X

മുന്നറിയിപ്പ് : അശുദ്ധരക്തവും ചില ജയില്‍ചാട്ട ചിന്തകളും

വിവേക് ചന്ദ്രന്‍

ആ മയക്കത്തിനിടയില്‍ ഞാന്‍ അവനെ കണ്ടുഏറെ കുറെ വ്യക്തമായിട്ട് തന്നെ. അവനാ നേരത്തും ഇന്നത്തെ ഈ തണുത്ത വെളുപ്പാന്‍ കാലത്തും രക്തദാഹിയായി അലഞ്ഞു തിരിയുന്നതാണല്ലോ എനിക്ക് കാണാന്‍ കഴിയുന്നത്‌ . അവന്‍റെ പിന്നില്‍ നങ്കൂരമിട്ടു നില്‍ക്കുന്ന കപ്പലുകള്‍ കണ്ടുഅതിന്‍റെ പാമരങ്ങളില്‍ ഉണരുന്ന കടല്‍ക്കാക്കകളെ കണ്ടു. ഒരു വലിയ മനുഷ്യന്‍, ഞാന്‍ അവനെ പറ്റി പറയട്ടെ. വലിയ കൈകാലുകള്‍, ഉണങ്ങിയ തൊലിപ്പുറത്ത് അങ്ങിങ്ങ് അഴുക്കും മണലും ചോരക്കറയും. കണ്ണുകള്‍ ! കണ്ണില്‍ പേപ്പട്ടിക്കണ്ണിന്‍റെ ജീവരാഹിത്യം. അവനില്‍ ഞാന്‍ കൊടിയ ഭ്രാന്തിന്‍റെ ബീജങ്ങളല്ലോ കാണുന്നു. അതെ അത് ഭ്രാന്തു തന്നെഎന്നാല്‍ അവനെ കണ്ടാലോഒരു സാധാരണ മനുഷ്യന്‍. ഒരാളിലും ഭ്രാന്തിന്‍റെതായ ഒരു സംശയവും ജനിപ്പിക്കാത്ത ചലനങ്ങള്‍. എങ്കില്‍ അവന്‍റെ ഉള്ളില്‍ പുകയുന്നതോഎപ്പോള്‍ വേണമെങ്കിലും മറ നീക്കി പുറത്തു വരാവുന്ന കത്തുന്ന ചിത്തഭ്രമത്തിന്‍റെ കനലുകള്‍. അവനീ സിറ്റിയില്‍ തന്നെയുണ്ട്. വിട്ടുമാറാതെ കെട്ടികിടക്കുന്ന ശവപ്പുക പോലെ അവന്‍റെ സാന്നിധ്യം ഈ നഗരത്തിനുമേല്‍ ഞാന്‍ കാണുന്നു.”- പി പദ്മരാജന്‍

വേണുവേട്ടന്‍റെ ‘മുന്നറിയിപ്പ്’ ഒരു slow paced thriller ആണ്. ഒന്നിരുത്തി പറഞ്ഞാല്‍ പടത്തിന്‍റെ  ദൈര്‍ഘ്യത്തോളം നേരത്തെ തയ്യാറെടുപ്പോടെ, അവസാന നിമിഷം ലളിതമായ് പറയുന്ന ഒരു ഫലിതം. ചിത്രത്തില്‍ ഉടനീളം തരുന്ന സൂചനകളാണ് ‘മുന്നറിയിപ്പി’ന്‍റെ  ആത്മാവ്, അത് കൊണ്ട് തന്നെ ഇത് തണുത്ത തലച്ചോറുകള്‍ക്ക് വേണ്ടി പാകം ചെയ്ത ‘ഭക്ഷണ’വും ആവുന്നില്ല. 

മുന്നറിയിപ്പ് തുടങ്ങുന്നത് ‘ഉത്തരം താങ്ങുന്നു’ എന്ന് സ്വയം കരുതുന്ന ഒരു പല്ലിയുടെ മൃതശരീരം താങ്ങിക്കൊണ്ടു പോകുന്ന ഒരു പറ്റം ഉറുമ്പുകളുടെ വിലാപയാത്രയോടെയാണ്. സംവിധായകന്‍ ഇട്ടു തരുന്ന സൂചനകളുടെ പരമ്പര ഇവിടെ നിന്നും തുടങ്ങുന്നു. ഇവിടെ നിന്നും കഥയിലേക്ക് നീങ്ങുമ്പോള്‍ നമ്മള്‍, ഒരു പത്രപ്രവര്‍ത്തകയായി സ്വയം establish ചെയ്യാന്‍ പാടു പെടുന്ന, അഞ്ജലിയെ പരിചയപ്പെടുന്നു.  അഞ്ജലിക്ക് വന്നു പെടുന്ന അവസരങ്ങളുടെ പ്രളയം ആണ് സി. കെ. രാഘവന്‍ എന്ന ഏറെ അസാധാരണത്വങ്ങള്‍ ഉള്ള ഒരു സാധാരണ ജയില്‍ പുള്ളി. രാഘവന്‍ അടഞ്ഞ ജയില്‍ പൂട്ടിനെ പോലെ സംഭവ രഹിതനാണ്. തന്‍റെ ഭാര്യ അടക്കം രണ്ടു സ്ത്രീകളെ കൊന്നു എന്നതാണ് രാഘവനെ കുറിച്ച് ഏറ്റവും അവസാനം രേഖപ്പെടുത്തിയ സംഭവം. പിന്നെയിങ്ങോട്ട് 20 വര്‍ഷം അയാള്‍ സമൂഹവുമായി ഏറെ അകന്ന് ‘ആണ്‍ജയിലി’ന്‍റെ (പെണ്‍ ഇടപെടലുകളുടെ അസാന്നിധ്യം വളരെ പ്രധാനമാണ്) ഭാഗമായി ജീവിക്കുന്നു. അയാളിലെ അളവില്ലാത്ത ‘lateral’ സ്വഭാവമുള്ള ക്രിയാത്മചിന്തകളെ വിറ്റു കാശാക്കുക എന്ന സ്വാര്‍ഥതയാണ് അഞ്ജലിയെ രാഘവനുമായി അടുപ്പിക്കുന്നത്. രാഘവന്‍റെ മനോവ്യാപാരങ്ങള്‍ വിചിത്രമാണ്. നമുക്ക് അറിയാന്‍ വയ്യാത്ത, അയാള്‍ പങ്കു വെക്കാന്‍ ആഗ്രഹിക്കാത്ത ഒരു കലാപത്തിന്‍റെ അനുരണനങ്ങളുമായി അയാള്‍ ജയിലില്‍ കഴിയുന്നു. ജയില്‍ അയാള്‍ക്ക് ഒരു അന്തിമ വിധിയല്ല, സ്വയം നടത്തിയ തിരഞ്ഞെടുപ്പാണ്. ആ തിരഞ്ഞെടുപ്പിന്‍റെ  സ്വാതന്ത്ര്യം അയാളില്‍ നിറയ്ക്കുന്ന സന്തോഷം ചില്ലറയൊന്നും അല്ല.

രാഘവന്‍ പങ്കുവെക്കുന്ന ചിന്തകളില്‍ ഒന്ന്, “കുറ്റം ചെയ്യുന്നവനെ ശിക്ഷിക്കുമ്പോള്‍ അയാളുടെ പൌരാവകാശങ്ങള്‍ എടുത്തു കളയുന്നു പക്ഷെ, അപ്പോഴും അയാള്‍ക്ക് മനുഷ്യാവകാശങ്ങള്‍ ഉണ്ട്. മനുഷ്യന്‍ കുറ്റം ചെയ്യുന്നതിന് പൌരനെ ശിക്ഷിക്കുന്നതില്‍ എന്തര്‍ത്ഥം” എന്നതാണ്. മാനസാന്തരത്തിനുള്ള space ഒഴിച്ചിടണം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ചുരുക്കത്തില്‍ state കുറ്റവാളിയുടെ മനുഷ്യാവകാശങ്ങളില്‍ കൈ കടത്താന്‍ കൂടി ശ്രദ്ധിക്കണം എന്നല്ലേ പറഞ്ഞു വരുന്നത്. കുറ്റവാളി സമം stateന്‍റെ പ്രതികാരനടപടികള്‍ക്ക് വിധേയനവേണ്ടവന്‍ എന്നെഴുതുന്നത് ഒരു പിന്തിരിപ്പന്‍ നീതിബോധം ആണെന്ന് പറയാതെ വയ്യ. ഇനിയുള്ള ചോദ്യം അതിലും രസമാണ്, “ഒരു കുറ്റവാളിക്ക് ജയില്‍ ശിക്ഷ വിധിക്കുമ്പോള്‍ അയാള്‍ക്ക് സ്വയം തിരുത്താന്‍ ഉള്ള സമയം കൊടുക്കുയാണോ അതോ അയാളെ മാറ്റി നിര്‍ത്തി സമൂഹത്തെ സുരക്ഷിതമാക്കുകയാണോ ?” എന്ന്. ഇതാണ് നമുക്ക് കിട്ടുന്ന ഏറ്റവും പ്രകടമായ മുന്നറിയിപ്പ്. ‘മുന്നറിയിപ്പ്’ പറഞ്ഞു വരുന്നത് കുറ്റവാസനയുടെ അശുദ്ധരക്തം തളം കെട്ടി നില്‍ക്കുന്ന സമൂഹത്തിലെ കൈവഴികളെ കുറിച്ചാണ്, അത് വെട്ടി മാറ്റേണ്ട ആവശ്യകതയെ കുറിച്ചാണ്, സമൂഹവുമായി എത്ര ഇടപെടലുകള്‍ നടത്തിയാലും, എത്ര തിരുത്തല്‍ സമയങ്ങളിലൂടെ കടന്നു പോയാലും, അലിഞ്ഞു പോകാത്ത ക്രിമിനല്‍ സ്വഭാവം ഉള്ള ആ തണുത്ത ബീജത്തെ കുറിച്ചാണ്. കുറ്റം എന്നത് തെറ്റിയ ഒരു നിമിഷത്തിന്‍റെ അനന്തരഫലം എന്നതിലുപരി, നിമിഷങ്ങള്‍ക്ക് അത്തരം തെറ്റുകള്‍ പറ്റുന്നത് ചില മനുഷ്യരില്‍ ഉറഞ്ഞു നില്‍ക്കുന്ന കുറ്റം ചെയ്യാനുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടാണത്രെ. 

നിരത്തിലൂടെ പുളച്ചു നടക്കുന്ന ഒരു ex-convictന്‍റെ ചിന്തകള്‍ ഒന്ന് പാളിയാല്‍ സമൂഹം നേരിടാന്‍ പോകുന്ന ആഘാതത്തെ കുറിച്ച് വേവലാതിപ്പെടുന്ന സംവിധായകന്‍, “മനുഷ്യനെ സമൂഹം കുറ്റവാളിയാക്കുന്നു”, എന്ന ഇതേ ജയിലില്‍ കിടത്തി ഇതേ മമ്മൂട്ടിയെ കൊണ്ട് ‘ഭൂതക്കണ്ണാടി’യില്‍ ലോഹിതദാസ് പറയിപ്പിച്ച വരികള്‍ തിരുത്തി, “കുറ്റവാളിക്ക് സമൂഹം ഒരവസരം കൊടുക്കുന്നു, പുതിയ കുറ്റങ്ങള്‍ ചെയ്യാന്‍” എന്ന് ‘ഇരവാദ’ത്തിന് counter അടിക്കുന്നു. ഒരാളിലെ കുറ്റവാസന തിരിച്ചറിഞ്ഞാല്‍ അയാളെ ആജീവനാന്ത (ജീവപര്യന്തമല്ല !) തടവിനു ശിക്ഷിക്കുകയോ capital punishment വിധിക്കുകയോ ചെയ്ത് സമൂഹത്തെ സുരാക്ഷിതമാക്കണം എന്നും പറയാതെ പറഞ്ഞു വെക്കുന്നു ചിത്രം. ഗൌരവമുള്ള രംഗങ്ങളില്‍ പോലും കണ്ണാടിയിലെ പ്രതിബിംബത്തെ കുറിച്ചും അശോകസ്തംഭത്തിലെ നാലാം സിംഹത്തെ കുറിച്ചും ഒക്കെ കോളേജ് ഓട്ടോഗ്രാഫ് നിലവാരത്തിലുള്ള ചില വരികള്‍ നൈസായി തിരുകി കയറ്റുന്നുണ്ട് ഉണ്ണി ആര്‍. 

‘യുവതുര്‍ക്കി’ മുതല്‍ ‘വീരുമാണ്ടി’ വരെ, അല്ലെങ്കില്‍ ‘അഹം’ മുതല്‍ ‘നിറക്കൂട്ട്’ വരെ എടുത്താല്‍ സ്വന്തം ഭാര്യയെ വധിച്ച കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന നായകന്മാരെ അഭിമുഖം ചെയ്യാന്‍ എന്നും എത്താറുള്ളത് വനിതാ പത്രപ്രവര്‍ത്തകരാണ്. അല്ലെങ്കില്‍ വനിതാ വക്കീല്‍, അല്ലെങ്കില്‍ വനിതാ CBI. പറയുന്നത് മുന്‍വിധികളില്ലാതെ കേള്‍ക്കും എന്നുള്ള തോന്നല്‍ കൊണ്ടൊന്നുമല്ല. ഒരു പരിധി വരെയെങ്കിലും നായകന്‍ കുറ്റകൃത്യത്തിലേക്ക് എത്തിയതിന്‍റെ പിന്‍-കഥ (prologue) പറയുമ്പോള്‍ സ്ത്രീകളാവുമ്പോള്‍ കണ്ണൊന്നു നനയിപ്പിച്ചു പൈങ്കിളി മൂഡ്‌ സൃഷ്ടിക്കാം എന്ന് ലാക്കാക്കി തന്നെ ചെയ്യുന്ന ‘തറ’പരിപാടിയാണിത്. ‘മുന്നറിയിപ്പി’ന്‍റെ തുടക്കം ഇങ്ങനെ ഒരു പറഞ്ഞു പഴകിയ premiseല്‍ അല്ലെ എന്ന് തോന്നുമ്പോഴേക്കും സംവിധായകന്‍ തിരുത്തും, “ഇത് നിങ്ങള്‍ ഉദ്ദേശിച്ച സിനിമയല്ല !” എന്ന്. 

രാഘവന്‍റെ കലാപം എന്നും വിമോചനത്തിനു വേണ്ടിയുള്ളതാണ്. രാഘവന്‍റെ ഭൂതകാലത്തെ കുറിച്ച് വര്‍ത്തമാന കാലത്ത് നിന്നും സൂചനകള്‍ ഇട്ടു പോകുന്നതെയുള്ളു സംവിധായകന്‍. എങ്കിലും നമുക്ക് മനസ്സിലാവും, രാഘവന്‍ തന്‍റെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കുന്നത് പെണ്‍ അധികാര സ്ഥാപനങ്ങള്‍ക്ക് കീഴ്പെട്ടു നില്‍ക്കാനുള്ള മടിയായിട്ടാണ്. കുടുംബത്തിനകത്ത് തന്നെ ഭരിക്കുന്ന ഭാര്യയിലും യജമാന സ്ത്രീയിലും സമാന്തര തടവറ സൃഷ്ടിച്ചു തന്‍റെ ജയില്‍പ്പുറ ജീവിതത്തിന്‍റെ ഉത്തരവാദിത്വവും ഉത്തരവും താങ്ങുന്ന നായികയിലും ഒക്കെ അധികാരം മണക്കുന്നുണ്ട് അയാള്‍. ഭരിക്കുന്ന സ്ത്രീയില്‍ നിന്നും ഉത്ഭവിക്കുന്ന കൊഴുത്ത മണം ശ്വസിച്ചു ഓരോ പേജും ആര്‍ത്തിയോടെ എഴുതി ഒളിപ്പിച്ചു വെച്ച് അവസാന ദിവസത്തിന് വേണ്ടി കൈകള്‍ കൂട്ടിയുരുമ്മി കാത്തിരിക്കുന്ന രാഘവന്‍ പതിവു സിനിമ കാഴ്ചകളില്‍ നിന്നും ഏറ്റവും വേറിട്ട പാത്രസൃഷ്ടിയാണ്. കുടുംബത്തില്‍ നിന്നും തൊഴിലിടത്തില്‍ നിന്നും അവസാനം എത്തിയ ‘എഴുത്ത് മുറി തടവറയി’ല്‍ നിന്നും ഒക്കെ രാഘവന്‍ ജയില്‍ ചാടുന്നു. അയാളിലെ ഒറ്റപെട്ട മനുഷ്യന് ജയില്‍ ആണ് ഏറ്റവും സ്വതന്ത്രമായ തുരുത്ത്. രാഘവന്‍ ചോദിക്കുന്നു, വെളിച്ചത്തിനെ ഇരുട്ടാക്കാന്‍ പറ്റിയ switch കണ്ടു പിടിച്ചിട്ടുണ്ടോ ? എന്ന്. രാഘവന് വേണ്ടത് ജയിലിന്‍റെ തണുത്ത ഇരുട്ടാണ്‌. അത് നിലനിര്‍ത്താന്‍ വേണ്ടി അയാളുടെ ഉപബോധ മനസ്സ് നടത്തുന്ന പങ്കപാടുകള്‍ ആണ് തെറിച്ച ചിന്തകളായി, ചതുരമായ വാദങ്ങളായി പുറത്തു വരുന്നത്. 

രാഘവന്‍ ആവുന്ന മമ്മുട്ടി അളവില്ലാത്ത വെളിച്ചമാണെന്ന് നമുക്ക് തോന്നും. ആ വെളിച്ചത്തില്‍ പിടിക്കുമ്പോള്‍ ‘ഉക്രി-സിബി’ വിരലുകള്‍, വികലമായി ഇംഗ്ലീഷ് പറഞ്ഞു സ്വയം ചിരിക്കുന്ന തെങ്കാശി-ഫോര്‍ട്ട്‌കൊച്ചി അനാഥ gangsterമാരുടെ ആഭാസ രൂപം അകലെ ചുമരില്‍ കാണിച്ചു തരും. വേണു ഇരുളും വെളിച്ചവും കൃത്യമായി ഉപയോഗിക്കാന്‍ അറിയുന്ന മികച്ച ഛായാഗ്രാഹകന്‍ ആണ്, അത് കൊണ്ട് തന്നെ സ്വിച്ചമര്‍ത്തി അയാള്‍ രംഗം വിടുന്നു. സമീപകാലത്തെ ‘പ്ലിങ്ങാത്ത തമാശകളുടെ മൊത്തക്കച്ചവടക്കാരന്‍’ എന്ന പ്രതിച്ഛായ തടവറയില്‍ നിന്നും  മമ്മുട്ടിയുടെ ഏറ്റവും നല്ല ജയില്‍ചാട്ടമായി ‘മുന്നറിയിപ്പി’നെ നീസംശയം കൂട്ടാവുന്നതാണ്. പൃഥ്വിരാജിന്‍റെ അതിഥി വേഷം അര്‍ത്ഥവത്താണ്, ചക്കോച്ചനിലൂടെ (പൃഥ്വി) അഞ്ജലി  ജീവിതത്തെ പ്രതീക്ഷയോടെ കാണുമ്പോള്‍ തന്നെയാണ് ക്ലൈമാക്സിന് തീവ്രത കൈവരുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം 

യാതൊരു മുന്നറിയിപ്പും കൂടാതെ പ്രേക്ഷകനേറ്റുവാങ്ങുന്ന തലയ്ക്കടിയാണ് ഈ ചിത്രം
മുന്നറിയിപ്പ്: വെറും സ്റ്റഫല്ല, ജീവിതമാണ്

വേണുവിന്‍റെ ‘മുന്നറിയിപ്പ്’ രഞ്ജിത്തിന്‍റെ ‘കൈയ്യൊപ്പി’ന്‍റെ ഏറ്റവും ലക്ഷണമൊത്ത സ്പൂഫ് പോലും ആകുന്നുണ്ട് ഇടയ്ക്ക്. ഏറെ ബുദ്ധിമുട്ടി പിടിച്ചു നില്‍ക്കാന്‍ പണിപ്പെടുന്ന protagonistഉം, അയാള്‍/വള്‍ യാദൃശ്ചികമായി കണ്ടുപിടിക്കുന്ന ഒരു creative കക്ഷിയും, അയാളുടെ ഇനിയും പുറത്തു വരാത്ത masterpiece വര്‍ക്കും, അയാളുടെ താമസ സ്ഥലത്തെ വായാടി കെയര്‍ട്ടേക്കറും, അയാളെ മഹാകാവ്യം ഏഴുതിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഒക്കെ തന്നെയേ അവസാന നിമിഷം വരെ ‘മുന്നറിയിപ്പും’ സാമാന്യതലത്തില്‍ പറയുന്നുള്ളൂ. എന്നാല്‍ ഏറ്റവും സങ്കീര്‍ണ്ണമായ നിമിഷത്തില്‍ ഒപ്പിക്കുന്ന ഒരു കുസൃതിയില്‍ നമുക്കുള്ളിലെ ‘ദോഷൈകദൃക്കി’നെ (ഉം കണ്ടട്ട്ണ്ട് കണ്ടട്ട്ണ്ട് എന്ന ഭാവത്തിനെ) വലിച്ചു പുറത്തിടുന്നു വേണു. നില നില്‍ക്കുന്ന സത്യങ്ങളെ/ നടപ്പ് രീതികളെ അവഗണിച്ചു തന്‍റേതായ ശരികള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന, ആരുടെ ചിന്തകള്‍ക്കും ചെവികൊടുക്കില്ലെന്ന ദുര്‍വാശിയോടെ, മൌഡ്യത്തോളം എത്തുന്ന അതിസാഹാസികതകള്‍ കാണിക്കുന്ന ‘സ്റ്റീവ് ലോപ്പസ്സു’മാര്‍ക്ക് കിട്ടുന്ന പിന്‍ കഴുത്തിലെ തണുത്ത മരവിപ്പാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ ‘മുന്നറിയിപ്പ്’.

This post was last modified on August 25, 2014 8:23 am