X

മുസ്ലിങ്ങള്‍ക്കെതിരെ അന്തിമ യുദ്ധത്തിന് ആഹ്വാനം ചെയ്ത് സംഘപരിവാര്‍ യോഗം

അഴിമുഖം പ്രതിനിധി

മുസ്ലിങ്ങളുമായി അന്തിമ യുദ്ധത്തിന്റെ മുന്നറിയിപ്പ് നല്‍കി സംഘപരിവാര്‍ യോഗം. മനുഷ്യ വിഭവ ശേഷി സഹമന്ത്രിയും ആഗ്രയിലെ ബിജെപി എംപിയുമായ റാം ശങ്കര്‍ മാധവ് കട്ടാരിയ പങ്കെടുത്ത യോഗത്തിലാണ് ഈ മുന്നറിയിപ്പുണ്ടായത്. മുസ്ലിങ്ങളെ രാക്ഷസന്‍മാരും രാവണന്റെ പിന്തുടര്‍ച്ചക്കാരുമായി യോഗത്തില്‍ നേതാക്കള്‍ വിശേഷിപ്പിച്ചു. കഴിഞ്ഞ ആഴ്ച്ചയില്‍ മുസ്ലിം യുവാക്കള്‍ കൊലപ്പെടുത്തിയ വി എച്ച് പി പ്രവര്‍ത്തകന്‍ അരുണ്‍ മഹൗര്‍ അനുസ്മരണ യോഗത്തിലാണ് നേതാക്കള്‍ മുസ്ലിങ്ങള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തിയത്.

മുസ്ലിങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഈ രാക്ഷസന്‍മാരെ നശിപ്പിക്കണമെന്നും എല്ലാ പ്രാസംഗികരും ഹിന്ദുക്കളോട് ആവശ്യപ്പെട്ടു. മഹൗറിന്റെ മരണത്തിന്റെ 13-ാം ദിവസത്തെ ചടങ്ങുകള്‍ക്ക് മുമ്പ് പ്രതികാരം നടത്താനുള്ള എല്ലാ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി പ്രാസംഗികര്‍ പറഞ്ഞു. മഹൗറിന്റെ രക്തസാക്ഷിത്വത്തിന് മനുഷ്യന്റെ തലയോട്ടികള്‍ അര്‍പ്പിക്കണമെന്ന് വി എച്ച് പി ജില്ല സെക്രട്ടറി അശോക് ലവാനിയ പറഞ്ഞു. മുമ്പ് മുസ്ലിങ്ങളെ ആക്രമിച്ചതിന് ജയിലില്‍ കിടന്നിട്ടുള്ളയാളാണ് ലവാനിയ.

നിങ്ങള്‍ക്ക് വെടി വയ്ക്കാം, തോക്കേന്താം, കത്തികള്‍ ഉപയോഗിക്കാം എന്ന് 5000-ത്തോളം വരുന്ന ജനക്കൂട്ടത്തോട് ബിജെപി എംഎല്‍എ ജഗന്‍ പ്രസാദ് പറഞ്ഞു. 2017-ല്‍ തെരഞ്ഞെടുപ്പ് വരുന്നുവെന്ന് ഓര്‍മ്മിപ്പിച്ച ജഗന്‍ നിങ്ങളുടെ ശക്തി കാണിക്കുന്നത് ആരംഭിക്കണമെന്നും ആഹ്വാനം ചെയ്തു.

കനത്ത സുരക്ഷയില്‍ നടന്ന യോഗത്തില്‍ വി എച്ച് പി ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജയ്‌നും ബജ്‌റംഗദള്‍ നേതാക്കളും പ്രസംഗിച്ചു. മുസഫര്‍നഗറിന്റെ ഫലം എന്തായിയെന്ന് കണ്ടുവെന്നും ആഗ്രയെ മുസഫര്‍നഗറായി മാറ്റരുതെന്നും ജെയ്ന്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കി.

നമ്മള്‍ സ്വയം ശക്തിപ്രാപിക്കേണ്ടിയിരിക്കുന്നുവെന്നും ഒരു പോരാട്ടം ആരംഭിക്കണമെന്നും മന്ത്രി കട്ടാരിയ ആഹ്വാനം ചെയ്തു. ഇനിയൊരാള്‍ കൊല്ലപ്പെടുന്നതിന് മുമ്പ് നമ്മള്‍ ഉറപ്പായിട്ടും നമ്മുടെ ശക്തി കാണിക്കണം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മഹൗറിന്റെ കൊലപാതകികളെ തൂക്കികൊല്ലണമെന്ന് ആവശ്യപ്പെട്ട കട്ടാരിയ മന്ത്രി സ്ഥാനം തനിക്ക്‌ തടസ്സമാകില്ലെന്നും പ്രഖ്യാപിച്ചു. ഈ യോഗം ഒരു തുടക്കം മാത്രമെന്നും കട്ടാരിയ മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ പ്രസംഗിച്ച വി എച്ച് പി, ബജ്‌റംഗദള്‍, ബിജെപി നേതാക്കന്മാരെല്ലാം കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലാണ് സംസാരിച്ചത്.

This post was last modified on December 27, 2016 3:49 pm