X

മുസ്ലിം അഭിഭാഷകനെ നിര്‍ബന്ധിതമായി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു

ഇസ്ലാം മതം അനുശാസിക്കുന്ന വിധത്തില്‍ ജീവിക്കുന്നില്ലെന്ന് ആരോപിച്ച് ഇദ്ദേഹത്തെ അയല്‍വാസികള്‍ പതിവായി ഉപദ്രവിച്ചിരുന്നു

മുസ്ലിങ്ങളായ അയല്‍വാസികളില്‍ നിന്നുള്ള തുടര്‍ച്ചയായ പഠനത്തെ തുടര്‍ന്ന് മുസ്ലിം അഭിഭാഷകന്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ബിഹാറിലെ ബെഗുസരൈ ജില്ലയിലാണ് സംഭവം. മുഹമ്മദ് അന്‍വര്‍(46) എന്ന അഭിഭാഷകനാണ് ചൊവ്വാഴ്ച മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിതനായത്. ഇദ്ദേഹത്തോടൊപ്പം മക്കളും മതം മാറിയിട്ടുണ്ട്.

മതമ മാറിയ മുഹമ്മദ് അന്‍വര്‍ ആനന്ദ് ഭാരതി എന്ന പേര് സ്വീകരിച്ചു. മക്കളായ മുഹമ്മദ് ആമിര്‍(11), മുഹമ്മദ് ഷാഹിര്‍(9) എന്നിവര്‍ യഥാക്രമം അമന്‍ ഭാരതി, സുമന്‍ ഭാരതി എന്നീ പേരുകള്‍ സ്വീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ ശബ്‌നവും ഉടന്‍ തന്നെ മതപരിവര്‍ത്തനം നടത്തുമെന്നാണ് അറിയുന്നത്. ഇസ്ലാം മതം അനുശാസിക്കുന്ന വിധത്തില്‍ ജീവിക്കുന്നില്ലെന്ന് ആരോപിച്ച് ഇദ്ദേഹത്തെ അയല്‍വാസികള്‍ പതിവായി ഉപദ്രവിച്ചിരുന്നു. കഴിഞ്ഞ 18 വര്‍ഷമായി താന്‍ മുസ്ലിം ന്യൂനപക്ഷ പ്രദേശമായ ബെഗുസരൈയില്‍ ജീവിക്കുന്നു. ഇസ്ലാം മതത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ഒരു സയ്ദ് കുടുംബത്തില്‍ നിന്നാണ് ആക്രമണം ആരംഭിച്ചത്. പിന്നീട് പരിസരത്തെ മറ്റ് 12 വീടുകളും തനിക്കെതിരെ ആക്രമണം നടത്തുകയായിരുന്നെന്ന് ഇദ്ദേഹം വ്യക്തമാക്കി.

താന്‍ നിസ്‌കരിക്കുന്നില്ലെന്നാണ് അയല്‍വാസികളുടെ മുഖ്യപരാതിയെന്നും ആനന്ദ് പറയുന്നു. അതേസമയം താനൊരു മനുഷ്യത്വവാദിയാണെന്നും ക്ഷേത്രങ്ങളുടെ നിര്‍മ്മാണകത്തിനും മറ്റുമായി സംഭാവനകള്‍ നല്‍കുന്നതാണ് മുസ്ലിംകളായ അയല്‍വാസികളെ പ്രകോപിതരാക്കിയതെന്നുമാണ് ആനന്ദ് പറയുന്നത്. താന്‍ ബീഫ് കഴിക്കാറില്ലാത്തതും മക്കളെ മദ്രസയില്‍ ചേര്‍ക്കാത്തതും അയല്‍ക്കാര്‍ എല്ലായ്‌പ്പോഴും ചോദ്യം ചെയ്തിരുന്നു.

ജൂലൈ 2ന് നാല്‍പ്പതോളം വരുന്ന ഇസ്ലാ വിശ്വാസികള്‍ ഇസ്ലാം വിശ്വാസങ്ങള്‍ പിന്തുടര്‍ന്നില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. മതപരിവര്‍ത്തനം ചെയ്യാന്‍ തനിക്ക് ഹിന്ദുമതത്തില്‍ ആകര്‍ഷണം തോന്നിയിട്ടില്ലെന്നും എന്നാല്‍ ഇവരുടെ ഭീഷണി മൂലം അതിന് നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും ആനന്ദ് വ്യക്തമാക്കുന്നു. തന്റെ ആഗ്രഹപ്രകാരമല്ല മതപരിവര്‍ത്തനം നടത്തിയതെന്ന് ഇദ്ദേഹം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.