X

നോട്ട് പ്രതിസന്ധി ഇപ്പോഴും തുടരുന്നു; നിലപാടിലുറച്ച് എംടി

പ്ലാസ്റ്റിക് മണി എന്താണെന്ന് ഇനിയും മനസിലായിട്ടില്ല

രാജ്യത്തെ നോട്ട് പ്രതിസന്ധി ഇപ്പോഴും തുടരുന്നുണ്ടെന്നും അതിനാലാണ് പ്ലാസ്റ്റിക് കറന്‍സിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്നതെന്നും എം ടി വാസുദേവന്‍ നായര്‍. അതേസമയം പ്ലാസ്റ്റിക് മണി എന്താണെന്ന് തനിക്ക് ഇനിയും മനസിലായിട്ടില്ലെന്നും അദ്ദേഹം തന്നെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പറഞ്ഞു.

എംടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ബിജെപി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളുടെ പേരില്‍ ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് എംടിക്ക് നേരെ ഉന്നയിച്ചത്. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ താന്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി എംടി വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുഗ്ലക്കിനോട് ഉപമിച്ച് രൂക്ഷമായ വിമര്‍ശനമാണ് എംടി നേരത്തെ നടത്തിയത്. തുഗ്ലക്ക് തലസ്ഥാനം മാറ്റിയത് അരക്കിറുക്ക് കൊണ്ട് മാത്രമല്ല, തന്റെ പരിഷ്‌കാരങ്ങള്‍ ആരും ചോദ്യം ചെയ്യാന്‍ പാടില്ല എന്ന ലക്ഷ്യത്തോട് കൂടിയായിരുന്നു. തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിര്‍ശബ്ദം എത്തിത്തുടങ്ങിയപ്പോഴാണ് അദ്ദേഹം കൊട്ടാരം മാറ്റാന്‍ തുനിഞ്ഞത്. രാജ്യത്തെ ഏറ്റവും ഉത്തരവാദിത്വമുള്ള സ്ഥാനംവഹിക്കുന്നവര്‍ മാത്രമല്ല റിസര്‍വ് ബാങ്കും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നില്ലെന്നും അന്ന് എംടി വിമര്‍ശിച്ചു.