X

സിനിമാ സെറ്റുകളിൽ വനിതാ പരാതിപരിഹാര സെല്ലുകളില്ല: എഎംഎംഎക്കെതിരെ ഹൈക്കോടതി നോട്ടീസ്

സിനിമാ മേഖലയിലെ ലൈംഗികചൂഷണം അവസാനിപ്പിക്കാൻ നടപടി വേണമെന്നാണ് ഡബ്ല്യുസിസിയുടെ ആവശ്യം.

സിനിമാ സെറ്റുകളിൽ പരാതിപരിഹാര സെല്ലുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള ചോദ്യത്തെ പരിഹസിച്ച് എഎംഎംഎ എക്സിക്യുട്ടീവ് അംഗം സിദ്ധീഖ് രംഗത്തു വന്നതിനു പിന്നാലെ അതേ വിഷയത്തിൽ സംഘടനയ്ക്ക് ഹൈക്കോടതി നോട്ടീസ്. സിനിമാ സെറ്റുകളിൽ പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമൺ ഇൻ സിനിമാ കളക്ടീവ് നൽകിയ ഹരജിയിലാണ് ഈ നടപടി.

സിനിമാ മേഖലയിലെ ലൈംഗികചൂഷണം അവസാനിപ്പിക്കാൻ നടപടി വേണമെന്നാണ് ഡബ്ല്യുസിസിയുടെ ആവശ്യം. സംഘടനയുടെ അംഗങ്ങളായ റിമ കല്ലിങ്കൽ, പത്മപ്രിയ എന്നിവരാണ് ഹരജി നൽകിയിട്ടുള്ളത്. സംസ്ഥാന വനിത ശിശുക്ഷേമ സെക്രട്ടറി, സംസ്ഥാന സർക്കാര്‍, എഎംഎംഎ എന്നിവരാണ് എതിർ കക്ഷികൾ.

തന്റെ സിനിമാ സെറ്റുകളിൽ വനിതകൾക്കായി പരാതി പരിഹാര സെല്ല് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ആഷിഖ് അബു രംഗത്തു വന്നിരുന്നു. ആഷ്ഖ് അബുവിന്റെ സെറ്റുകളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലാത്തതു കൊണ്ടാകാം അത്തരമൊരു നടപടിയെന്ന് പരിഹസിച്ച് സിദ്ധീഖും രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി.