X

പ്രപഞ്ചത്തിന്‌റെ മറ്റൊരു കോണില്‍ നിന്ന് ഒരു സന്ദേശം

മുന്നൂറ് കോടി പ്രകാശ വര്‍ഷം അകലെയുള്ള കുള്ളന്‍ ഗാലക്‌സിയില്‍ നിന്നാണ് സിഗ്നല്‍ വരുന്നതെന്നാണ് നിഗമനം.

പ്രപഞ്ചത്തിന്‌റെ ഏതോ കോണില്‍ നിന്ന് വന്ന വിചിത്രമായ സിഗ്നലിന്‌റെ ഉറവിടം കണ്ടെത്തി. ഫാസ്റ്റ് റേഡിയോ ബേഴ്‌സ്റ്റ്‌സ് എന്നറിയപ്പെടുന്ന സിഗ്നലുകള്‍ 18 തവണയാണ് ലഭിച്ചത്. എഫ്ആര്‍സികള്‍ ഒരേസമയം ഹ്രസ്വവും ശക്തവുമായ റേഡിയോ സിഗ്നലുകളാണ്. ഒരു മില്ലി സെക്കന്‌റിനപ്പുറം ഇത് നീണ്ട് നില്‍ക്കാറില്ല. 2007 മുതല്‍ സിഗ്നലുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഇത് എവിടെ നിന്ന് വരുന്നു എന്ന കാര്യം ദുരൂഹമായി തുടരുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. മുന്നൂറ് കോടി പ്രകാശ വര്‍ഷം അകലെയുള്ള കുള്ളന്‍ ഗാലക്‌സിയില്‍ നിന്നാണ് സിഗ്നല്‍ വരുന്നതെന്നാണ് നിഗമനം.

ഓസ്‌ട്രേലിയയിലെ പാര്‍ക്‌സ് ടെലിസ്‌കോപ്പിലാണ് 2007ല്‍ ഈ സിഗ്നല്‍ ആദ്യമായി ലഭിച്ചത്. പിന്നീട് 17 തവണ കൂടി സിഗ്നല്‍ കിട്ടി. ആറ് മാസത്തെ പഠനത്തിന് ശേഷമാണ് സിഗ്നിലിന്‌റെ ഉറവിടം കണ്ടെത്തിയത്. യുഎസ് നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‌റെ മള്‍ട്ടി ആന്‌റിന റേഡിയോ ടെലിസ്‌കോപ് ഉപയോഗിച്ചാണ് കണ്ടെത്തല്‍. കാനഡയിലെ മോണ്‍ട്രിയലിലുള്ള മക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സംഘമാണ് പഠനം നടത്തുന്നത്. സിഗ്നലുകളുടെ ഉറവിടം ക്ഷീരപഥത്തില്‍ തന്നെയാണെന്ന ആദ്യ കണക്കുകൂട്ടല്‍ തെറ്റിയതായി സംഘാംഗമായ ശ്രീഹാഷ് ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

അതേസമയം രണ്ട് സിഗ്നലുകളുടെ ഉറവിടം 100 പ്രകാശ വര്‍ഷത്തില്‍ അകലെയല്ലെന്ന നിഗമനം ശാസ്ത്രജ്ഞര്‍ നാച്വര്‍, അസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലേറ്റേഴ്‌സ് എന്നീ മാഗസിനുകളില്‍ പങ്ക് വച്ചിരുന്നു. എല്ലാ സിഗ്നലുകളും ഒന്നുകില്‍ ഒരേ സ്രോതസില്‍ നിന്നുള്ളതായിരിക്കും. അല്ലെങ്കില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നെന്നും നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള ഡോ.ബെനിറ്റോ മാര്‍കോട്ട് പറയുന്നു. ബ്ലാക്ക് ഹോളുകളില്‍ നിന്നാവാം സിഗ്നലുകളെന്നും അനുമാനമുണ്ട്.

വായനയ്ക്ക്: https://goo.gl/bO7Lxb

This post was last modified on January 5, 2017 6:29 pm