X

കുനിയുകയല്ല, ഇഴയുകയാണ് മോദികാലത്തെ മുഖ്യധാര മാധ്യമങ്ങള്‍

ടീം അഴിമുഖം

തിങ്കളാഴ്ച വൈകുന്നേരം ആ ഒന്‍പത് പത്രക്കാരേയും 7 റേസ് കോഴ്സ് റോഡ് വസതിയിലേയ്ക്ക് വിളിപ്പിച്ചു: ഒരു ബിസിനസ്സ് ഡെയിലിയുടെ എഡിറ്ററായ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്നു ഒരാള്‍. ഒരു ദേശീയ ദിനപത്രത്തിന്‍റെ പ്രതിനിധിയായ അടുത്തയാളുടെ ഗവണ്‍മെന്‍റ് അനുകൂല നിലപാടുകള്‍ പരക്കെ അറിയപ്പെടുന്നത്. വേറെയും കുറച്ചു പേരുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രവേശിച്ച അവരുടെ കൈകളിലേയ്ക്ക് ഒരു ഫയല്‍ കിട്ടി. മി. നരേന്ദ്ര മോദിയുമായുള്ള അവരുടെ അഭിമുഖമായിരുന്നു അത്. 

ചായ കുടിച്ചുകൊണ്ടിരിക്കേ, വേണമെങ്കില്‍ ഓരോ ചോദ്യം വീതം അവര്‍ക്ക് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹവുമായുള്ള അഭിമുഖം വൃത്തിയായി ടൈപ്പ് ചെയ്ത്, ഫോള്‍ഡറിലാക്കി അവരുടെ കൈകളില്‍ മുന്‍കൂട്ടി എത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട മാധ്യമഗ്രൂപ്പുകള്‍ക്ക് പ്രത്യേകമായി പ്രധാനമന്ത്രി അനുവദിച്ച അഭിമുഖത്തിന്‍റെ അവസാനം അങ്ങനെയായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ഇംഗ്ലീഷ് വാര്‍ത്താ അവതാരകനായ അര്‍ണബ് ഗോസ്വാമി പ്രധാനമന്ത്രിയുമായി അഭിമുഖം നടത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്. മോദി നേരത്തേ പരിശോധിച്ച് അംഗീകരിച്ച ചോദ്യങ്ങള്‍ മാത്രമാണ് അര്‍ണബിന്‍റെ അഭിമുഖത്തിലുണ്ടായിരുന്നത് എന്നത് വളരെ വ്യക്തമായിരുന്നു. 

ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആരേയും, അവര്‍ ഇനി കടുത്ത BJP അനുകൂലികളാണെങ്കില്‍ പോലും ഭയക്കുന്ന മോദിയുടെ ഇന്ത്യയില്‍ ഇതൊരു അസാധാരണ കാര്യമല്ല. മറിച്ച്, അവര്‍ക്ക് ഇതാണ് വളരെ സ്വാഭാവികമായ രീതി. ലളിതമായ ഒരു അഭിമുഖത്തിനു പോലും പ്രധാനമന്ത്രി ഇരുന്നു തരാന്‍ തയ്യാറല്ല എന്ന വസ്തുത നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. 

ഒരു ഫ്രഞ്ച് പാഠം
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്‍റെ അധികാരം ജനാധിപത്യത്തിന് നിരക്കാത്ത പല പതിവുകളും തുടങ്ങി വയ്ക്കാനാണ് മോദി ഉപയോഗിച്ചു വരുന്നത്. ജനാധിപത്യപരമായി ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മാധ്യമങ്ങളെ അനുവദിക്കാതിരിക്കുക എന്നതാണ് അതിലൊന്ന്. 

പക്ഷേ ഏകപക്ഷീയമായ തന്‍റെ പി‌ആര്‍ തന്ത്രം പ്രശസ്ത ഫ്രഞ്ച് ദിനപ്പത്രമായ ‘ലെ മോണ്ട്’ (Le Mont)നു നേരെ പ്രയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ അതിനനുവദിച്ചില്ല. 2015ലെ വേനലില്‍ മോദി നടത്തിയ യൂറോപ്യന്‍ പര്യടനത്തിലായിരുന്നു ഇതു സംഭവിച്ചത്. 

അവരുടെ സൌത്ത് ഏഷ്യ കറസ്പോണ്ടെന്‍റ്  ആയ ജൂലിയന്‍ ബൂഴ്സു ട്വീറ്റ് ചെയ്തത് “നരേന്ദ്ര മോദിയുമായി നേരിട്ടു സംവദിക്കാതെ, ഞങ്ങള്‍ക്ക് എഴുതിത്തരുന്ന ഉത്തരങ്ങള്‍ ഉപയോഗിക്കണമെന്നു പറഞ്ഞതോടെ അദ്ദേഹവുമായുള്ള അഭിമുഖം പ്രസിദ്ധീകരിക്കാന്‍  ലെ മോണ്ട് വിസമ്മതിച്ചു” എന്നാണ്. 

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് മോദിയുടെ യു‌കെ സന്ദര്‍ശനത്തിനു തലേന്ന് BBC ലണ്ടനില്‍ നിന്നും സമാന പ്രതികരണമുണ്ടായി. ചോദ്യങ്ങള്‍ മുന്‍കൂട്ടി എഴുതിത്തരണമെന്നു പറഞ്ഞതോടെ അവര്‍ അതിനു വിസമ്മതിച്ച് അഭിമുഖം നിരാകരിച്ചു. 

എന്നാല്‍ ഇന്ത്യയില്‍ ഇതിനു നേര്‍വിപരീതമാണ് നടക്കുന്നത്. നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ട ജനാധിപത്യ സമ്പ്രദായങ്ങളെ മോദി ഇടിച്ചു നിരത്തുമ്പോള്‍ അധികാരകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാര്‍ഗ്ഗം തുറന്നു കിട്ടാനുള്ള ആര്‍ത്തി കൊണ്ട് തങ്ങളുടെ വിശ്വാസ്യത വരെ നഷ്ടപ്പെടുത്തി ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ അധ:പതിച്ചു കൊണ്ടിരിക്കുകയാണ്. 

നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ നട്ടെല്ലില്ലായ്മ മൂലം വിശുദ്ധമായ ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്നതില്‍ മോദിയും കൂട്ടരും മുന്നേറിക്കൊണ്ടിരിക്കുകയാണ്. അധികാരത്തിലിരിക്കുന്നവരോട് സ്വതന്ത്രമായി ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള സ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുന്ന അവകാശങ്ങളില്‍ പ്രധാനം. 

BC 500നടുപ്പിച്ച് ഏഥന്‍സില്‍ ജനാധിപത്യം ഉടലെടുത്തപ്പോള്‍ അതിന് ശ്രദ്ധേയമായ രണ്ടു പ്രത്യേകതകളുണ്ടായിരുന്നു: വിവിധ ഗവണ്‍മെന്‍റ്, നീതിന്യായ സ്ഥാനങ്ങളില്‍ സാധാരണക്കാരായ ജനങ്ങളെ നിയമിക്കുന്നതായിരുന്നു അതിലൊന്ന്. അര്‍ഹരായ എല്ലാ പൌരന്മാര്‍ക്കും നിയമസഭയില്‍ സംസാരിക്കാനും വോട്ട് ചെയ്യാനുമുള്ള അവകാശമായിരുന്നു രണ്ടാമത്തേത്. 

ജനാധിപത്യം പുരോഗമിച്ചിട്ടുണ്ടാവാം. ഇന്ന് തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ് എല്ലാവരെയും സംസാരിക്കാന്‍ അനുവദിക്കുക എന്നത് പ്രായോഗികമല്ല. അതുകൊണ്ട് ഈ വികസന പ്രക്രിയയില്‍ സ്വതന്ത്ര മാധ്യമങ്ങള്‍ പൌരന്മാരെ പ്രതിനിധീകരിച്ച് ചോദ്യങ്ങള്‍ ചോദിക്കാനാരംഭിച്ചു. ഭയമോ ചായിവുകളോ ഇല്ലാതെ ഭരണാധികാരികളെ ചോദ്യം ചെയ്യുക എന്നത് അവരുടെ പരിശുദ്ധ ധര്‍മമായി. ആ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം പറയുക എന്നത് അധികാര സ്ഥാനങ്ങളിലുള്ളവരുടെയും പരിശുദ്ധ ധര്‍മമായി.

എന്നാല്‍ ഇന്നത്തെ ഇന്ത്യയുടെ മാധ്യമങ്ങളും ഭരണാധികാരിയും ഈ ജനാധിപത്യ നിയമം മറന്നിരിക്കുകയാണ്. അടിയന്തിരാവസ്ഥക്കാലത്തെ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ പറ്റി മോദിയുടെ മാര്‍ഗ്ഗദര്‍ശിയായ എല്‍ കെ അദ്വാനി പറഞ്ഞ പ്രശസ്തമായ വാക്കുകള്‍ ഓര്‍ക്കുന്നത് ഉചിതമായിരിക്കും: “കുനിയാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഇഴഞ്ഞു.”

This post was last modified on July 6, 2016 7:57 am

Related Post
Leave a Comment