X

നടികര്‍ സംഘം തെരഞ്ഞെടുപ്പ്; കയ്യൂക്കിന്‍റെ തിരുവിളയാടലുമായി തമിഴ് താരങ്ങള്‍

തമിഴിലെ ന്യൂജനറേഷന്‍ സിനിമയെ വെല്ലുന്നതായിരുന്നു ചെന്നൈയില്‍ നടന്ന നടികര്‍ സംഘം തെരഞ്ഞെടുപ്പും തുടര്‍ന്നുണ്ടായ അടിപിടി മസാലകളും. ആകാശത്തില്‍ നിന്നു പൊട്ടിവീണ താരങ്ങള്‍ തെരുവില്‍ ‘തിരുവിളയാടല്‍’ കൊണ്ടാടിയപ്പോള്‍ സാധാരണക്കാര്‍ വാപൊളിച്ചു നിന്നുപോയി. ഗുണ്ടാവിളയാട്ടവും, ഗ്വാഗ്വാ വിളികളും, സൂപ്പര്‍ സ്റ്റണ്ടും, സെന്‍സര്‍ ചെയ്യാത്ത ഡയലോഗുകളും, വ്യാഖ്യാനങ്ങള്‍ക്കപ്പുറമുള്ള കൈക്രിയകളും കൊണ്ട് സമ്പന്നമായിരുന്നു നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പു തമാശകള്‍. രണ്ടു ചേരികളായി അണിനിരന്നുകൊണ്ട് താരസംഘടന കാട്ടിക്കൂട്ടിയ വിക്രിയകള്‍ക്ക് തെരഞ്ഞെടുപ്പു ഫലം വന്നതോടെ തിരശ്ശീല വീണു. പക്ഷേ നിരവധി ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ കോടമ്പാക്കത്തിന്റെ നിര്‍ദ്ദയമായ അന്തരീക്ഷത്തില്‍ പാറിപ്പറക്കുന്നു. നടികര്‍ സംഘത്തിന്റെ അറുപതു വര്‍ഷത്തെ ചരിത്രത്തില്‍ ഇത്തരത്തിലൊരു പൊരിഞ്ഞ തെരഞ്ഞെടുപ്പു പോരാട്ടാം ആദ്യത്തേതാണ്. പക്ഷേ താരങ്ങള്‍ക്ക് തെരുവു ഗുണ്ടകളെപ്പോലെ പെരുമാറാന്‍ കഴിയുമെന്ന് ടിവികളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും ജനം കണ്ടറിഞ്ഞു. തമിഴ് ചാനലുകളെല്ലാം മണിക്കൂറുകളാണ് തെരഞ്ഞെടുപ്പ് വാര്‍ത്തകളുടെ പിന്നാലെ വച്ചുപിടിച്ചത്.  അതോടെ പലരും താലോലിച്ചു കൊണ്ടു നടന്നിരുന്ന സൂപ്പര്‍ പ്രതിച്ഛായകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുകയും ചെയ്തു.  

തെന്നിന്ത്യയിലെ മൂവായിരത്തിലധികം സിനിമാ- നാടക കലാകരന്മാരുടെ കൂട്ടായ്മയാണ് തമിഴകത്തെ ആദ്യസംഘടനയായ നടികര്‍ സംഘം എന്ന സൗത്തിന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ്‌സ് അസ്സോസിയേഷന്‍ (എസ്‌ഐഎഫ്എഎ). കഴിഞ്ഞ മൂന്നു തവണയായി അധികാരത്തിലിരിക്കുന്ന ശരത്കുമാര്‍- രാധാരവി സഖ്യത്തെ നാസര്‍- വിശാല്‍ സഖ്യമാണ് പരാജയപ്പെടുത്തിയത്. പുതിയ സംഘം വിജയം കൈവരിച്ചെങ്കിലും താരസംഘടനയില്‍ ഉണ്ടായ വിള്ളലുകള്‍ക്ക് ഉടനടി ശമനം ഉണ്ടാകുമെന്ന് ഉറപ്പൊന്നുമില്ല. മാത്രമല്ല ഇരുചേരികള്‍ തമിഴ് സിനിമാവ്യവസായത്തില്‍ ഭീകരമായ അരാജകത്വം സൃഷ്ടിക്കുമെന്നും ചലച്ചിത്രരംഗത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ശരത്കുമാര്‍- രാധാരവി സഖ്യത്തിനായിരുന്നു ഭൂരിപക്ഷം. എന്നാല്‍ പാതിരാത്രിയോടെ കാര്യങ്ങള്‍ തലകീഴ്മറിഞ്ഞു. പ്രസിഡന്റ് സ്ഥാനര്‍ത്ഥി നാസറിനു 1344 വോട്ടും സെക്രട്ടറി സ്ഥാനര്‍ത്ഥി വിശാലിനു 1445 വോട്ടും ട്രഷറര്‍ സ്ഥാനര്‍ത്ഥി കാര്‍ത്തിക്കിനു 1384 വോട്ടും നേടാന്‍ കഴിഞ്ഞതോടെ ‘പാണ്ഡവര്‍ അണി’ക്ക് ഭരണക്കസേര  ലഭിച്ചു. എന്നാല്‍ താരങ്ങള്‍ക്കിടയിലെ വിഭാഗീയത ഇത്രത്തോളം പ്രകടമായ ഒരു തെരഞ്ഞെടുപ്പ് ഇതുവരെ സംഘചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഈ തെരഞ്ഞെടുപ്പോടെ പുതിയ പൊട്ടിത്തെറികള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ചേരികള്‍ തിരിഞ്ഞ് പോരാടുമ്പോള്‍ സിനിമാ വ്യവസായത്തില്‍ ഗ്രൂപ്പുകള്‍ വളരും. അതാകട്ടെ സിനിമയുടെ ആരോഗ്യകരമായ വളര്‍ച്ചയെ ബാധിക്കും. ഇതാണ് നടികര്‍ സംഘത്തിലെ തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന പാഠം.

സംഘടനയുടെ പണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ കുളിച്ചു കിടക്കുന്ന പ്രസിഡന്റ് ശരത്കുമാറും ജനറല്‍ സെക്രട്ടറി രാധാരവിയും വീണ്ടും മത്സരരംഗത്തു വന്നപ്പോള്‍ അവരെ ശക്തിയുക്തം എതിര്‍ക്കുന്ന നാസറും യുവനടന്‍ വിശാലും കാര്‍ത്തിക്കും ആയിരുന്നു മറുവശത്ത്. രജനികാന്തും കമലഹാസനും അടങ്ങുന്ന വന്‍താര നിര ഇരുവിഭാഗത്തേയും പരസ്യമായും രഹസ്യമായും പിന്തുണച്ചു മുന്നോട്ടുവന്നതോടെ തെരഞ്ഞെടുപ്പിന്റെ ഗതി മാറി. വോട്ടിംഗിനിടയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി വിശാലിനെ ചിലര്‍ കൈയേറ്റം ചെയ്‌തെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതോടെ തെരഞ്ഞെടുപ്പുരംഗം കൂടുതല്‍ സങ്കീര്‍ണവുമായി. രാധാരവിയുടെ നേതൃത്വത്തില്‍ ഗുണ്ടകള്‍ തെരഞ്ഞെടുപ്പ് രംഗത്ത് അക്രമം അഴിച്ചുവിട്ടു എന്നാണ് വിശാല്‍ ആരോപിക്കുന്നത്. അതായത് കൈയൂക്കിന്റെ വിളയാട്ടം. മദ്രാസ് ഹൈക്കോടതി നയമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്. വമ്പന്‍ പൊലീസ് സന്നാഹവും രംഗത്തുണ്ടായിരുന്നു. 

1952 ല്‍ പുരട്ശ്ചിത്തലൈവന്‍ എം ജി രാമചന്ദ്രനും നടികര്‍ തിലകം ശിവാജിഗണേശനും ‘വില്ലാതിവില്ലന്‍’ എം ആര്‍ രാധയും മറ്റു ചിലരും കൂടി രൂപീകരിച്ചതാണ് നടികര്‍ സംഘം. ടി നഗറിലെ ഹബീബുള്ള റോഡില്‍ 99 സെന്റ് സ്ഥലം എണ്‍പതിനായിരം രൂപക്ക് വാങ്ങുകയും ചെയ്തു. വിലയുടെ പകുതി എം ജി ആറായിരുന്നു നല്‍കിയത്. 1977 ല്‍ എം ജി രാമചന്ദ്രന്‍ മുഖ്യമന്ത്രി ആയപ്പോള്‍ പുതിയൊരു കെട്ടിടം അവിടെ നിര്‍മ്മിച്ചു. പ്രിവ്യൂ തിയേറ്ററും, ജിമ്മും, ഓഫീസ് സ്ഥലവും അടങ്ങുന്ന കെട്ടിടം എം ജി ആര്‍ ഉദ്ഘാടനവും ചെയ്തു. തുടര്‍ന്ന് സംഘടന നാലരക്കോടി കടത്തിലായി. അന്നത്തെ പ്രസിഡന്റ് വിജയകാന്ത് സിംഗപ്പൂരിലും മലേഷ്യയിലും താരനിരശ്ശകള്‍ നടത്തി 2002 ല്‍ കടങ്ങളൊക്കെ തീര്‍ത്തു.

എന്നാല്‍ 2005 ല്‍ വിജയകാന്ത് പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചതോടെ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്ന് നടന്‍ എസ് വി ശേഖര്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് ശരത്കുമാര്‍ പ്രസിഡന്റും രാധാരവി സെക്രട്ടറിയുമായ പുതിയ സാരഥികള്‍ സംഘത്തിന്റെ ഭരണം ഏറ്റെടുക്കുന്നത്. മൂന്നു തവണ ശരത്കുമാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2010 നവംബറിലാണ് നടികര്‍ സംഘത്തില്‍ കുഴപ്പങ്ങള്‍ തലപൊക്കുന്നത്. ഹബീബുള്ള റോഡിലെ 99 സെന്റ് സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ചു കൊമേഴ്‌സ്യല്‍ കോംപ്ലക്‌സ് നിര്‍മ്മിക്കാനും മുപ്പതു വര്‍ഷത്തേക്ക് സത്യം തിയേറ്റര്‍ ഉടമക്ക് ലീസിനു കൊടുക്കാനും 2012 ല്‍ ശരത്കുമാറും സംഘവും തീരുമാനിക്കുന്നു. 2011 ല്‍ കെട്ടിടം പൊളിച്ചുമാറ്റുകയും ചെയ്തു. അതോടെ സംഘടനയില്‍ എതിര്‍പ്പുകള്‍ പ്രകടമായി.

ശരത്കുമാറിനും രാധാരവിക്കും എതിരെ അംഗങ്ങളിലൊരാളായ പൂച്ചി മുരുഗന്‍ കോടതിയിലെത്തി. അംഗങ്ങളോടു ആരായാതെ ബന്ധുക്കളായ ശരത്കുമാറും രാധാരവിയും തങ്ങളുടെ സ്വന്തം താല്‍പ്പര്യപ്രകാരം സത്യം സിനിമയുമായി കരാര്‍ ഉറപ്പിക്കുകയായിരുന്നു എന്നാണ് മുരുഗന്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസ്സിന്റെ ഉള്ളടക്കം. (രാധാരവിയുടെ സഹോദരി എം ആര്‍ രാധികയാണ് ശരത്കുമാറിന്റെ രണ്ടാം ഭാര്യ). സംഘം ഭാരവാഹികളുടെ ഏകപക്ഷീയമായ  പ്രവര്‍ത്തനങ്ങളെ വിശാലും സംഘവും ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. ഏഴുനില മന്ദിരം കെട്ടാനും അതില്‍ ഒരു നില സംഘത്തിന്റെ ഓഫീസിനായി നല്‍കാനും 26 ലക്ഷം രൂപ പ്രതിമാസ വാടകയായി സംഘത്തിനു കൊടുക്കാനുമുള്ള കരാറാണ് ഒപ്പിട്ടത്. സ്വകാര്യ കമ്പനിയുമായുള്ള കരാര്‍ ഉടന്‍ റദ്ദാക്കണമെന്നും സംഘം സ്വന്തമായി പണം സ്വരൂപിച്ച് മള്‍ട്ടിസ്റ്റോറീഡ് ബിള്‍ഡിംഗ് നിര്‍മ്മിക്കണമെന്നും നടികര്‍ സംഘത്തിന്റെ അംഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കണമെന്നും വിശാലിന്റെ നേതൃത്വത്തിലുള്ള എതിര്‍ സംഘം ആവശ്യപ്പെട്ടു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. എന്തായാലും പുതിയ ബില്‍ഡിംഗ് കെട്ടുന്നത് കോടതി തടഞ്ഞിരിക്കുകയാണ്. 

വിശാല്‍, കാര്‍ത്തി, നാസ്സര്‍, കരുണാസ്, പൊണ്‍വാണം, എസ് വി ശേഖര്‍ തുടങ്ങിയവര്‍ നയിക്കുന്ന ‘പാണ്ഡവര്‍ അണി’യെ പിന്തുണയ്ക്കാന്‍ കമലഹാസന്‍, ആര്യ, ജയംരവി, ജീവ, രമ്യാകൃഷ്ണന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ രംഗത്തു വന്നിരുന്നു. കൂടുതലും യുവനിരയായിരുന്നു അവരെ പ്രോത്സാഹിപ്പിച്ചത്. മള്‍ട്ടി സ്റ്റാറുകളുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ച് സംഘത്തിനു മുതല്‍ക്കൂട്ടാക്കുമെന്നും ആ തുക പാവപ്പെട്ട അഭിനേതാക്കള്‍ക്ക് സഹായകമാകുമെന്നും വിശാല്‍ സംഘം പ്രസ്താവിച്ചിരുന്നു. രജനീകാന്താകട്ടെ ആരെയും പ്രകടമായി പിന്തുണക്കാതെ ഒഴിഞ്ഞുമാറിയാണ് വോട്ടുചെയ്യാനെത്തിയത്. സംഘത്തിന്റെ പേരു ‘തമിഴ്‌നാട് നടികര്‍ സംഘം’ എന്നാക്കണമെന്നാണ് അദ്ദേഹം വോട്ടു ചെയ്ത ശേഷം പുറത്തുവന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ കമല്‍ ഹാസന്‍ അതിനോട് വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. (നാലു സംസ്ഥാനങ്ങളിലെ സിനിമാ- നാടക കലാകാരന്മാരുടെ സംഘടനയായിരുന്നു ഇത്. തെലുങ്കും മലയാളവും കന്നഡയും സ്വന്തം സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ നടികര്‍ സംഘം തമിഴകത്തിന്റേതു മാത്രമായി മാറി. എങ്കിലും നിരവധി അന്യഭാഷാ താരങ്ങള്‍ ഇപ്പോഴും സംഘത്തില്‍ അംഗങ്ങളാണ്). 

എന്തായാലും നടികര്‍ സംഘത്തിന്റെ പുതിയ താരയുദ്ധത്തിനു തല്‍ക്കാലം വിരാമം വന്നിരിക്കുന്നു. പാവപ്പെട്ടവരും പ്രായാധിക്യമുള്ളവരുമായ സിനിമാ-നാടക നടീനടന്മാര്‍ ഇപ്പോള്‍ പ്രതീക്ഷയിലാണ്. നിത്യച്ചെലവിനും മരുന്നിനും ഇവര്‍ക്ക് ആശ്രയം നടികര്‍ സംഘം മാത്രമാണ്. സംഘം നല്‍കുന്ന തുച്ഛമായ സാമ്പത്തിക സഹായങ്ങളാണ് അവരുടെ ജീവന്‍ തല്‍ക്കാലം പിടിച്ചു നിര്‍ത്തുന്നത്. ദന്തഗോപുരത്തില്‍ വസിക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്കും ‘ഇടച്ചേന കുങ്കന്മാര്‍’ക്കും ഇവരുടെ വ്യാകുലതകളും വൈഷമ്യങ്ങളും മനസ്സിലാകില്ല. എന്നാല്‍ പുതിയ തലമുറ ഭരണം ഏറ്റെടുക്കുമ്പോള്‍ കാര്യങ്ങള്‍ മാറിവരുമെന്ന് അവര്‍ വിശ്വസിക്കുന്നു. നടികര്‍ സംഘത്തിന്റെ പരിമിതികള്‍ മനസ്സിലാക്കുകയാണ് പുതിയ ഭരവാഹികളുടെ പുതിയ വെല്ലുവിളി. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on December 16, 2016 12:12 am