X

മുഴപ്പിലങ്ങാട്: ബിബിസിയില്‍ ഇടംപിടിച്ച കേരളത്തിന്റെ സ്വന്തം ഡ്രൈവ് ഇന്‍ ബീച്ച്

അഴിമുഖം പ്രതിനിധി

ലോകത്തിലെ മികച്ച ഡ്രൈവ് ഇന്‍ ബീച്ചുകളുടെ പട്ടികയിലേക്ക് നമ്മുടെ സ്വന്തം മുഴപ്പിലങ്ങാട് ബീച്ചും. ബിബിസിയാണ് ഈ പട്ടിക പുറത്തിറക്കിയത്. ഇതില്‍ ഏഷ്യയില്‍ നിന്നുള്ള ഏക ബീച്ചാണ് മുഴപ്പിലങ്ങാട്.

കേരളത്തില്‍ ബീച്ചുകള്‍ക്ക് പഞ്ഞമില്ലെങ്കിലും കടല്‍ത്തീരത്തിലൂടെ തിരകളെ മുറിച്ച് ഒരു ഡ്രൈവ്, അത് വേണമെങ്കില്‍ അതിന് മുഴപ്പിലങ്ങാട് തന്നെ പോകണം. ഒറ്റ സ്ട്രച്ചിന് അഞ്ചു കിലോമീറ്റര്‍ ഡ്രൈവ്. കടല്‍ വെള്ളത്തില്‍ കുളിച്ച വാഹനവുമായി ഒരു അഡ്വഞ്ചര്‍ ഡ്രൈവ് എന്നുതന്നെ അതിനെ പറയാം.


© Uberscholar/ Wikimedia Commons

തീരത്തെ കുഴഞ്ഞ മണ്ണാണ് മറ്റു ബീച്ചുകളില്‍ വാഹനം ഓടിക്കുന്നത് തടയുന്നത്. എന്നാല്‍ മുഴപ്പിലങ്ങാട് അത്തരം ഒരു പ്രശ്നമേയില്ല. മണ്ണില്‍ പൂഴ്ന്നു പോകാതെ എല്ലാത്തരം വാഹനങ്ങളിലും ഇവിടെ സഞ്ചരിക്കാനാകും. ഉറച്ച മണ്ണ് വാഹനങ്ങളുടെ ടയറുകള്‍ പുതയാതെ ഡ്രൈവിംഗ് രസകരമാക്കും. വേലിയേറ്റ സമയം വെള്ളം കയറി തീരത്തെ മണലിന് ഉറപ്പ് വര്‍ദ്ധിക്കുന്നതിനാലാണ് ഇത്. വൈകുന്നേരങ്ങളില്‍ തിരക്കേറുമെങ്കിലും യാതൊരുവിധ ശല്യങ്ങളും ഇല്ലാതെ നിയമങ്ങള്‍ പാലിച്ച് ഇവിടെ വാഹനം ഓടിക്കാം. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ച് ആണെങ്കിലും ചൂഷണത്തിന്റെ കൈകള്‍ അത്രയങ്ങോട്ട് എത്തിപ്പെടാത്തതിനാല്‍ മുഴപ്പിലങ്ങാന് ഇപ്പോഴും അതിന്റെ സ്വച്ഛന്ദത നഷ്ടപ്പെട്ടിട്ടില്ല. അങ്ങിങ്ങായി മതില്‍ പോലെ നിലകൊള്ളുന്ന പാറകള്‍ തിരകളില്‍ നിന്നും സഞ്ചാരികളെ സംരക്ഷിക്കും. നീന്തല്‍ക്കാരുടെ സ്വര്‍ഗ്ഗം എന്നുകൂടി ഈ ബീച്ച് അറിയപ്പെടുന്നു.


© Rijin S/ Wikimedia Commons  

ഇനിയിപ്പോള്‍ ഡ്രൈവിംഗിനു താത്പര്യമില്ല, ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറി ഏകാന്തതയിലേക്ക് ഒരു യാത്രയാണ് ലക്ഷ്യമെങ്കില്‍ ചെറു പാറക്കെട്ടുകളില്‍ ചെന്നിരുന്ന് കടല്‍ക്കാറ്റു കൊള്ളാം, പ്രകൃതിഭംഗി ആസ്വദിക്കാം.

പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന ചെറു അരുവികള്‍, പാറകളാല്‍ ചുറ്റപ്പെട്ട കുഞ്ഞു കുളങ്ങള്‍, തീരത്തെ പനന്തോപ്പുകള്‍ എന്നിങ്ങനെ ഒരു സഞ്ചാരിയെ പിടിച്ചു നിര്‍ത്താന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയതാണ് നമ്മുടെ മുഴപ്പിലങ്ങാട്.


© Dvellakat/Wikimedia Commons

സാഹസികരെ തൃപ്തിപ്പെടുത്തുന്ന മറ്റു ചിലതു കൂടി മുഴപ്പിലങ്ങാട് ഉണ്ട്. പാരാഗ്ലൈഡിംഗ്, പാരാസെയിലിംഗ്, മൈക്രോലൈറ്റ് ഫ്ലൈറ്റ്സ് എന്നിങ്ങനെ ആ ലിസ്റ്റ് നീളും.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവിടെ ബീച്ച് ഫെസ്റ്റ് നടത്താറുണ്ട്. അതിന്റെ ഭാഗമായി സാഹസിക-ഉല്ലാസ യാത്രകള്‍, കലാസാംസ്കാരിക പരിപാടികള്‍, എക്സിബിഷനുകള്‍ എന്നിവ ഒരുക്കാറുണ്ട്. ബീച്ചിനെക്കുറിച്ചറിഞ്ഞ് എത്തുന്ന വിദേശികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിക്കുകയാണ്.


© Ks.mini/Wikimedia Commons

കണ്ണൂരില്‍ നിന്നും ഏകദേശം 15 കിലോമീറ്ററും തലശ്ശേരിയില്‍ നിന്നും എട്ടു കിലോമീറ്ററും മാത്രമാണ് ദേശീയപാത 17-ല്‍ നിന്ന് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള ദൂരം. തലശ്ശേരിയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. കരിപ്പൂര്‍ അടുത്തുള്ള വിമാനത്താവളവും.

Slide image © Neon മലയാളം Wikipedia

This post was last modified on June 25, 2016 6:27 pm