X
    Categories: News

കൂലി വര്‍ദ്ധന ചര്‍ച്ചയില്‍ സമരക്കാരെ പങ്കെടുപ്പിക്കില്ലെന്ന് തൊഴില്‍ മന്ത്രി

അഴിമുഖം പ്രതിനിധി

മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ് ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ സമരക്കാരെ പങ്കെടുപ്പിക്കില്ലെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. അതേസമയം തങ്ങളേയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് തൊഴിലാളികള്‍ ചര്‍ച്ച നടക്കുന്ന തിരുവനന്തപുരത്ത് എത്തി. മൂന്നാറില്‍ സമരം ചെയ്ത പെമ്പിളൈ ഒരുമൈയുടെ പ്രവര്‍ത്തകരാണ് എത്തിയിട്ടുള്ളത്.

ഇവര്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ അംഗങ്ങളല്ലാത്തതിനാലാണ് ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാത്തതെന്ന് മന്ത്രി പറഞ്ഞു. തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി 500 രൂപയായി വര്‍ദ്ധിപ്പിക്കാമെന്ന വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണ് രണ്ടാഴ്ചയോളം മൂന്നാറില്‍ കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സിലെ സ്ത്രീ തൊഴിലാളികള്‍ സമരം പിന്‍വലിച്ചത്. ഇന്ന് നടക്കുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ തീരുമാനം എടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനം. എന്നാല്‍ തൊഴിലാളികള്‍ സമരം പിന്‍വലിച്ചശേഷം തോട്ടം മേഖല പ്രതിസന്ധിയിലാണെന്നും കൂലി വര്‍ദ്ധിപ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാകുമെന്നുമുള്ള തരത്തില്‍ തൊഴില്‍ മന്ത്രിയും മുഖ്യമന്ത്രിയും അടക്കമുള്ളവര്‍ പ്രസ്താവന നടത്തിയിരുന്നു.

ഇന്ന് ചര്‍ച്ച നടക്കുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ തോട്ടമുടമകളുടേയും തൊഴിലാളികളുടേയും സര്‍ക്കാരിന്റേയും പ്രതിനിധികള്‍ അടങ്ങിയിട്ടുണ്ട്. അംഗീകൃത തൊഴിലാളി സംഘടനകളെ ഒഴിവാക്കിയാണ് മൂന്നാറില്‍ സ്ത്രീ തൊഴിലാളികള്‍ സമര രംഗത്ത് ഇറങ്ങിയിരുന്നത്. ഇന്നത്തെ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും സമരം ചെയ്യുമെന്നാണ് ഇവരുടെ നിലപാട്. സമരം എവിടെ വേണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

This post was last modified on September 26, 2015 10:19 am