X

ഇന്ത്യയുടെ ഭാവി നിശ്ചയിക്കേണ്ടയാള്‍ ഭൂതകാലത്തെ കുടഞ്ഞുകളയണം

ധീരജ് നയ്യാര്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)

ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഒരു വര്‍ഷം മുമ്പ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എല്ലാത്തിനും ഉപരിയായി ഒരു കാര്യത്തിനാണ് ആ ജനവിധി ലഭിച്ചത്: സമ്പദ് രംഗം പുനരുജ്ജീവിപ്പിക്കുക, അങ്ങനെ 125 കോടി ജനങ്ങള്‍ക്ക് തൊഴിലും അഭിവൃദ്ധിയും നല്‍കുക. ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചുള്ള തന്റെ കാഴ്ച്ചപ്പാടിനോട് മോദി പ്രതിബദ്ധത പുലര്‍ത്തുന്നു എന്നത് നല്ല വാര്‍ത്തയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍മ്മാണശാലകള്‍, പുതിയ നഗരങ്ങള്‍, വിദഗ്ദ്ധരായ തൊഴിലാളികള്‍. ഇന്ത്യയുടെ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയില്‍ അത്തരമൊരു ആധുനികവത്കരണ കാഴ്ച്ചപ്പാടില്‍ ഉറച്ചുനില്‍ക്കാന്‍ അല്‍പ്പം ധൈര്യം വേണം. പ്രത്യേകിച്ചും ഇതിനെ ധനികര്‍ക്ക് വേണ്ടിയുള്ള പരിപാടിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുമ്പോള്‍. 

നയരംഗത്താണ് പലതരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്. സാമ്പത്തിക പരിഷ്‌കരണങ്ങളോടുള്ള മോദിയുടെ സമീപനം creative incrementalism എന്നു സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വിശേഷിപ്പിച്ചത് ഒരു നിശ്ചിത സമയക്രമത്തിനുള്ളില്‍ ഇന്ത്യയെ ഒരു ആധുനിക സമൃദ്ധ രാഷ്ട്രമാക്കിത്തീര്‍ക്കാന്‍ പോന്നതല്ല. 

മോദിയുടെ പല നയങ്ങളും ശരിയായ ദിശയിലാണ്. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദിശാബോധമില്ലാത്ത കാലത്തുനിന്നുമുള്ള സ്വാഗതാര്‍ഹമായ മാറ്റം. ഉടനെയല്ലെങ്കിലും, ക്രമേണ അത് കോടിക്കണക്കിനു ഡോളറിന്റെ നിക്ഷേപം വരുത്തും, വളര്‍ച്ചയെ വേഗത്തിലാക്കും. പൊതു ചെലവിലെ അച്ചടക്കത്തിലും പണപ്പെരുപ്പ കൈകാര്യത്തിലും ഭൂമി, തൊഴില്‍ നിയമ പരിഷ്‌കരണങ്ങളിലും ഇന്ത്യയില്‍ വ്യാപാരം ചെയ്യുന്നത് സുഗമമാക്കാനുമൊക്കെ സര്‍ക്കാര്‍ വ്യക്തമായ പ്രതിബദ്ധത കാണിച്ചിട്ടുണ്ട്. 

അല്‍പ്പാല്‍പ്പമായുള്ള പരിഷ്‌കരണത്തിന്റെ കുഴപ്പം എന്താണെന്നുവെച്ചാല്‍ അത് ഇന്ത്യക്ക് മേല്‍ ഭാരമായി തുടരുന്ന മോശം നയങ്ങളെയും രീതികളെയും പറിച്ചെറിയുന്നില്ല എന്നാണ്. പാതി നടപടികള്‍ തിരിച്ചടിക്കും. കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ നികുതി വകുപ്പുദ്യോഗസ്ഥര്‍ വിദേശ സ്ഥാപന നിക്ഷേപകരെയും ബഹുരാഷ്ട്ര കമ്പനികളെയും പിഴയടപ്പിക്കാന്‍ പഴയ നിയമങ്ങള്‍ ഉപയോഗിച്ചപ്പോള്‍ മോദിക്കിത് മനസിലായിക്കാണും. നിക്ഷേപകരെ സംബന്ധിച്ചു അത്തരം ‘നികുതി ഭീകരത’ നടപടികള്‍ മോദി സര്‍ക്കാര്‍ ചെയ്ത മറ്റ് നല്ല കാര്യങ്ങളെ തത്കാലത്തേക്കെങ്കിലും അപ്രസക്തമാക്കി. നികുതിപിരിവുകാരില്‍ നിന്നും ഈ ആയുധം എന്നത്തേക്കുമായി എടുത്തുകളയുകയാണ് വേണ്ടത്. 

പ്രതിപക്ഷം രാജ്യസഭയില്‍ തടസം സൃഷ്ടിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഭേദഗതി അംഗീകരിപ്പിക്കാനുള്ള മോദിയുടെ ശ്രമങ്ങളും ഇങ്ങനെ മുന്‍കാല ശേഷിപ്പില്‍ തട്ടി കിടക്കുകയാണ്. ഈ മോശം നിയമം 2013ല്‍ അംഗീകരിച്ചപ്പോള്‍ മോദിയുടെ കക്ഷി പൂര്‍ണ പിന്തുണ നല്‍കി. എങ്കില്‍ ഇപ്പോളെന്തിന് ഭേദഗതി വരുത്തുന്നു എന്ന് പ്രതിപക്ഷത്തിന് ന്യായമായും ചോദിക്കാം. ഈ നിയമം പൂര്‍ണമായും എടുത്തുകളഞ്ഞുകൊണ്ട് ഇന്ത്യയിലെ 29 സംസ്ഥാനങ്ങളോടും അവര്‍ക്കുവേണ്ട ഭൂനിയമം സ്വന്തമായി ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയാണ് മോദി ചെയ്യേണ്ടിയിരുന്നത്. അതുപോലെ വരിഞ്ഞുകെട്ടുന്ന തൊഴില്‍ നിയമങ്ങള്‍ പര്‍ഷ്‌കരിക്കാന്‍ നാടകീയമായ എന്തെങ്കിലും ചെയ്യേണ്ടതിന് പകരം ഇന്ത്യ സോഷ്യലിസ്റ്റ് പാതയില്‍ നീങ്ങിയിരുന്ന, 60 കൊല്ലം മുമ്പുണ്ടാക്കിയ തൊഴില്‍ നിയമങ്ങളുമായി തട്ടിക്കളിക്കുകയാണ്. 

ഇന്ത്യയിലെ പൊതു മേഖലാ കമ്പനികളുടെ കാര്യത്തിലാണ് മോദിയുടെ ഈ സമീപനം കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത്. കുറച്ചു സര്‍ക്കാര്‍ എന്ന വാഗ്ദാനം നല്‍കിയ മോദി പിടിപ്പുകെട്ട കൂറ്റന്‍ പൊതുമേഖലാ സ്ഥാപനങ്ങളെ അങ്ങനെ തന്നെ പോകാന്‍ അനുവദിക്കുകയാണ്. കഴിഞ്ഞ ഒന്നര ദശാബ്ദമായി പൊതുമേഖല ടെലികോം കമ്പനികളായ BSNL-നും MTNL-നും അവയുടെ സ്വകാര്യ മേഖലാ എതിരാളികളുമായി മത്സരിക്കാന്‍ ആവുന്നില്ല. നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയുടെ കഥയും വ്യത്യസ്തമല്ല. മോദി മികച്ച കൈകാര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കാലങ്ങളായി സോഷ്യലിസ്റ്റ് ചിന്താരീതിയുടെ ഭാരം പേറുന്ന ഈ കമ്പനികളെ മാറ്റിമറിക്കാന്‍ അതിനാവില്ല. വൈദഗ്ദ്ധ്യമില്ലാത്ത അധിക ജീവനക്കാരുള്ള ഈ സ്ഥാപനങ്ങള്‍ പുനസംഘടിപ്പിക്കാന്‍ ശ്രമിച്ചാല്‍ തൊഴിലാളി സമരത്തിന്റെ ഭീഷണി ഉയരും. ഈ കമ്പനികളില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുന്നതിന്റെ വിദൂര സാധ്യത പോലും കഴിഞ്ഞ വര്‍ഷം തരുന്നില്ല. 

സര്‍ക്കാരിന്റെ കല്‍ക്കരി ഖനന കുത്തക, കോള്‍ ഇന്ത്യ, പുനരവലോകനം ചെയ്യാന്‍ മോദിക്ക് സുവര്‍ണാവസരമാണ് ലഭിച്ചത്. കല്‍ക്കരിപ്പാട അനുമതി സുതാര്യവും അഴിമതിരഹിതവുമായി നടത്തിയതിന് അനുയായികള്‍ പ്രശംസിക്കുമെങ്കിലും ഈ മേഖലയിലെ കുത്തക അവസാനിപ്പിക്കാതെ അത് വേണ്ട ഗുണം ചെയ്യില്ല. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കല്‍ക്കരിക്കുള്ള ആവശ്യം കൂടുകയും പരിഷ്‌കരണ നടപടികള്‍ ഏല്‍ക്കാത്ത കോള്‍ ഇന്ത്യക്കു അത് നേരിടാന്‍ സാധിക്കാതെയും വന്നാല്‍ മോദിയുടെ മറ്റ് പല പദ്ധതികളും തടസപ്പെടും. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇനിയുള്ള ഭരണകാലത്ത് മോദിയുടെ മുന്നിലെ യഥാര്‍ത്ഥ വെല്ലുവിളി ഇതാണ്: ഇന്ത്യയിലെ ഭൂരിഭാഗം നിയമങ്ങളും ചട്ടങ്ങളും (പ്രത്യേകിച്ചും സാമ്പത്തിക മേഖലയില്‍) മോദി ആഗ്രഹിക്കുന്നു എന്ന് പറയുന്ന ഒരു ആധുനിക, വിപണി നയിക്കുന്ന ഇന്ത്യയില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒരു ഭരണസംവിധാനത്തില്‍ ഉണ്ടാക്കിയതാണ്. ഇതുവരെ മനസിലാകുന്ന ഒരു കാര്യം, ചില ചെറിയ മാറ്റങ്ങളോടെ ഇതേ വ്യവസ്ഥ തന്നെ ഇന്ത്യയെ മാറ്റിതീര്‍ക്കാന്‍ തനിക്ക് ഉപയോഗിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു എന്നാണ്. അതിനാകില്ല എന്ന് പെട്ടെന്നുതന്നെ അദ്ദേഹം തിരിച്ചറിയും. ഉദ്യോഗസ്ഥവൃന്ദവും ചുവപ്പ് നാടയും എല്ലാം ചേര്‍ന്ന മാറ്റത്തോട് വിമുഖത പ്രഖ്യാപിക്കുന്ന കുരുക്കുകള്‍ കുപ്രസിദ്ധമാണ്. ഇതെല്ലാം ഒറ്റയടിക്കാണ് ഇല്ലാതാക്കേണ്ടത്. 

അങ്ങനെ ചെയ്യാന്‍ മോദി തയ്യാറാകുന്നില്ലെങ്കില്‍ മുന്‍ഗാമിയേക്കാള്‍ മെച്ചപ്പെട്ട ഒരു സര്‍ക്കാരിനെ അദ്ദേഹം നല്‍കും. കുറഞ്ഞ അഴിമതിയും കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക കൈകാര്യവും ഉള്ള ഒന്ന്. നല്‍കാന്‍ സാധിക്കാതെ പോകുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹം വാഗ്ദാനം ചെയ്ത ചടുലവും സമൂലവുമായ ഒരു മാറ്റത്തിന്റെ ആകാശം മുട്ടുന്ന പ്രതീക്ഷകളുടെ സാക്ഷാത്ക്കാരമാണ്. രാജ്യം ശരിയായ ദിശയിലായിരിക്കാം പോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ അത് 12 മാസങ്ങള്‍ക്ക് മുമ്പ് പല ഇന്ത്യക്കാരും കരുതിയതിനെക്കാള്‍ നീണ്ട യാത്രയായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on May 26, 2015 9:52 am