X

കുണ്ടറ പീഡനം: കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് എസ്പി

കുണ്ടറയില്‍ പത്തുവയസ്സുകാരിയുടെ ദുരൂഹമരണത്തില്‍ അമ്മയുള്‍പ്പെടെ ആറ് പേരെ കസ്റ്റഡിയിലെടുത്തതായി അന്വേഷണ ചുമതലയേറ്റ കൊല്ലം റൂറല്‍ എസ്പി അറിയിച്ചു. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

സൈബര്‍ സെല്ലും പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് എസ്പി സമ്മതിച്ചു. പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് സംഭവത്തിലെ ദുരൂഹത വേണ്ടവിധത്തില്‍ അന്വേഷിച്ചില്ല. അന്വേഷണത്തിന്റെ ഏകോപനത്തിലും വീഴ്ച സംഭവിച്ചു. ഇതേക്കുറിച്ചും വിശദമായ അന്വേഷണം നടത്തും.

അതേസമയം പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും അന്വേഷണസംഘവുമായി സഹകരിക്കുന്നില്ലെന്നാണ് എസ്പി പറയുന്നത്. സംഭവത്തില്‍ ഒരു ബന്ധുവിനെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ രാത്രി വൈകിയാണ് അമ്മയെയും മുത്തച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെയും ചോദ്യം ചെയ്ത് വരികയാണ്. അമ്മയ്ക്ക് സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാമെന്ന നിഗമനത്തിലാണ് പോലീസ്. അറിയാവുന്ന കാര്യങ്ങള്‍ പോലും വെളിപ്പെടുത്താന്‍ അമ്മ തയ്യാറാകാത്തതാണ് പോലീസിനെ കുഴപ്പിക്കുന്നത്.

കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മുഖ്യമന്ത്രിയും നിയമസഭയില്‍ സ്ഥിരീകരിച്ചു. റൂറല്‍ എസ്പിയ്ക്ക് അന്വേഷണ ചുമതല നല്‍കിയതായും പീഡവും മരണവും വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കുണ്ടറ എസ്‌ഐ രജീഷ് കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തു. നേരത്തെ സിഐ സാബുവിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദക്ഷിണ മേഖല ഐജി മനോജ് എബ്രഹാമിന്റെതാണ് ഉത്തരവ്.

എല്ലാ മാസവും ഡിജിപിയും വനിത എഡിജിപിയും നടത്തുന്ന കുറ്റകൃത്യ അവലോകനങ്ങളില്‍ പോലും പത്തുവയസ്സുകാരിയുടെ ആത്മഹത്യ ചര്‍ച്ചയായില്ലെന്നത് പോലീസ് തലപ്പത്തെ ഗുരുതരമാ വീഴ്ചയായാണ് കണക്കാപ്പെടുന്നത്. പഴയ ലിപിയിലുള്ള ആത്മഹത്യക്കുറിപ്പിലെ കൈയക്ഷരം പരിശോധിച്ച് പ്രതിയെ പിടിക്കാമെന്നിരിക്കെ അതിന്റെ ശാസ്ത്രീയ പരിശോധന നടത്താതിരുന്നതും പോലീസ് തലപ്പത്തുണ്ടായ വീഴ്ചയാണ്.

രണ്ട് മാസം മുമ്പ് സംഭവിച്ച കുട്ടിയുടെ മരണത്തിന് ശേഷം ജനല്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പോലീസ് എടുത്തിരുന്നു. ഈ ചിത്രങ്ങളില്‍ തന്നെ അസ്വാഭാവിക മരണത്തിന്റെ സൂചനകളുണ്ട്. തൊട്ടടുത്ത ദിവസം ലഭിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സുകളില്‍ ഇത് ചര്‍ച്ചയ്ക്ക് വന്നില്ല.

This post was last modified on March 16, 2017 12:51 pm