X

അമേരിക്കയില്‍ രാഷ്ട്രീയം തിളച്ചുമറിയുന്നു; രാഷ്ട്രമീമാംസകര്‍ക്ക് അത്ര ‘നല്ല’ വാര്‍ത്തയല്ല ഇത്

ഡാനിയല്‍ ഡബ്ല്യു. ഡ്രെസ്നര്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

രാഷ്ട്രമീമാംസകന്‍ എന്ന നിലയിലുള്ള തുടക്കകാലത്ത് ഞാന്‍ പഴയ അമേരിക്കന്‍ രാഷ്ട്രതന്ത്രജ്ഞരുടെ ലേഖനങ്ങള്‍ വായിച്ചപ്പോള്‍, രണ്ടു കാര്യങ്ങളാണ് അമേരിക്കന്‍ രാഷ്ട്രീയത്തെ കുഴക്കുന്നതായി കണ്ടത്: പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടികളുടെ അഭാവവും അമേരിക്കന്‍ ജനതയ്ക്ക് രാഷ്ട്രീയത്തോടുള്ള താല്‍പ്പര്യമില്ലായ്മയും.

ഇപ്പോള്‍ കാലഹരണപ്പെട്ടു പോയ പഴയ ചില പ്രബന്ധങ്ങള്‍ വായിക്കുമ്പോള്‍ ചിരി വരും. അപ്പോള്‍ ഓര്‍മ വരിക പണ്ട് കുടുംബത്തോടെ വെക്കേഷന് പോകുമ്പോള്‍ നിര്‍ത്താതെ രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്ന എന്‍റെ അപ്പൂപ്പനെയും അമ്മൂമ്മയെയും അമ്മാവന്മാരെയും അമ്മായിമാരെയും ഒക്കെയാണ്. ചിലപ്പോഴൊക്കെ ആ ചര്‍ച്ചകള്‍ രസകരമായിരുന്നു. രാഷ്ട്രമീമാംസയില്‍ ഡോക്ടറേറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിന്‍റെ ബലത്തില്‍ ഉണ്ടാക്കിയെടുത്ത അഭിപ്രായങ്ങള്‍‍ പറയാന്‍ ഞാനും വല്ലപ്പോഴും ശ്രമിക്കുമായിരുന്നു.

പക്ഷേ ആരും അത് കാര്യമാക്കി എടുക്കാറില്ല. എന്‍റെ മാതാപിതാക്കളുടെ തലമുറയാകട്ടെ, കൌമാര കാലത്ത് ഞാന്‍ സ്ഥിരം പേഴ്സ് കൊണ്ടുപോയി കളഞ്ഞതും വെക്കേഷന് വേണ്ടി ഡ്രെസ്സ് അടുക്കുമ്പോള്‍ അണ്ടര്‍വെയര്‍ മറന്നതും ഒക്കെയാണ് രാഷ്ട്രമീമാംസ പഠനത്തേക്കാള്‍ ഓര്‍മിച്ചു വയ്ക്കുന്നത്.

കുടുംബത്തിലെ ചര്‍ച്ചകളില്‍ എനിക്കു വലിയ കാര്യമൊന്നുമില്ലെന്ന് ഞാന്‍ ക്രമേണ മനസിലാക്കി. ഒരു കണക്കിന്, എനിക്ക് ഇഷ്ടമുള്ളതു വായിക്കാനുള്ള സമയം അതുവഴി കിട്ടി. പൊതുമദ്ധ്യത്തില്‍ രാഷ്ട്രീയം സംസാരിക്കാതെയിരിക്കുക എന്നത് എനിക്ക് ശീലമായി. ആ നിശ്ശബ്ദത ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങി.

ഇനി 2016ലേയ്ക്ക് പോകാം. മൂന്നു കാര്യങ്ങളിലാണ് ഈ വര്‍ഷം മാറ്റമുണ്ടായത്:

1. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ പ്രത്യയശാസ്ത്രപരമായി. 

2. അമേരിക്കക്കാര്‍ രാഷ്ട്രീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 

3. എന്‍റെ കുടുംബവും കൂട്ടുകാരുമൊക്കെ എന്നെയൊരു രാഷ്ട്രീയ വിദഗ്ദ്ധനായി കാണാന്‍ തുടങ്ങി; അസഹ്യമാണെങ്കിലും.

അവസാനം പറഞ്ഞ കാര്യം ഞാന്‍ തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ഈ വര്‍ഷം ആദ്യമാണ്. ക്ലിന്‍റനെ അനുകൂലിക്കുന്ന എന്‍റെ ഭാര്യയും സാന്‍ഡേഴ്സിനെ അനുകൂലിക്കുന്ന മകനും എന്നും അത്താഴം കഴിക്കുമ്പോള്‍ GOP (റിപ്പബ്ലിക്കന്‍ പാര്‍ട്ടി)യുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും പ്രൈമറികളെ പറ്റി എന്നോട് അഭിപ്രായം ചോദിക്കാന്‍ തുടങ്ങി. (പാവം എന്‍റെ മകള്‍ക്ക് രാഷ്ട്രീയത്തെ ചൊല്ലി വിഷമിക്കാന്‍ മാത്രം പ്രായമായിട്ടില്ല. എന്നാല്‍, പൊതുവേ കുടിക്കാത്ത അവളുടെ ഡാഡി എപ്പോള്‍ ടി‌വിയില്‍ ചര്‍ച്ചകള്‍ വന്നാലും മദ്യപിക്കുന്നത് അവളെ വിഷമിപ്പിച്ചിരുന്നു.) പ്രൈമറികള്‍ തുടര്‍ന്നിരുന്ന സമയത്ത് സുഹൃത്തുക്കളുമായി പുറത്ത് ഡിന്നറിനു പോകുമ്പോഴൊക്കെ കൂടുതല്‍ സംസാരവും രാഷ്ട്രീയത്തെ കുറിച്ചായിരുന്നു. അച്ഛനമ്മമാരെ ഫോണില്‍ വിളിച്ചാല്‍ സംഭാഷണം 2016 ഇലക്ഷനെ പറ്റിയുള്ള ചോദ്യോത്തരവേളയായി മാറുമായിരുന്നു. അവരുടെ കൂടെ മനോഹരമായ ഒരു വെക്കേഷന്‍ കഴിഞ്ഞു തിരിച്ചെത്തിയതേയുള്ളൂ ഞാനും കുടുംബവും. എന്നു പറയുമ്പോള്‍, ബ്രെക്സിറ്റിനെ കുറിച്ചും ട്രംപിനെ കുറിച്ചും ഇവ തമ്മിലുള്ള താരതമ്യത്തെ കുറിച്ചുമൊക്കെ ഇടവിടാതെ എന്‍റെ നേരെ ഉയര്‍ന്നിരുന്ന ചോദ്യങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ വളരെ മനോഹരമായ വെക്കേഷന്‍.

ഇതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഞാന്‍ പരാതി പറയുകയാണെന്ന്: “പാവം ഡ്രെസ്നര്‍, നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളുമൊക്കെ നിങ്ങളെ ഒരു വിദഗ്ദ്ധനായി കാണക്കാക്കുന്നു. എന്തൊരു കഷ്ടമാണത്!” അതാണ് വാസ്തവം.

2016ലെ ഇലക്ഷന്‍ ന്യായമായും രസകരമാണ്. ബ്രിട്ടനിലെ രാഷ്ട്രീയ കോലാഹലങ്ങള്‍ കണ്ടാല്‍ ‘ഹൌസ് ഓഫ് കാര്‍ഡ്സ്” (പൊളിറ്റിക്കല്‍ ഡ്രാമ ആസ്പദമാക്കിയുള്ള ഒരു അമേരിക്കന്‍ ടി‌വി സീരീസ്) ഒക്കെ അതിലുമെത്ര ശക്തവും യഥാര്‍ത്ഥവുമാണെന്ന് തോന്നിപ്പോകും. അതുപോലെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഇലക്ഷന്‍ വച്ചു നോക്കുമ്പോള്‍ റിയാലിറ്റി ഷോകളിലൊക്കെ എന്താണുള്ളത്! അമേരിക്കക്കാര്‍ ഇതൊക്കെ താല്‍പ്പര്യപൂര്‍വ്വം ആസ്വദിക്കുകയാണ്. അതു വേണംതാനും. കാരണം യോഗ്യതയില്ലാത്ത, അസഹിഷ്ണുവായ ഒരു മര്‍ക്കടമുഷ്ടിക്കാരനെ നമ്മള്‍ തെരഞ്ഞെടുത്ത് വൈറ്റ്ഹൌസിലെത്തിക്കാനുള്ള സാദ്ധ്യത ഏകദേശം അഞ്ചില്‍ ഒന്നാണ്.

എന്നെപ്പോലെയുള്ള രാഷ്ട്രതന്ത്രജ്ഞരെ തളര്‍ത്തിയ വര്‍ഷമാണിത്. ബാര്‍ബിക്യൂ കഴിക്കാന്‍ നില്‍ക്കുന്ന ഒരു ഡോക്ടറുടെ അടുത്തു ചെന്ന്, ഏതെങ്കിലും അസുഖത്തെ കുറിച്ച്, വളരെ നിരുപദ്രവകരം എന്നു നമുക്ക് തോന്നുന്ന ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവര്‍ക്കെന്താണ് തോന്നുക എന്ന് എനിക്കിപ്പോള്‍ മനസിലാവുന്നുണ്ട്. ദിവസം മുഴുവന്‍ ജോലിയെടുത്ത് വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ചോദിക്കാനുള്ളതും ജോലിസംബന്ധമായ വിഷയങ്ങള്‍ മാത്രമാണെങ്കില്‍ ജീവിതത്തില്‍ പിന്നെ വേറെയൊന്നുമുണ്ടാവില്ല. രാഷ്ട്രീയത്തെ കുറിച്ചു പറയുന്ന, രാഷ്ട്രീയത്തെ കുറിച്ചു മാത്രം പറയുന്ന ഒരവസ്ഥയിലേയ്ക്ക് എന്‍റെ പ്രൊഫഷണല്‍ ജീവിതവും വ്യക്തിജീവിതവും ഇഴുകി ചേര്‍ന്ന വര്‍ഷമായിരിക്കുകയാണ് 2016. പൊളിറ്റിക്കല്‍ സയന്‍റിസ്റ്റ് എന്ന നിലയ്ക്ക് പറയട്ടെ, ജീവിതത്തില്‍ രാഷ്ടീയത്തിനപ്പുറം ഒരുപാട് കാര്യങ്ങളുണ്ട്.

വേറൊന്നു കൂടിയുണ്ട്: രാഷ്ട്രീയത്തില്‍ ആള്‍ക്കാരെ രസിപ്പിക്കുന്ന പലതും ഞങ്ങള്‍ രാഷ്ട്രതന്ത്രജ്ഞര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ പ്രയാസമുള്ള കാര്യങ്ങളാണ്. പൊതുവില്‍ രാഷ്ട്രീയരംഗം കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. GOP (റിപ്പബ്ലിക്കന്‍ പാര്‍ട്ടി) യുടെ നോമിനേഷന്‍ ഡൊണാള്‍ഡ് ട്രംപിന് കിട്ടേണ്ടതല്ല. ബേണി സാന്‍ഡേഴ്സ് ഹിലരി ക്ലിന്‍റണെ രാഷ്ടീയ നിലനില്‍പ്പിന്‍റെ അങ്ങേയറ്റത്ത് എത്തിക്കേണ്ടതായിരുന്നില്ല. സാമ്പത്തികമാന്ദ്യത്തില്‍ കലാശിക്കുമെന്ന് കാര്യഗൌരവമുള്ള എല്ലാ സാമ്പത്തികശാസ്ത്രജ്ഞരും ഉപദേശിച്ചിട്ടും ഒരു ഹിതപരിശോധനയ്ക്ക് ബ്രിട്ടന്‍ തയ്യാറാവേണ്ടിയിരുന്നില്ല. കാരണങ്ങളെ പറ്റിയുള്ള വിശകലനങ്ങള്‍ നടത്തുന്ന ഞങ്ങളുടെ രീതികളൊന്നും ശരിയായി പ്രവര്‍ത്തിക്കാത്ത ഈ സമയത്തു തന്നെ ലോകം കിറുക്ക് പിടിച്ച പോലെ പെരുമാറുന്നതെന്ത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

ലോകത്തിനു മേല്‍ തങ്ങള്‍ക്ക് സ്വാധീനമോ സമ്മര്‍ദ്ദമോ ചെലുത്താനാവാത്തതിനെ പറ്റി, തങ്ങളെയാരും ശ്രദ്ധിക്കാത്തതിനെ പറ്റി കാലങ്ങളായി പൊളിറ്റിക്കല്‍ സയന്‍റിസ്റ്റുകള്‍ വിലപിക്കുന്നുണ്ട്. ഈ വര്‍ഷത്തെ കാര്യങ്ങള്‍ കാണുമ്പോള്‍ മനസിലാവുന്നത് രാഷ്ട്രീയം അനുസ്യൂതം തുടരുകയാണ്. എല്ലാവര്‍ക്കും അതിനെ പറ്റിയുള്ള ഞങ്ങളുടെ അഭിപ്രായമറിയണം. ഞങ്ങളാണെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നൊരു ഇടവേളയെടുക്കാന്‍ കൊതിക്കുകയാണ്.

രാഷ്ട്രീയപ്രക്ഷോഭങ്ങളുടെ ഈ കാലത്ത് എനിക്കു നിങ്ങള്‍ ഒരു സഹായം ചെയ്യണം. ജീവിക്കാന്‍ വേണ്ടി പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കുന്ന ഏതെങ്കിലും ബന്ധുവിനെയോ സുഹൃത്തിനെയോ കണ്ടാല്‍ അവരോടു രാഷ്ട്രീയം ചര്‍ച്ച ചെയ്യരുത്. അവര്‍ക്ക് വേണമെന്നുണ്ടെങ്കില്‍ സ്വയം ആ വിഷയമെടുത്തിട്ടോളും. അല്ലെങ്കില്‍ സ്വസ്ഥമായി തങ്ങളുടെ ബിയറോ ഹോട്ട്ഡോഗോ ബോള്‍ഗെയ്മോ ആസ്വദിക്കാനായി അവരെ വിട്ടേക്കുക. ഒരു ബ്രേക്ക് അവര്‍ക്കും ആവശ്യമാണ്.

This post was last modified on July 6, 2016 7:25 am

Related Post
Leave a Comment