ആഷിഖ് അബുവിന്റെ വൈറസ് സിനിമയ്ക്കെതിരെ സിപിഎം സൈബറിടങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ കനക്കുന്നതിനിടെ സിനിമയെ അഭിനന്ദിച്ച് സിപിഎം നേതാവ് പി രാജീവ് രംഗത്ത്. ‘ഒരു നാടും ജനതയും സംഘബോധത്താലും ഇച്ഛാശക്തിയാലും ഒരു ദുരന്തത്തെ അതിജീവിച്ചതിന്റെ അതിശക്തമായ ദൃശ്യാവിഷ്കാരമാണ് വൈറസ്സെ’ന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിവരിച്ചു. ‘പ്രതിഭകളുടെ വൻനിര ക്യാമറക്ക് മുമ്പിലും പുറകിലും കഴിവ് തെളിയിച്ചിരിക്കുന്നു. അതിഭാവുകത്വങ്ങളിലേക്ക് വഴുതി വീഴാതെ അനിതരസാധാരണമായ കയ്യടക്കത്തോട സ്വാഭാവികതയുടെ ആവിഷ്കാരങ്ങൾ’ -എന്നിങ്ങനെ പി രാജീവ് ചിത്രത്തെ പ്രകീര്‍ത്തിച്ചു.
അതെസമയം ചിത്രത്തിന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്ത് സിപിഎം സൈബറിടങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ‘നിപാ കാലത്തെ കേരളത്തിലെ സർക്കാർ പ്രവർത്തനങ്ങളെ നടുറോഡിൽ തുണി പൊക്കിക്കാണിക്കുന്ന സുഖ’മാണ് ചിത്രത്തിലെ ചില രംഗങ്ങള്‍ പകരുന്നതെന്ന് അസീബ് പുത്തലത്ത് എന്ന പ്രൊഫൈല്‍ എഴുതുന്നു. നിപാ രോഗിയെ കൊണ്ടുപോയ ആംബുലന്‍സില്‍ കള്ളനോട്ട് കടത്തുന്നതും മറ്റുമായ രംഗങ്ങള്‍ അക്കാലത്ത് ജീവന്‍ പണയം വെച്ച് പ്രസ്തുത ജോലി ചെയ്തവരോട് കാണിച്ച അനീതിയായിപ്പോയെന്ന് അസീബ് എഴുതുന്നുണ്ട്.
എഴുത്തുകാരന്റെ രാഷ്ട്രീയം സ്ക്രിപ്റ്റിനെ നന്നായി പരുവപ്പെടുത്തിയിട്ടുണ്ടെന്നും അത് വസ്തുതാ വിരുദ്ധമായ കഥാഗതിയിലേക്കെത്തിച്ചിട്ടുണ്ടെന്നും അസീബ് കൂട്ടിച്ചേര്‍ക്കുന്നു.
സമാനമായ അഭിപ്രായങ്ങള്‍ സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് വേറെയും ഉയരുന്നുണ്ട്.
സിപിഎമ്മിനകത്തേക്ക് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങള്‍ കുത്തിത്തിരുകുന്നവര്‍ക്കെതിരെ അതിശക്തമായ ആശയപ്പോരാട്ടം നടത്തിയിട്ടുള്ളയാളാണ് പി രാജീവ്. പികെ പോക്കര്‍, കെഇഎന്‍ എന്നീ ബുദ്ധിജീവികളുടെ നിലപാടുകള്‍ക്കെതിരെ ദേശാഭിമാനിയില്‍ രാജീവ് എഴുതിയ ലേഖനത്തിനു പിന്നാലെ വലിയ ആശയസംഘര്‍ഷങ്ങളാണ് പാര്‍ട്ടിക്കകത്ത് ഉടലെടുത്തത്.
This post was last modified on June 9, 2019 8:15 am
Leave a Comment