X

പശുവിന്റെ പേരിലെ കൊലപാതകം: ഏഴുപേര്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

വിഘടനവാദികള്‍ ആഹ്വാനം ചെയ്ത ബന്ദിനെ തുടര്‍ന്ന് ജമ്മുകശ്മീര്‍ കനത്ത സുരക്ഷാ വലയത്തില്‍. ജമ്മുകശ്മീരില്‍ ഹിന്ദുത്വവാദികളുടെ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പശുവിനെ കയറ്റിയ ട്രക്കിന്റെ ഡ്രൈവര്‍ ഷഹീദ് അഹമ്മദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റു ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പ്രധാനപ്രതിയെ ഇനിയും പിടികിട്ടാനുണ്ട്. ഒക്ടോബര്‍ ഒമ്പതിന് ഉദ്ദംപൂരില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ അഹമ്മദ് ഇന്നലെ ദല്‍ഹിയിലാണ് മരിച്ചത്. ഇന്ന് അനന്ത് നാഗില്‍ അഹമ്മദിന്റെ മൃതദേഹം സംസ്‌കരിക്കും. ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കാനാണ് പശു കൊല്ലപ്പെട്ടുവെന്ന കിംവദന്തി പരത്തിയതെന്ന് പൊലീസ് പറഞ്ഞു. പശു ഭക്ഷ്യ വിഷ ബാധയെ തുടര്‍ന്നാണ് ചത്തതെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അഹമ്മദിന്റെ മരണ വാര്‍ത്ത ഇന്നലെ പരന്നതിനെ തുടര്‍ന്ന് അനന്ത് നാഗില്‍ രോഷാകുലരായ പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ഹൈവേയിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ അക്രമികളുടെ രാഷ്ട്രീയ ബന്ധം ബോധപൂര്‍വം മറച്ചു വയ്ക്കുകയാണെന്ന് പ്രതിപക്ഷ കക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ആരോപിച്ചു.

This post was last modified on December 27, 2016 3:20 pm