X

“മുലക്കണ്ണ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണം”: ഫേസ്ബുക്ക് ആസ്ഥാനത്തിന് മുന്നില്‍ നഗ്നരായി പ്രതിഷേധം

നഗ്നതയുമായി ബന്ധപ്പെട്ട നിലവിലുള്ള നയങ്ങളിലെ ലിംഗ വിവേചനം ഉയർത്തിക്കാണിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

സമൂഹ മാധ്യമങ്ങളില്‍ മുലക്കണ്ണ്‌ പ്രദര്‍ശിപ്പിക്കാന്‍ പുരുഷന്മാരെ അനുവദിക്കുന്നതുപോലെ സ്ത്രീകളേയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോര്‍ക്കില്‍ പ്രതിഷേധം. ഫേസ്ബുക്കിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും ആസ്ഥാനങ്ങള്‍ക്ക് മുന്നിലാണ്‌ നൂറുകണക്കിന് ആളുകള്‍ നഗ്നരായി അണിനിരന്ന് പ്രതിഷേധിച്ചത്. ഫേസ്ബുക്കിന്‍റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് കലാപരമായ നഗ്നതയും സെന്‍സെര്‍ചെയ്യും.

ശില്‍പ്പങ്ങളിലും ചിത്രരചനയിലുമെല്ലാം നഗ്നതയാവാം എന്നാണ് ഫേസ്ബുക്കിന്‍റെ നയം. പക്ഷെ, ഫോട്ടോകളില്‍ പാടില്ല. ജനനേന്ദ്രിയങ്ങള്‍ പുരുഷന്മാരുടെ മുലക്കണ്ണുകളുടെ ചിത്രങ്ങള്‍ കൊണ്ട് മറച്ചുപിടിച്ചാണ് അവര്‍ പ്രതിഷേധിച്ചത്. നഗ്നതയുമായി ബന്ധപ്പെട്ട നിലവിലുള്ള നയങ്ങളിലെ ലിംഗ വിവേചനം ഉയർത്തിക്കാണിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

‘ന്യൂഡ്‌ ഫോട്ടോഗ്രഫി’യിലൂടെ പ്രശസ്തനായ സ്പെൻസർ ട്യൂണിക്-ആണ് ‘വി ദ നിപ്പിള്‍’ (#WeTheNipple) എന്ന കാംബയിനുമായി ആദ്യം രംഗത്തുവന്നത്. സെൻസർഷിപ്പിനെതിരെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൊലീഷന്‍ എഗെയ്ന്‍സ്റ്റ് സെന്‍സര്‍ഷിപ്പ് (എന്‍.സി.എ.സി.) എന്ന സംഘടനയും ട്യൂണിക്കിനൊപ്പം പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

വര്‍ഷങ്ങളായി ട്യൂണിക്ക് ഈ നയത്തിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. 2014-ൽ അദ്ദേഹത്തിന്‍റെ പേജ് ഫേസ്ബുക്ക് പൂട്ടിയിരുന്നു. മുന്‍പും സമാനമായ ഇടപെടലുകള്‍ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. 2007-ൽ ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ ആൽപ്സിലെ ഹിമപ്പരപ്പില്‍ നഗ്നരായി നിന്ന് ആഗോളതാപനത്തിനെതിരെയുള്ള പ്രചാരണം നടത്തിയിരുന്നു.

അവതാരകനും എഴുത്തുകാരനുമായ ആൻഡി കോഹൻ, ചിത്രകാരന്‍ ആന്ദ്രെസ് സെറാനോ, നടനും സംവിധായകനുമായ ആഡം ഗോൾഡ്ബെർഗ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്സ് ഡ്രമ്മർ ചാഡ് സ്മിത്ത് തുടങ്ങിയ നിരവധി കലാകാരന്മാര്‍ നല്‍കിയ മുലക്കണ്ണുകളുടെ ചിത്രങ്ങളാണ് പ്രതിഷേധക്കാര്‍ ഉപയോഗിച്ചത്. ഫേസ്ബുക്കിന്‍റെ ഈ നയം പല കലാകാരന്മാരെയും അവരുടെ കലകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍നിന്നും വിലക്കുകയാണെന്ന് എന്‍.സി.എ.സി പറയുന്നു. അതേസമയം, പ്രതിഷേധത്തെ കുറിച്ച് ഫേസ്ബുക്കോ ഇന്‍സ്റ്റഗ്രാമോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

This post was last modified on June 4, 2019 12:42 pm