്മയുടെ വേദനക്ക് തുളച്ച് കയറുന്ന പാലക്കാടന്‍ കാറ്റിനെക്കാള്‍ ശക്തിയുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്ത് സദാചാര ഗുണ്ടാ ആക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത പാലക്കാട് അട്ടപ്പാടിക്കടുത്ത് അഗളി കാരറ പള്ളത്ത് അനീഷിന്റെ അമ്മയുടെ വാക്കുകളാണ് ഇത്.

ഫെബ്രുവരി 14നാണ് കൊല്ലം അഴീക്കല്‍ ബീച്ചില്‍ വെച്ച് അനീഷിനും സുഹൃത്തായ ശൂരനാട് സ്വദേശിനിക്കും സദാചാര ഗുണ്ടകളുടെ മര്‍ദനമേറ്റത്. അനീഷിന്റെയും പെണ്‍കുട്ടിയുടെയും വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

‘നാട്ടില്‍ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു അനീഷ്. ഇതുപോലൊരു ചെറുപ്പക്കാരന്‍ ഈ നാട്ടില്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല. ധൈര്യവും ആത്മവിശ്വാസവും ഉള്ള, ഒരുപാട് ലക്ഷ്യങ്ങളും സ്വപ്നങ്ങളമായി ജീവിച്ച ഒരു ചെറുപ്പക്കാരന്‍. സദാചാരക്കാര്‍ തകര്‍ത്തത് ഒരു ജീവിതമാണ്. ഒരു കുടുംബമാണ്. നാടിന്റെ പ്രതീക്ഷയാണ്. ആ അമ്മയുടെ കണ്ണുനീരിന് വിലകൊടുക്കാന്‍ അവര്‍ക്കാവില്ല.’ എന്ന് ഉള്ളിലെ വേദനയും അമര്‍ഷവും കടിച്ചമര്‍ത്തി അനീഷിന്റെ സുഹൃത്തും അഗളി ഗ്രാമപഞ്ചായത്ത് കാരാറ വാര്‍ഡ് മെമ്പറുമായ സന്തോഷ് പറയുന്നു.

അനീഷ് ഒരുപാട് കഴിവുകളുള്ള ചെറുപ്പക്കാരനായിരുന്നു. തബല, ചെണ്ട, ചാക്യാര്‍കൂത്ത് എന്നിവയിലും പ്രാവിണ്യം തെളിയിച്ചിരുന്നു. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത് കഴിവ് തെളിയിച്ച് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഒപ്പം താന്‍ ജീവിക്കുന്ന സമൂഹത്തോട് നമുക്ക് ചില കടമകളും ഉത്തരവാദിത്വങ്ങളും ഉണ്ട് എന്ന് വിശ്വസിച്ച വ്യക്തിയായിരുന്നു. അതുകൊണ്ടാവാം മറ്റു പല ജോലികളും നാട്ടില്‍ തന്നെ ശരിയാകാമായിരുന്നിട്ടും വയനാട്ടില്‍ ആദിവാസികളെ കംപ്യൂട്ടര്‍ സാക്ഷരത പഠപ്പിക്കാന്‍ എത്തിയത്. പീന്നീട് കുറച്ചു കൂടി മെച്ചപ്പെട്ട ഒരു ജീവിതത്തിനായാണ് കൊല്ലത്തേക്ക് ജോലിക്ക് പോയത്.

കൊല്ലത്തെ അവഹേളനം അനീഷിനെപ്പോലെ ഒരു നാട്ടിന്‍പുറത്തെ ചെറുപ്പക്കാരനെ സംബന്ധിച്ച് സഹിക്കാന്‍ കഴയുന്നതിലും അപ്പുറമായിരുന്നു.

അനീഷിന്റെ സുഹൃത്തുക്കള്‍

‘കൃത്യമായി റേഞ്ച് പോലും കിട്ടാത്ത ഈ അഗളിയില്‍ വെറും നാലു മണിക്കൂര്‍ കൊണ്ട് അനീഷിന്റെയും ആ പെണ്‍കുട്ടിയുടെയും വൈറലായ വീഡിയോ ഇവിടെ എത്തി. ആദ്യം ഒന്നു പകച്ച് പോയങ്കിലും അവനെ അത്ര അടുത്ത് ഞങ്ങള്‍ക്ക് അറിയാവുന്നതുകൊണ്ട് ഞങ്ങള്‍ അവനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. അവന്‍ അപ്പോഴും പറഞ്ഞത് നിങ്ങള്‍ക്ക് അറിയാലോ എന്നെ, ഒരിക്കലും അങ്ങനെ ഒരു തെറ്റ് എന്റെ അടുത്ത് സംഭവിക്കില്ല. അങ്ങനെ ഒന്നും ആവാന്‍ എനിക്ക് ആവില്ല. അവള്‍ എനിക്ക് ഒരു സുഹൃത്ത് മാത്രമാണ്. സൗഹൃദം മാത്രമെ ഞങ്ങള്‍ക്കിടയിലുള്ളൂ. ആ കുട്ടിയുടെ വീട്ടുകാര്‍ക്ക് പോലും ഞങ്ങളുടെ സൗഹൃദത്തെക്കുറിച്ച് അറിയുകയും ചെയ്യാം. അന്ന് വന്ന ചേട്ടന്‍മാര്‍ എന്നെ ഒരുപാട് മര്‍ദിച്ചു. അതെനിക്ക് കുഴപ്പമില്ല. പക്ഷേ അവര്‍ എന്തിനാണ് ഞങ്ങളുടെ വീഡിയോ എടുത്ത് ഞങ്ങളെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചത് എന്നാണ് എന്നോട് അവന്‍ പറഞ്ഞത്. ഞങ്ങളുടെ പരമാവധി ഞങ്ങള്‍ അവന് വേണ്ടി ചെയ്തു. അവനെ കൊല്ലത്ത് പോയി കാണുകയും നിയമ നടപടികള്‍ സ്വീകരിക്കുകയുമൊക്കെ ചെയ്തതാണ്. വീട്ടില്‍ വന്നപ്പോഴും ഞങ്ങളുടെ അടുത്ത് അവന്‍ സ്വാഭാവികമായാണ് ഇടപെട്ടത്. എന്നിട്ടും അവന്‍ ഞങ്ങളെ വിട്ടു പോയി.’ അനീഷിന്റെ അടുത്ത സുഹൃത്തായ സുഭാഷ് വേദനയോടെ പറയുന്നു.

സദാചാരക്കാരേ, നിങ്ങളില്ലാതാക്കിയത് അനീഷ് എന്ന പ്രതിഭയെയാണ്

വീഡിയോ വൈറല്‍ ആയതിന് ശേഷം വീട്ടില്‍ വന്നപ്പോഴും സുഹൃത്തുകള്‍ ഒക്കെ ആശ്വസിപ്പിച്ച് അനീഷിനെ സാധാരണ നിലയിലേക്ക് കൊണ്ടുവന്നതാണ്. മരണത്തിന് മുന്‍പുള്ള രണ്ട് ദിവസം രാത്രി പതിവില്‍ നിന്ന് വ്യത്യസ്തമായി അമ്മയോടൊപ്പം കെട്ടിപ്പിടിച്ച് കിടക്കണമെന്നും അമ്മയെന്നെ ഒരിക്കലും വെറുക്കരുതെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ല എന്നും അമ്മയെങ്കിലും എന്നെ വിശ്വസിക്കണം എന്നും അനീഷ് പറഞ്ഞതായി അമ്മ ലത ഓര്‍ക്കുന്നു.

മരിക്കുന്നതിന്റെ അന്ന് രാവിലെ ‘അമ്മ പണിക്ക് പൊയ്‌ക്കൊ, അമ്മക്ക് എന്നെ വിശ്വസിക്കാം. ഞാന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇപ്പോള്‍ തന്നെ ഞാന്‍ എല്ലാവര്‍ക്കും നാണക്കേടും ദുഖവും വരുത്തി വെച്ചു. ഇനി ഞാന്‍ ആത്മഹത്യ ചെയ്ത് ആരെയും വിഷമിപ്പിക്കില്ല’ എന്നു കൂടി പറഞ്ഞതിന്റെ ഉറപ്പിലാണ് പതിവ് പോലെ ആ അമ്മ പണിക്ക് പോയത്. എന്നാല്‍ വൈകുന്നേരം ജോലി കഴിഞ്ഞ് വന്നപ്പോള്‍ അനീഷിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ പുറകിലെ മരത്തില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം അമ്മയും മുത്തച്ഛന്‍ നാരായണനും കണ്ടത്.

അനീഷിന്റെ അടുത്ത സുഹൃത്തുക്കളായ സുഭാഷ്, രാഹുല്‍, രാജേഷ്, മനു, ബിബിന്‍, ബിജു, വിപിന്‍, സുധീഷ്, സുജിത്ത് എന്നിവര്‍ക്കൊന്നും അനീഷിന്റെ വേര്‍പാടിന്റെ വേദന ഇനിയും മാഞ്ഞിട്ടില്ല. തങ്ങളില്‍ ഒരാളായിരുന്ന ഉറ്റ സുഹൃത്തിനെക്കുറിച്ച് നല്ലത് മാത്രമേ ഇവര്‍ക്ക് പറയാന്‍ ഉള്ളു. ഇനിയൊരിക്കലും കേരളത്തില്‍ ഒരു യുവാവിനും ഈ ഗതി ഉണ്ടാകാന്‍ പാടില്ല. അനീഷും കുടുംബവും അനുഭവിച്ച വേദന എന്താണെന്ന് കണ്ടതാണ്. ഇനി ഒരിക്കലും നമ്മുടെ സമുഹത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. അതിന് വേണ്ടി ഒറ്റക്കെട്ടായി നിന്ന് സമൂഹം പൊരുതണമെന്നും തങ്ങളെക്കൊണ്ട് ആവുന്നത് തങ്ങളും ചെയ്യുമെന്നും ഈ സുഹൃത്തുക്കള്‍ പറയുന്നു.

അനീഷിന്റെ വീട്

‘അനീഷിന്റെ ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. അവനില്‍ ഞങ്ങള്‍ക്ക് ഒരുപാട് പ്രതീക്ഷയും. പക്ഷേ ഒന്നും പൂര്‍ത്തീകരിക്കാതെ അവന്‍ മടങ്ങി.’ വാക്കുകള്‍ പൂര്‍ത്തിയാക്കാനാവാതെ മുത്തച്ഛന്‍ നാരായണന്‍ വീടിന്റെ കോലായില്‍ ഇരുന്ന് വിങ്ങിപ്പൊട്ടുന്നുണ്ട്. അനീഷിന്റെ സഹോദരന്‍ അജീഷിന് ഇന്നും അനിയന്റെ വിയോഗത്തില്‍ നിന്നുള്ള ആഘാതം മാറിയിട്ടില്ല. അനീഷിന്റെ മരണമറിഞ്ഞ് ആലുവയില്‍ നിന്ന് പുറപ്പെട്ട് വഴിമധ്യേ വാഹനാപകടത്തില്‍ മരണപ്പെട്ട റ്റിബിന്‍ എന്ന യുവാവിന്റെ വിയോഗം കൂടിയായപ്പോള്‍ കാരാറയിലെ നാട്ടുകാര്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്.

ലൈംഗിക ദാരിദ്ര്യം പിടിച്ച മലയാളീ, അനീഷിനെ നിങ്ങള്‍ കൊന്നതാണ്

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പാലക്കാട്, കൊല്ലം ജില്ലാ കലക്ടര്‍മാരോടും പാലക്കാട് ഡി.എം.ഒയോടും റിപ്പോര്‍ട്ടും തേടിയിരുന്നു. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ പോലീസ് സംരക്ഷണയില്‍ തന്നെ കൗണിസിലിംഗിന് വിധേയയാക്കികൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ പ്രതികളെ അറസ്റ്റും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പ്രതികള്‍ക്ക് പിന്തുണ അര്‍പ്പിച്ച് കൊല്ലത്ത് ചിലര്‍ നടത്തിയ നീക്കങ്ങളും സാക്ഷര കേരളത്തിന് മറ്റൊരപമാനമായി മാറുകയായിരുന്നു. സംഭവത്തിന് ശേഷം വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ കൂടി അപമാനിച്ചതിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു അന്വേഷിക്കുകയാണ് പോലീസിപ്പോള്‍.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:

This post was last modified on February 27, 2017 12:45 pm